Connect with us

Kerala

സർവകക്ഷി യോഗം ഇന്ന്; അടച്ചുപൂട്ടില്ല; കൊവിഡ് വ്യാപന മേഖലകളിൽ കർശന നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഭീതി ഉയർത്തി തുടരുന്ന പശ്ചാത്തലത്തിൽ കൊവിഡ് സാഹചര്യങ്ങളും തുടർ നിയന്ത്രണങ്ങളും ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. രാവിലെ 11.30ന് ഓൺലൈനായാണ് യോഗം. നിയന്ത്രണങ്ങൾ കർശനമാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ചായിരിക്കും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നതായിരുന്നു സർക്കാർ നിലപാട്. ലോക്ക്ഡൗൺ ഇല്ലാതെ തന്നെ കർശന നിയന്ത്രണങ്ങൾ വേണമെന്നതിൽ സി പി എമ്മിനും ഇടതുമുന്നണിക്കും എതിരഭിപ്രായമില്ല. ലോക്ക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളിൽ സർക്കാറിന് പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ട്.

ഫല പ്രഖ്യാപന ദിവസം വലിയ ആഘോഷം വേണ്ടെന്ന നിലപാടാകും എൽ ഡി എഫും യു ഡി എഫും സ്വീകരിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കി വോട്ടെണ്ണൽ നടത്തി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം.
കൊവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്ന നടപടികൾ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും. നിലവിൽ തുടരുന്ന വാരാന്ത കർശന നിയന്ത്രണങ്ങൾ തുടരാനാണ് ആലോചിക്കുന്നത്. അതോടൊപ്പം രോഗ വ്യാപനം വൻ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ നിരോധനാജ്ഞ ഉൾപ്പെടെ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നൽകിയിരിക്കുന്ന അനുമതി തുടരാനും ആലോചിക്കുന്നുണ്ട്.

സൗകര്യം കൂട്ടും

ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനും നടപടി സ്വീകരിച്ചു. ആദ്യഘട്ടമായി മെഡിക്കൽ കോളജ് ആശുപത്രികളിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. വെന്റിലേറ്ററുകൾ, ഐ സി യുകൾ, മെഡിക്കൽ ഐ സി യുകൾ, കിടക്കകൾ എന്നീ സൗകര്യങ്ങളായിരിക്കും പ്രധാനമായും ഒരുക്കുക. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 130 വെന്റിലേറ്റർ, 200 ഐ സി യു, 1,400 കിടക്ക എന്നിവ ഈ മാസം മുപ്പതിനകം തയ്യാറാക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർദേശം നൽകി.

Latest