Connect with us

National

പണലഭ്യത ഉറപ്പാക്കാന്‍ 50,000 കോടി രൂപയുടെ പദ്ധതിയുമായി ആര്‍ ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പണലഭ്യത ഉറപ്പാക്കാന്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ റിസര്‍വ് ബേങ്ക് പ്രഖ്യാപിച്ചു. വാക്സിന്‍ നിര്‍മാതാക്കള്‍, ആശുപത്രികള്‍ എന്നിവ ഉള്‍പ്പടെയുള്ളവയെ സഹായിക്കാന്‍ പദ്ധതിപ്രകാരം ബേങ്കുകള്‍ക്ക് കഴിയുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇതിലൂടെ രോഗികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 2022 മാര്‍ച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം.

കൊവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവില്‍ വിശ്വാസമുണ്ട്. പ്രത്യേക കൊവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബേങ്കുകള്‍ പുതിയ വായ്പകള്‍ അനുവദിക്കുക. കൊവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ശക്തികാന്തദാസ് പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍:
ഇടത്തരം സൂക്ഷമ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവര്‍ഷംവരെ നീട്ടാന്‍ അനുവദിക്കും.
35,000 കോടി രൂപമൂല്യമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ആര്‍ബിഐ വാങ്ങും. ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ പണം ലഭിക്കും.
ദീര്‍ഘകാല റിപ്പോ ഓപറേഷന്‍(എല്‍ടിആര്‍ഒ)വഴി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും.
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 500 കോടിരൂപവരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കും.
സംസ്ഥാനങ്ങള്‍ക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു.
കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയില്‍ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി.
ഏപ്രില്‍ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളില്‍നിന്ന് കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.
കാര്‍ഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും.
മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണര്‍വുനല്‍കുന്നതാണ്.

Latest