Connect with us

Alappuzha

വരന്‍ കൊവിഡ് ബാധിതന്‍, പി പി ഇ കിറ്റ് ധരിച്ചെത്തി വധു; വേറിട്ട വിവാഹത്തിന് സാക്ഷിയായി ആലപ്പുഴ മെഡിക്കല്‍ കോളജ്

Published

|

Last Updated

അമ്പലപ്പുഴ | വരന്‍ കൊവിഡ് ചികിത്സയിലായിരുന്നിട്ടും ആ വിവാഹം മുടങ്ങിയില്ല. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കൊവിഡ് വാര്‍ഡ് ആ വേറിട്ട വിവാഹത്തിന് വേദിയായി. പള്ളാത്തുരുത്തി സ്വദേശി ശരത്തും തെക്കനാര്യാട് സ്വദേശിനി അഭിരാമിയും തമ്മിലുള്ള വിവാഹമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നത്. കൊവിഡ് വാര്‍ഡില്‍ പ്രത്യേകമായി സജ്ജീകരിച്ച മുറിയിലായിരുന്നു വിവാഹം. പി പി ഇ കിറ്റ് ധരിച്ചാണ് അഭിരാമി ചടങ്ങിനെത്തിയത്. വിവാഹ ശേഷം വധു ബന്ധുവിന്റെ വീട്ടിലേക്കും വരന്‍ കൊവിഡ് വാര്‍ഡിലേക്കും തിരികെ പോയി.

നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹ തീയതിക്ക് ഏതാനും ദിവസം മുന്‍മ്പാണ് ശരത്തിനും മാതാവിനും കൊവിഡ് ബാധിച്ചത്. എന്നാല്‍ മുഹൂര്‍ത്തം തെറ്റാതെ ചടങ്ങ് നടത്താന്‍ വധൂവരന്മാരുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. പള്ളാത്തുരുത്തി കൈനകരി എന്‍ ശശിധരന്റെയും ജിജിമോളുടെയും മകനാണ് ശരത്ത്. തെക്കനാര്യാട് പ്ലാംപറമ്പില്‍ സുജിയുടെയും കുസുമത്തിന്റെയും മകളാണ് അഭിരാമി.

ഖത്വറിലാണ് ശരത്തിന്‌ ജോലി. ഒരു വര്‍ഷം മുമ്പ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താന്‍ കഴിയാതിരുന്നതിനാല്‍ നടന്നില്ല. കഴിഞ്ഞമാസം 22ന് നാട്ടിലെത്തിയ ശരത്ത് 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.എന്നാല്‍,
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ശരത്തിനും മാതാവിനും ശ്വാസതടസ്സം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അധികൃതരുടെ അനുമതി വാങ്ങിയാണ് കൊവിഡ് വാര്‍ഡില്‍ വച്ച് വിവാഹച്ചടങ്ങ് നടത്തിയത്.

Latest