Kerala
സിദ്ദീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് യു ഡി എഫ് എം പിമാരുടെ കത്ത്

തിരുവനന്തപുരം | യു എ പി എ ചുമത്തപ്പെട്ട് യു പിയില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് യു ഡി എഫ് എം പിമാര്‍. ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ച് 11 യു ഡി എഫ്എം പിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയച്ചു. കെ സുധാകരന്‍, കെ മുരളീധരന്‍, ഇ ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വച്ച് വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സിദ്ധീഖ് കാപ്പന്റെ നില അങ്ങേയറ്റം മോശമാണ്. താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹത്തെ ആശുപത്രി കിടക്കയില്‍ കിടത്തിയിരിക്കുന്നത്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയലില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, അജ്ഞാതമായ കാരണങ്ങളാല്‍ അപേക്ഷ ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല.
മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റാനാണ് കാപ്പന്‍ യു പിയിലെ ഹത്രാസിലേക്ക് പോയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് അദ്ദേഹം മഥുരയില്‍ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍ ഇക്കാര്യം പുനപ്പരിശോധിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.