Connect with us

Editorial

കൊവിഡ് താണ്ഡവമാടുമ്പോൾ ഇരിപ്പിടം മോടികൂട്ടുന്നവർ

Published

|

Last Updated

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറച്ചുനിൽക്കുകയാണ് രാജ്യം. ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തോട്ടങ്ങളിലെ മരത്തണലിൽ കിടത്തിയാണ് രോഗികളെ ചികിത്സിക്കുന്നത്. ഓക്‌സിജന്റെ ലഭ്യതക്കുറവു മൂലം രോഗികൾ ശ്വാസം കിട്ടാതെ പിടഞ്ഞുവീണു മരിക്കുന്നു. മരണസംഖ്യ കുതിച്ചുയരുന്നതിനെ തുടർന്ന് മൃതദേഹങ്ങൾ യഥാസമയം സംസ്‌കരിക്കാനാകാതെ ആശുപത്രി വരാന്തകളിലും മുറ്റങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന കാഴ്ച വ്യാപകം.

ഇതിനിടയിലും പക്ഷേ, കേന്ദ്ര സർക്കാറിനു തിടുക്കം അത്യാർഭാട പദ്ധതിയായ സെൻട്രൽ വിസ്ത പൂർത്തീകരിക്കുന്നതിലാണ്. പദ്ധതിയുടെ ഭാഗമായ പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ. 2022 ഡിസംബറോടെ ഇതിന്റെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ഉപരാഷ്ട്രപതിയുടെ വസതിയും അടുത്ത വർഷത്തോടെ സജ്ജമാക്കും. ഡൽഹിയിലെ ലോക്ക്ഡൗൺ സെൻട്രൽ വിസ്തയുടെ നിർമാണത്തെ ബാധിക്കാതിരിക്കാൻ അത് അവശ്യസേവനത്തിൽ ഉൾപ്പെടുത്തിയിരിക്കുകയുമാണ്.
20,000 കോടി നിർമാണച്ചെലവ് വരുന്ന പദ്ധതിക്കെതിരെ പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. ഭീമമായ നിർമാണച്ചെലവ് മാത്രമല്ല പ്രശ്‌നം, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും ഇതിടയാക്കും. ത്രികോണാകൃതിയിലുള്ള പുതിയ പാർലിമെന്റ് മന്ദിരം, പൊതു സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ വസതി, അതിലേക്കുള്ള അണ്ടർ ഗ്രൗണ്ട് ടണൽ, രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ മൂന്ന് കിലോമീറ്റർ നീളമുള്ള രാജ്പഥിന്റെ നവീകരണം തുടങ്ങിയവ ഉൾക്കൊളളുന്നതാണ് സെൻട്രൽ വിസ്താ പദ്ധതി. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയാണ് ഇത് പണിയുന്നത്.1962ലെ ഡൽഹി മാസ്റ്റർ പ്ലാൻ അനുസരിച്ച് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ഈ സ്ഥലങ്ങളെല്ലാം. ഇവിടെ വലിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സമഗ്രമായ പഠനം ആവശ്യമാണ്. പരിസ്ഥിതി, പൈതൃക, ചരിത്ര വിഷയങ്ങളെല്ലാം ഇതിൽ പഠനവിധേയമാക്കേണ്ടതുണ്ട്. പത്ത് വർഷത്തെ സമഗ്ര പഠനത്തിനു ശേഷമാണ് ബ്രിട്ടനിലെ പാർലിമെന്റ് മന്ദിരം വികസിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സെൻട്രൽ വിസ്തയുടെ കാര്യത്തിൽ അത്തരമൊരു പഠനം നടന്നിട്ടില്ല. പദ്ധതിക്കെതിരെ രൂക്ഷമായ എതിർപ്പുകളുയരുന്നതിനിടെയാണ് ചട്ടങ്ങൾ മറികടന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്പർട്ട് അപ്രൈസൽ കമ്മിറ്റി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതെന്നു പറയപ്പെടുന്നു.

സെൻട്രൽ വിസ്ത പദ്ധതിക്കായുളള നിർദേശം പരിസ്ഥിതി മന്ത്രാലയത്തിനു മുന്നിലെത്തിയ ശേഷം അതിനെതിരെ 1,292 പരാതികളാണ് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിക്ക് ലഭിച്ചത്. നിലവിലെ പാർലിമെന്റ് കെട്ടിടത്തിനു 93 വർഷം പഴക്കമുളളതിനാൽ പുനർനിർമണം ആവശ്യമാണെന്നായിരുന്നു കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ഇതിനോടുള്ള പ്രതികരണം. എന്നാൽ ഒരു ശതകത്തോളം പഴക്കമുണ്ടെങ്കിലും പഴയ പാർലിമെന്റ് കെട്ടിടം ഇപ്പോഴും ഭദ്രവും സുരക്ഷിതവുമാണെന്നു വിദഗ്ധർ പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, 1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറൽ ലോഡ് ഇർവിൻ രാജ്യത്തിനു സമർപ്പിച്ച മനോഹരവും വൃത്താകൃതിയിലുള്ളതുമായ നിലവിലെ പാർലിമെന്റ് മന്ദിരത്തിന് ഇന്നും ഒരു ബലക്ഷയവും സംഭവിച്ചിട്ടില്ലെന്നാണ് വാസ്തുശിൽപ്പികളുടെയും എൻജിനീയർമാരുടെയും പക്ഷം. നിലവിലെ സാഹചര്യത്തിൽ സെൻട്രൽ വിസ്ത പോലുള്ള ഭീമമായ ചെലവ് വരുന്നതും അനിവാര്യമല്ലാത്തതുമായ പദ്ധതികൾ ഭൂഷണമല്ലെന്ന് കാണിച്ച് 60 ഉന്നതോദ്യോഗസ്ഥർ പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തിരുന്നു.

എന്നിട്ടുമെന്തിനാണ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അത്യാർഭാടത്തിന്റെ പുതിയ മന്ദിര നിർമാണം പൂർത്തീകരിക്കാൻ ഇത്ര തിടുക്കം ? സ്വന്തമായി വീടില്ലാത്ത കോടിക്കണക്കിനാളുകളുണ്ട് രാജ്യത്ത്. പുറംപോക്കിൽ ഷീറ്റുകൊണ്ട് മറച്ച ചെറ്റക്കുടിലിലാണ് ജനങ്ങളിൽ ഗണ്യമായൊരു വിഭാഗത്തിന്റെയും താമസം. പീടികത്തിണ്ണയിലും ബസ് സ്റ്റോപ്പുകളിലുമാണ് പതിനായിരങ്ങൾ അന്തിയുറങ്ങുന്നത്. അമേരിക്കൻ പ്രസിഡന്റ് വന്നപ്പോൾ ഇവർ ജീവിക്കുന്ന ഭാഗങ്ങൾ മതിലുകെട്ടി മറക്കേണ്ടി വന്നു മോദി സർക്കാറിന്. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് കുടുംബം പോറ്റാൻ മാർഗമില്ലാതെ നെടുവീർപ്പുമായി കഴിയുന്നവരുടെ എണ്ണവും വർധിച്ചു കൊണ്ടിരിക്കുകയാണ്. ദിവസത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവരുടെ എണ്ണവും നല്ല വസ്ത്രങ്ങൾ ധരിക്കാനില്ലാതെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു മാറിനിൽക്കുന്ന പട്ടിണിപ്പാവങ്ങളുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്. ആഗോള പട്ടിണി സൂചികയിൽ 117 രാജ്യങ്ങളുടെ പട്ടികയിൽ 94ാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇതിനിടയിൽ തന്നെ വേണോ ഡൽഹിയിൽ രാജപ്രതാപം നയിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരിപ്പിടത്തിന് മോടികൂട്ടാൻ? കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഭരണസിരാകേന്ദ്രത്തിന്റെ ആകൃതി മാറണമെന്നാണെങ്കിൽ, രാജ്യം കൊവിഡ് പ്രതിസന്ധി മറികടക്കുന്നതു വരെയെങ്കിലും കാത്തിരുന്നു കൂടേ? റോമാനഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെയാണ് മോദി അനുസ്മരിപ്പിക്കുന്നത്.

കോടതിയിലാണ് ഇനി പ്രതീക്ഷ. സെൻട്രൽ വിസ്താ പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുളള ഹരജി പരിഗണിക്കാമെന്നും അതിനുള്ള തീയതി താമസിയാതെ നിശ്ചയിക്കാമെന്നും സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്. കൊവിഡ് രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തെ തകർക്കുകയും ദിനംപ്രതി ആയിരക്കണക്കിനാളുകൾ മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പദ്ധതി നിർമാണം തിരക്കിട്ടു നടത്തുന്നതിന്റെ അസാംഗത്യം ഹരജിക്കാരെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് മൽഹോത്ര ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇപ്പോൾ ജഡ്ജിമാരുടെ ലഭ്യതക്കുറവുണ്ട്; ഒരു ബഞ്ച് ലഭ്യമായാൽ വിഷയം ചർച്ചക്കെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ ഹരജിക്കാരെ അറിയിച്ചത്. ഡൽഹി ഹൈക്കോടതിയിലും സമാന ആവശ്യവുമായി പൊതുതാത്പര്യ ഹരജി എത്തുകയും ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങുന്ന ബഞ്ച് 17നു പരിഗണനക്ക് വെച്ചിരിക്കുകയുമാണ്.

---- facebook comment plugin here -----

Latest