Covid19
കൊവിഡ് ചികിത്സാ കൊള്ള: ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി| കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.30ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പ്രത്യേക സിറ്റിംഗിലൂടെ കേസ് പരിഗണിക്കുക. ചികിത്സ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യ അശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ ഏറ്റെടുക്കുന്നത് ആലോചിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ കക്ഷികളായ ഐ എം എ, പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ എന്നിവരും കോടതിയില്‍ നിലപാട് അറിയിക്കും.
കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം വലയുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ പിപിഇ കിറ്റിന്റെയടക്കം പേര് പറഞ്ഞ് രോഗികളില്‍ നിന്ന് പതിനായിരക്കണക്കിന് രൂപ ഈടാക്കുന്നുതായി നിരവധി പരാതികളാണ് ഉയരുന്നത്.
മരുന്ന്, ലാബ് പരിശോധന ഫീസ് അടക്കമുള്ളവക്ക് കൃത്യമായ ഫീസ് കാണിക്കേണ്ടിവരുമ്പോഴും, പി പി ഇ കിറ്റ് എത്രതവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിന്റെ മറവിലാണ് ഈ കൊള്ള. 250 രൂപമുതല്‍ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില. അതേസമയം കൊള്ള ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കില്ലെന്ന് സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.