Connect with us

National

ഓക്‌സിജൻ ക്ഷാമം; ഇരുമ്പ്, ഉരുക്ക് വ്യവസായ കേന്ദ്രങ്ങൾ അടച്ചുപൂട്ടും

Published

|

Last Updated

ചണ്ഡീഗഢ് | ഓക്‌സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഇരുമ്പ്, ഉരുക്ക് വ്യവസായ കേന്ദ്രങ്ങൾ അടച്ചിടാൻ പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. വ്യവസായ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഓക്‌സിജൻ വൈദ്യ സഹായ മേഖലയിലേക്കെത്തിക്കുന്നതിനായാണ് വ്യവസായ കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയത്.

ലോഹം ഉരുക്കുന്ന ചൂളകൾ കത്തിക്കാൻ ഓക്‌സിജനും എൽ പി ജിയുമാണ് ഉപയോഗിക്കുന്നത്. വ്യവസായ കേന്ദ്രങ്ങളിലെ മില്ലുകളിലെ ചൂളകൾ കത്തിച്ചാണ് ഇരുമ്പും ഉരുക്കും വിവിധ ആകൃതികളിലാക്കി മാറ്റുന്നത്. പഞ്ചാബിലെ ലുധിയാനയിലും മൻദി ഗോബിന്ദഗഢിലുമാണ് ഇത്തരത്തിലുള്ള വ്യവസായ കേന്ദ്രങ്ങൾ കൂടുതലായുള്ളത്.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഓക്‌സിജൻ കൺട്രോൾ റൂമുകൾ ആരംഭിക്കാനും മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടു. ഇരുമ്പ്, ഉരുക്ക് വ്യവസായ കേന്ദ്രങ്ങൾ അടച്ചിടാനുള്ള തീരുമാനം കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓക്‌സിജൻ ലഭിക്കാതെ അമൃത്സറിലെ ആശുപത്രിയിൽ ആറ് രോഗികൾ മരണപ്പെട്ട് മണിക്കൂറുകൾക്കകമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പഞ്ചാബിന് അനുവദിച്ച ഓക്‌സിജൻ നിലവിലെ അവസ്ഥയിൽ കുറവാണെന്നും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള ഓക്‌സിജൻ ക്വാട്ട വർധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊവിഡ് രോഗികളുടെ വരവാണ് ഓക്‌സിജൻ ക്ഷാമം രൂക്ഷമാക്കിയതെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

താപ വൈദ്യുത നിലയങ്ങളിലെ ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി നൽകുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഊർജ വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം 250 മെട്രിക് ടൺ ഓക്‌സിജനാണ് മെഡിക്കൽ ആവശ്യത്തിനായി പഞ്ചാബ് ഉപയോഗിക്കുന്നത്. കൊവിഡ് രോഗികൾ കുത്തനെ വർധിക്കുന്ന സ്ഥിതിയിൽ വരും ദിവസങ്ങളിൽ ഇത് 300 മെട്രിക് ടൺ ആയി ഉയരുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Latest