National
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി | വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം. ഇവയിലേതെങ്കിലും ഒന്നില്ലാതെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍ ആന്റിജന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്നും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഏജന്റുമാരുടെ പേരുവിവരങ്ങള്‍ മൂന്ന് ദിവസത്തിന് മുമ്പ് ഹാജരാക്കണം. വിജയിച്ച സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തുനിന്ന് സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ പോകുമ്പോള്‍ രണ്ടുപേര്‍ മാത്രമേ ഒപ്പമുണ്ടാകാവൂ. അല്ലെങ്കില്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായിരിക്കണം സര്‍ട്ടിഫിക്കറ്റു വാങ്ങേണ്ടത്. കേരളം, ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് മേയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കുന്നത്.