Connect with us

Editorial

കൊറോണ ജൈവായുധമോ?

Published

|

Last Updated

ചൈനയുടെ ജൈവായുധ പരീക്ഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ ചോര്‍ന്നതാകാം ലോകത്താകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസെന്ന് 2020 ജനുവരിയില്‍ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ വാഷിംഗ്ടണ്‍ ടൈംസ് സന്ദേഹം പ്രകടിപ്പിച്ചിരുന്നു. ചൈനീസ് നഗരമായ വുഹാനിലെ ജനവാസമില്ലാത്ത ഒരു മലമുകളിലാണ് വൈറസുകളെക്കുറിച്ച് പഠനം നടത്തുന്ന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പ്രവര്‍ത്തിക്കുന്നത്. മാരക വൈറസുകളുടെ ശേഖരം തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്ളതായും ഏഷ്യയില്‍ ഏറ്റവുമധികം വൈറസ് ശേഖരമുള്ളത് ഇവിടെയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. മാരക വൈറസുകളെ കൈകാര്യം ചെയ്യാനുള്ള സുരക്ഷ ഈ ലാബിനില്ലാത്തതാണ് വൈറസ് അബദ്ധത്തില്‍ പുറത്തു പോകാന്‍ ഇടയാക്കിയതെന്നും പറയപ്പെട്ടു. 2002ല്‍ സാര്‍സ് രോഗം പടര്‍ന്നു തുടങ്ങിയതിനു ശേഷം ഫ്രാന്‍സുമായുള്ള സഹകരണത്തിലൂടെ നിര്‍മിച്ചതാണ് വുഹാനിലെ ജൈവ പരീക്ഷണശാല. ചൈനീസ് ലാബുകളില്‍ നിന്ന് ഇതിനു മുമ്പ് സാര്‍സ് വൈറസ് ചോര്‍ന്നതായും വാര്‍ത്ത വന്നിരുന്നു. ഈ ആരോപണങ്ങള്‍ ഫെബ്രുവരിയില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാടേ നിഷേധിച്ചു.

അതേസമയം, വാഷിംഗ്ടണ്‍ ടൈംസിന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങള്‍. മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രവചനത്തിന്റെ രേഖകള്‍ യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു ലഭിച്ചിരിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായും രേഖകള്‍ പറയുന്നുണ്ടത്രെ. ഈ വൈറസുകളെ “ജൈവായുധങ്ങളുടെ പുതിയ യുഗ”മായിട്ടാണ് അതില്‍ വിശേഷിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ തുടരുന്നു.
ആരോപണം അമേരിക്കയുടേതും പടിഞ്ഞാറന്‍ മാധ്യമങ്ങളുടേതുമായതിനാല്‍ അത്ര വേഗം വിശ്വസിക്കാന്‍ പ്രയാസം. കൊടിയ ശത്രുതയില്‍ കഴിയുന്ന അമേരിക്കക്കും ചൈനക്കുമിടയില്‍ ഇത്തരം ആരോപണങ്ങള്‍ സാധാരണമാണ്. അതേസമയം മാരകമായ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കളെ തന്ത്രപരമായി ശത്രുരാജ്യങ്ങളിലേക്ക് വിടുന്നത് യുദ്ധത്തിന്റെ പുതിയ വകഭേദമായി മാറിയിട്ടുണ്ടെന്നത് വസ്തുതയുമാണ്. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണിന്ന് ജൈവായുധങ്ങള്‍. അമേരിക്ക, റഷ്യ, ചൈന, ഇറാന്‍, ഉത്തര കൊറിയ, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ജപ്പാന്‍, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ഈ സാങ്കേതികവിദ്യ കൈവശമുണ്ട്. വസൂരി, മലേറിയ, കോളറ, എബോള, ആന്ത്രാക്‌സ് തുടങ്ങി ഒരുകാലത്തെ പല മാരക രോഗങ്ങളുടെയും കാരണക്കാരായ അണുക്കളുടെ സാമ്പിളുകള്‍ ഇങ്ങനെ ജൈവായുധ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യരെയോ മൃഗങ്ങളെയോ സസ്യജാലങ്ങളെയോ നശിപ്പിക്കാന്‍ ശേഷിയുള്ള രോഗാണുക്കളെയാണ് ജൈവായുധമായി ഉപയോഗിക്കുന്നത്. ഇരുതല മൂര്‍ച്ചയുള്ള ഒരായുധവുമാണിത്. ജൈവായുധം പ്രയോഗിച്ചാല്‍ ശത്രുരാജ്യത്ത് മാത്രമല്ല, മറ്റു പ്രദേശങ്ങളിലേക്കും, പ്രയോഗിച്ച രാജ്യത്തേക്കു തന്നെയും തിരിച്ചെത്താനും സാധ്യതയുണ്ട്. പൊതുവെ മനുഷ്യരെയാണ് ജൈവായുധങ്ങള്‍ ലക്ഷ്യം വെക്കുന്നതെങ്കിലും ജന്തുക്കളെയും വിളകളെയും നശിപ്പിക്കുന്ന ജൈവായുധങ്ങളും പ്രയോഗിക്കാറുണ്ട.് ശത്രുക്കളെ സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കാനാണിത്.

യുദ്ധത്തില്‍ ഇത്തരം രോഗാണുക്കളുടെ ഉപയോഗത്തിന് ഏറെ കാലത്തെ ചരിത്രമുണ്ട്. ബി സി 600ന് മുമ്പ് തന്നെ വിഷച്ചെടികളുപയോഗിച്ച് ശത്രുക്കളുടെ കിണറുകളില്‍ വിഷം കലക്കുകയും എലിപ്പനി ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ശത്രുക്കളുടെ പ്രദേശത്തേക്ക് വലിച്ചെറിയുകയും പതിവുണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനിക ലോകത്ത് രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ടാണ് ജൈവായുധ പ്രയോഗത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത്. സോവിയറ്റ് പട്ടാളം ജര്‍മന്‍ സേനക്കെതിരെ ടോളറമിയ എന്ന പേരിലുള്ള മാരക ബാക്ടീരിയ ഉപയോഗിച്ചിരുന്നുവത്രെ. തൊലിപ്പുറത്ത് വൃണങ്ങളും ശക്തമായ ഛര്‍ദിയും വയറിളക്കവുമുണ്ടാക്കുന്നതാണ് ഈ ബാക്ടീരിയ. ചൈനീസ് നഗരങ്ങള്‍ക്കും യുദ്ധത്തടവുകാര്‍ക്കും നേരേ ജപ്പാനും പ്രയോഗിച്ചിരുന്നു ജൈവായുധങ്ങള്‍. രണ്ട് ലക്ഷത്തോളം ചൈനക്കാരെയാണ് ജൈവായുധം കൊന്നൊടുക്കിയതെന്നാണ് ചരിത്രം. ജപ്പാന്റെ ജൈവായുധ പരീക്ഷണങ്ങള്‍ തിരിച്ചടിച്ച് ആയിരക്കണക്കിനു ജപ്പാന്‍കാരും മരണപ്പെട്ടു. 1952ല്‍ അമേരിക്ക ഉത്തര കൊറിയക്ക് മേല്‍ ജൈവായുധം പ്രയോഗിച്ചതായും ആരോപണമുണ്ട്. 2003ല്‍ അമേരിക്കയും സഖ്യസൈന്യവും ഇറാഖിനെ അക്രമിച്ചത് സദ്ദാം ഹുസൈന്‍ ആണവ, രാസ, ജൈവായുധങ്ങള്‍ നിര്‍മിക്കുന്നുവെന്നാരോപിച്ചായിരുന്നു. എന്നാല്‍ പിന്നീടത് നുണയാണെന്ന് സ്ഥിരപ്പെട്ടിരുന്നു.

മാനവികതയുടെ അടിസ്ഥാന ക്ഷേമം, സുരക്ഷ, നിരായുധീകരണം തുടങ്ങിയവയാണ് രാഷ്ട്ര ഭരണകൂടങ്ങളും ഐക്യരാഷ്ട്ര സഭയുമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങള്‍. രാജ്യസുരക്ഷക്ക് ഭീമന്‍ തുകയാണ് ഓരോ രാജ്യങ്ങളും വിനിയോഗിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം സുരക്ഷാ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട് ആധുനിക ലോകത്ത് ജൈവായുധ നിര്‍മാണവും പ്രയോഗവും. ജീവന്‍ ഉപയോഗിച്ച് ജീവനെ വിവേചനമില്ലാതെ ഹനിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന കൊടും ക്രൂരതയാണിത്. അന്താരാഷ്ട്ര തലത്തില്‍ കര്‍ശനമായി നിരോധിച്ചതാണ് ജൈവായുധ നിര്‍മാണവും പരിശീലനവും. ഇത് പക്ഷേ പലപ്പോഴും ലംഘിക്കപ്പെടുന്നു. ഗുരുതര ഭവിഷ്യത്തുകള്‍ക്കിടയാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം പ്രതിജ്ഞയെടുക്കുകയും അത് നടപ്പില്‍ വരുത്താന്‍ സംയുക്ത നീക്കം നടത്തുകയും ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കും.

---- facebook comment plugin here -----

Latest