Connect with us

Covid19

ജനങ്ങള്‍ പ്രാണവായുവിനായി നെട്ടോട്ടമോടുമ്പോഴും ഡല്‍ഹിയില്‍ 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണം തകൃതി

Published

|

Last Updated

ന്യൂഡല്‍ഹി | ജീവവായു ലഭിക്കാതെ നൂറുകണക്കിന് പേര്‍ മരിച്ചുവീഴുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായ 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതി. ലോകത്തെ തന്നെ പുരാതന നഗരങ്ങളിലൊന്നായ ഡല്‍ഹിയുടെ ഹൃദയഭാഗം പുനര്‍നിര്‍മിക്കുന്ന പദ്ധതിയാണിത്. ഇതുപ്രകാരം പുതിയ പാര്‍ലിമെന്റ് മന്ദിരം അടക്കമുള്ളവ നിര്‍മിക്കും.

നിലവിലെ 94 വര്‍ഷം പഴക്കമുള്ള പാര്‍ലിമെന്റ് കെട്ടിടം മ്യൂസിയമാക്കും. 50 ഫുട്‌ബോള്‍ മൈതാനത്തിന്റെയത്ര വിസ്താരത്തിലാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതി നടപ്പാക്കുന്നത്. തുറസ്സായയിടങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളാക്കുമെന്നും പ്രധാനമന്ത്രിക്ക് പുതിയ വസതി നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സെന്‍ട്രല്‍ വിസ്റ്റയുടെ മുഴുവന്‍ വിവരങ്ങളും കേന്ദ്രം പുറത്തുവിട്ടിട്ടില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2024 ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാകും. നിലവില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല.

മാത്രമല്ല, കൊവിഡ് പ്രതിരോധ വാക്‌സിന്‍ പോലും ജനങ്ങള്‍ വില കൊടുത്തുവാങ്ങണമെന്ന നിലപാട് സര്‍ക്കാര്‍ പുലര്‍ത്തുമ്പോഴാണ് ഈ പദ്ധതിക്ക് വേണ്ടിയുള്ള പണം ചെലവഴിക്കല്‍. വേണ്ടത്ര ഐ സി യുവും വെന്റിലേറ്ററുകളും ഓക്‌സിജനുമില്ലാതെ ഡല്‍ഹിയിലടക്കം ജനം കൊടുംദുരിതം അനുഭവിക്കുമ്പോള്‍ കൂടിയാണ് ഈ ധൂർത്ത്.