Kerala
മന്ത്രിസഭയിലും തലമുറമാറ്റത്തിന് സി പി എം

തിരുവനന്തപുരം | റെക്കോര്‍ഡ് ഭൂരിഭക്ഷത്തോടെ അധികാരത്തിലെത്തിയ ഇടതുപക്ഷം വലിയ ഒരു ചരിത്ര മാറ്റത്തിന് തയ്യാറെടുക്കുന്നു. മന്ത്രിസഭയിലും ഒരു തലമുറ മാറ്റത്തിനാണ് സി പി എം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്ന സി പി എം സെക്രട്ടേറിയറ്റില്‍ ഇത് സംബന്ധിച്ച നിര്‍ണായക ആലോചന നടക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ മാത്രമേ പുതിയ പിണറായി മന്ത്രിസഭയിലുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഒരു പുതിയ ക്യാബിനറ്റ് എന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.
തോമസ് ഐസക്, ജി സുധാകരന്‍, സി എന്‍ രവീന്ദ്രനാഥ്, എ കെ ബാലന്‍ എന്നീ പ്രമുഖരെ രണ്ട് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തിയ സി പി എമ്മിന് പിണറായിയുടെ കീഴില്‍ ഒരു പുതുമുഖ മന്ത്രിസഭ കൊണ്ടു വരാന്‍ യാതൊരു തടസവുമില്ല. മാത്രമല്ല ജനങ്ങള്‍ക്കിടിയില്‍ ഇതിന് വലിയ ഒരു സ്വീകാര്യതയും ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. മാത്രമല്ല 34 വര്‍ഷം അധികാരത്തിലിരുന്ന ബംഗാളില്‍ പാര്‍ട്ടി തകരാന്‍ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ തലമുറ മാറ്റത്തിന് സി പി എം ലക്ഷ്യമിടുന്നത്.
പുതുമുഖമന്ത്രിമാരെ കൂടാതെ പുതിയ സര്‍ക്കാരില്‍ സി പി ഐക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സി പി ഐക്ക് കഴിഞ്ഞ സര്‍ക്കാരില്‍ കിട്ടിയ ആറ് കാബിനറ്റ് പദവികളില്‍ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവര്‍ക്ക് നഷ്ടപ്പെടും. ജനദാതള്‍ ഗ്രൂപ്പുകള്‍ ലയിച്ചു വന്നാല്‍ ഒരു മന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാനാണ് തീരുമാനം.
സി പി എമ്മില്‍ നിന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണനും എം വി ഗോവിന്ദനും മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പാണ്. കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, യുവനേതാവ് എം ബി രാജേഷ്, സജി ചെറിയാന്‍, പി ചിത്തരജ്ഞന്‍, വീണ ജോര്‍ജ്, കാനത്തില്‍ ജമീല, വി ശിവന്‍കുട്ടി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. കെ ടി ജലീല്‍ വീണ്ടും മന്ത്രിയായില്ലെങ്കില്‍ പി ടി എ റഹീമിനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വീണ ജോര്‍ജിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം,