Connect with us

International

മ്യാന്‍മറില്‍ അടിയന്തരമായി ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് യു എന്‍ സുരക്ഷാ കൗണ്‍സില്‍

Published

|

Last Updated

യാങ്കൂൺ | സൈനിക അട്ടിമറിയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മ്യാന്‍മറില്‍ അടിയന്തരമായി ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യു എന്‍ സുരക്ഷാ കൗണ്‍സില്‍. തിരഞ്ഞെടുക്കപ്പെട്ട നേതാവ് ആങ് സാന്‍ സൂക്കി ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയക്കണമെന്നും കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്നിനുണ്ടായ സൈനിക അട്ടിമറിയെ തുടര്‍ന്ന് രാജ്യത്ത് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനും കലാപത്തിന് ഉടന്‍ അവസാനം കാണുന്നതിനും വടക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളോട് കൗണ്‍സില്‍ നിരദേശിക്കുകയും ചെയ്തു.

സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതിനെതിരെ മ്യാന്‍മറില്‍ ശക്തവും ഒറ്റക്കെട്ടായതുമായ പ്രക്ഷോഭമാണ് ജനങ്ങള്‍ നടത്തുന്നതെന്നും ഇത് രാജ്യത്തെ സ്തംഭനാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണെന്നും നേരത്തെ യു എന്നിലെ ഒരു നയതന്ത്ര പ്രതിനിധി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കൗണ്‍സില്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.

തന്റെ ആശങ്കകള്‍ ശക്തമാക്കുന്നതാണ് വടക്കുകിഴക്കന്‍ ഏഷ്യയില്‍ നടത്തിയ ചര്‍ച്ചകളില്‍ നിന്നുള്ള അനുഭവങ്ങളെന്ന് നിലവില്‍ ബാങ്കോക്കിലുള്ള നയതന്ത്ര പ്രതിനിധി ക്രിസ്റ്റിന്‍ ഷ്രാനര്‍ ബര്‍ഗ്നര്‍ 15 അംഗ കൗണ്‍സിലിനെ അറിയിച്ചു. സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ മ്യാന്മറിന്റെ മുഴുവന്‍ ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.