Gulf
മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

റിയാദ് | ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ഗൾഫ് രാജ്യങ്ങളിലും ചെറിയപെരുന്നാള്‍ വ്യാഴാഴ്ച ആഘോഷിക്കും. സഊദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റെെൻ, കുവെെത്ത് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പെരുന്നാൾ. ഇന്തോനേഷ്യ, മലേഷ്യ എന്നവിടങ്ങളിലും വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ഒമാനിൽ നാളെ പ്രഖ്യാപിക്കും.
സഈദിയിൽ മാസപ്പിറവി നിരീക്ഷണ സമിതികളുടെ മേൽനോട്ടത്തിൽ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവിക്കായി പ്രത്യേക സജ്ജീകരങ്ങളായിരുന്നു ഒരുക്കിയിരുന്നത്. നേരത്തെ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
ദുബൈയിൽ ഈദുഗാഹുകളിൽ പെരുന്നാൾ നിസ്കാരത്തിന് അനുമതി നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നിസ്കാരത്തിന് അരമണിക്കൂർ മുമ്പ് മാത്രം പ്രവേശനം, നിസ്കാരം കഴിഞ്ഞാൽ ഉടൻ അടക്കണം, തിരക്കും സംഗമങ്ങളും പാടില്ല. മുസ്വല്ല വ്യക്തികൾ കൊണ്ടുവരണം തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.
കേരളത്തിലും ഇത്തവണ വ്യാഴാഴ്ചയാണ് പെരുന്നാള്‍. മുപ്പത് ദിവസത്തെ വ്രതാനുഷ്ടാനം പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്.