Connect with us

Kerala

കൊവിഡ് വ്യാപനം രൂക്ഷം; സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വെന്റിലേറ്ററടക്കമുള്ള സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആയിരം ടണ്‍ ലിക്വിഡ് ഓക്സിജന്‍ അനുവദിക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായി മാറിയ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്സിജന്റെ ആവശ്യം വര്‍ധിച്ചേക്കാം. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഓക്സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് സഹായം ചോദിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ വെന്റിലേറ്ററുകളും ഐസിയു കിടക്കകളും നിറയുകയാണ്. ലിക്വിഡ് ഓക്സിജന് പുറമേ ഓക്സിജന്‍ ടാങ്കറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓക്സിജന്‍ ക്ഷാമത്തേത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. ശ്രീചിത്രയില്‍ ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളിലെ മുന്‍കൂട്ടി നിശ്ചയിച്ച 10 ശസ്ത്രക്രിയകളാണ് രാവിലെ മാറ്റിയത്. ഓക്സിജന്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി ശ്രീചിത്രാ ഡയറക്ടര്‍ രണ്ടു ദിവസം മുമ്പ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിതരണ ശൃംഖലയില്‍ ചെറിയ അപാകതകളുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും വിതരണ ചുമതലയുള്ള പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി 42 സിലിണ്ടര്‍ ഓക്സിജന്‍ ശ്രീചിത്രയിലെത്തിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest