National
സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി | വിവാദമായ സ്വകാര്യതാ നയത്തില്‍ പുതിയ വിശദീകരണവുമായി വാടസ്ആപ്പ്. സ്വകാര്യതാ നയം ഈ മാസം 15നുള്ളില്‍ അംഗീകരിക്കണമെന്ന നിബന്ധന കമ്പനി പിന്‍വലിച്ചു. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും ഇന്ത്യയില്‍ വാടസ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു തടസ്സവും നേരിടില്ലെന്നും പിടിഐ വാര്‍ത്താ ഏജന്‍സിയോട് വാട്‌സ്ആപ്പ് വക്താവ് വിശദീകരിച്ചു.
വാടസ്ആപ്പ് ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും സ്വകാര്യതാ നയം ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. എന്നാല്‍ സ്വകാര്യതാ നയം അംഗീകരിക്കല്‍ നിര്‍ബന്ധമാക്കിയ നടപടിയില്‍ നിന്ന് കമ്പനി എന്തിന് പിറകോട്ട് പോകുന്നുവെന്ന് വിശദീകരിച്ചിട്ടില്ല. എത്ര ഉപയോക്താക്കള്‍ നയം അംഗീകരിച്ചുവെന്നതും വ്യക്തമല്ല.
കഴിഞ്ഞ ജനുവരിയിലാണ് വാട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയം പുതുക്കിയത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് മൂന്നാം കക്ഷി (തേര്‍ഡ് പാര്‍ട്ടി) സേവനങ്ങളുമായും പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന നയംമാറ്റമാണ് പുതുതായി കൊണ്ടുവന്നത്. വാട്സ്ആപ്പുമായി സംയോജിപ്പിച്ചിരിക്കുന്ന മൂന്നാം കക്ഷി സേവനങ്ങളെയോ മറ്റ് ഫേസ്ബുക്ക് കമ്പനി ഉത്പന്നങ്ങളെയോ ആശ്രയിക്കുമ്പോള്‍, ആ തേഡ് പാര്‍ട്ടി സേവനങ്ങളോട് നിങ്ങളോ മറ്റുള്ളവരോ പങ്കിടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചേക്കാം എന്നാണ് പുതിയ നയത്തില്‍ വ്യക്തമാക്കുന്നത്. അതായത് ഫേസ്ബുക്കിലെ ഒരു വീഡിയോ വാട്സ്ആപ്പ് വഴി തുറക്കുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് ലഭിച്ചേക്കാം എന്നര്‍ഥം.
ഫെബ്രുവരി എട്ടിനകം സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് ഉപയോക്താക്കള്‍ക്ക് അറിയിപ്പ് ലഭിച്ചതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ കമ്പനിയില്‍ നിന്ന് വിശദീകരണം തേടിയതോടെയാണ് സ്വകാര്യതാ നയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിയത്.