Connect with us

Articles

അഖ്‌സക്ക് ചുറ്റും വീണ്ടും ആക്രോശങ്ങൾ

Published

|

Last Updated

മസ്ജിദുൽ അഖ്‌സക്ക് ചുറ്റും ഒരിക്കൽ കൂടി സംഘർഷം ഉരുണ്ടു കൂടുകയാണ്. തീവ്ര വലതുപക്ഷ ജൂത സംഘങ്ങൾ വിശുദ്ധ റമസാനിലാണ് ഇത്തരത്തിലുള്ള സംഘർഷങ്ങൾക്ക് ഒരുമ്പെട്ടിറങ്ങാറുള്ളത്. കൂടുതൽ വൈകാരിക പ്രതികരണങ്ങൾ ക്ഷണിച്ചു വരുത്തുക തന്നെയാണ് ലക്ഷ്യം. ഇത്തവണ ലോകം മുഴുവൻ കൊവിഡ് ഭീതിയിൽ കഴിയുമ്പോൾ അങ്ങേയറ്റത്തെ സഹിഷ്ണുതയോടെ അപരന്റെ പ്രാർഥനകൾക്ക് സാഹചര്യം ഒരുക്കി കൊടുക്കുകയും ശാരീരിക അകലവും മറ്റ് പ്രോട്ടോകോളുകളും പാലിച്ചുള്ള ആരാധനക്ക് അവസരമൊരുക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ കിഴക്കൻ ജറൂസലമിൽ സംഭവിച്ചത് നേരെ വിപരീതമാണ്. അറബ് വംശജരോടുള്ള അടങ്ങാത്ത പക സിരകളിലാവാഹിച്ച് ഒരു തരം ഭ്രാന്താവസഥയിൽ എത്തിയവർ മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ ഒത്താശയോടെ ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ ഫലസ്തീൻ രാഷ്ട്രം ഒരിക്കലും സാധ്യമാകില്ലെന്ന അഹങ്കാരം ഇത്തരം ഗ്രൂപ്പുകളെ കൂടുതൽ അപകടകാരികളാക്കിയിരിക്കുന്നു. കിഴക്കൻ ജറൂസലമിൽ മുസ്‌ലിംകളുടെ സാന്നിധ്യം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് അവിടെയുണ്ടാകുന്ന ഓരോ സംഘർഷവും. ജറൂസലമിനെ സംഘർഷത്തിന്റെ നഗരമാക്കി മാറ്റുകയും ഫലസ്തീനികളെ മറ്റൊരു ഇൻതിഫാദയിലേക്ക് തള്ളിവിടുകയുമാണ് യഥാർഥ ലക്ഷ്യം. ഇതുവഴി യു എന്നടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ ഫലസ്തീൻ നേടിയിട്ടുള്ള നയതന്ത്ര വിജയങ്ങളെ അപ്രസക്തമാക്കാനാണ് നോക്കുന്നത്.

തീവ്ര വലതുപക്ഷ ജൂത സംഘത്തിന്റെ അറബ്‌ വിരുദ്ധ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ ഇസ്‌റാഈൽ പോലീസ് അൽ അഖ്‌സാ മസ്ജിദ് സമുച്ചയത്തിന്റെ കവാടങ്ങൾ അടച്ചിരിക്കുകയാണ്. മുസ്‌ലിംകൾക്കായി നേരത്തേ നിശ്ചയിക്കപ്പെട്ട ബാബ് ഹത്ത മേഖലയുടെ ഗേറ്റിൽ നിലയുറപ്പിച്ച ഫലസ്തീനികളെ റമസാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ പ്രഭാത പ്രാർഥനയിൽ നിന്ന് തടയുന്നതിനായിരുന്നു ഈ നീക്കം. “യഹൂദരുടെ അന്തസ്സ് പുനഃസ്ഥാപിക്കുക”, “അറബികൾക്ക് മരണം” എന്നിങ്ങനെ മുദ്രാവാക്യം മുഴക്കി വ്യാഴാഴ്ച വൈകീട്ട് ജറൂസലമിലെ തെരുവിലിറങ്ങിയ തീവ്രവാദികൾ ഫലസ്തീനികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. ലെഹവ എന്ന ഗ്രൂപ്പാണ് ഇത്തവണത്തെ സംഘർഷത്തിന് പിന്നിൽ. തറാവീഹ് കഴിഞ്ഞ് മടങ്ങുന്ന ഫലസ്തീനികളെ അവർ ആക്രമിക്കുകയായിരുന്നു. ജൂത- അറബ് സംഗമത്തിന്റെ ഏത് സാധ്യതയെയും തകർക്കുകയെന്നതാണ് ലെഹവ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം. അത്തരം ഒത്തു ചേരലുകളിൽ അവർ നുഴഞ്ഞ് കയറും. പ്രശ്‌നങ്ങളുണ്ടാക്കും. അറബ് വംശജരെ ഇസ്‌റാഈൽ പൊതു ധാരയിൽ നിന്ന് അകറ്റാനുള്ള നിയമനിർമാണങ്ങൾക്ക് സമ്മർദം ചെലുത്തും. ഫലസ്തീൻ മണ്ണിൽ ജൂത കൈയേറ്റത്തിന് സംരക്ഷണമൊരുക്കും. എവിടെയെങ്കിലും ഒരു ജൂതൻ മുസ്‌ലിമിനെയോ തിരിച്ചോ വിവാഹം കഴിച്ചാൽ അവരെ ആക്രമിക്കും. ക്രിസ്ത്യാനികളുമായുള്ള വിവാഹവും തടയും.

മസ്ജിദുൽ അഖ്‌സ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ്. തിരുനബി ആകാശ ലോക യാത്ര നടത്തിയത് ഇവിടെ നിന്നാണ്. സുലൈമാൻ നബി പണിത പള്ളി ഇവിടെയാണ്. ഈ കോന്പൗണ്ടിനുള്ളിലെ ഓരോ തരി മണ്ണും മഹത്തുക്കളുടെ പാദപതനത്താൽ വിശുദ്ധമാണ്. അത് നിഷേധിക്കാനാകാത്ത ചരിത്ര വസ്തുതയാണ്. അതുകൊണ്ടാണ് ജൂതരാഷ്ട്ര സംസ്ഥാപനത്തിന് അടിത്തറ പാകിയ ബാൽഫർ പ്രഖ്യാപനം പോലും വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തിൽ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് നിഷ്‌കർഷിച്ചത്. ഇസ്‌റാഈൽ സ്ഥാപിച്ചതിന് പിറകേ വന്ന യു എൻ പ്രമേയത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞു. 1967ലെ ആറ് ദിന യുദ്ധത്തിന് ശേഷം ഇസ്‌റാഈൽ അധിനിവേശത്തിന് കീഴിലാണ് ജറൂസലമെങ്കിലും അവിടെ ജൂത, മുസ്‌ലിം ആരാധനകൾക്ക് പ്രത്യേകം സംവിധാനങ്ങളും ഇടങ്ങളും നിശ്ചയിച്ച് നൽകിയത് ഇതിന്റെ തുടർച്ചയാണ്. വിശേഷ ദിനങ്ങളിൽ സംഘർഷം സൃഷ്ടിക്കാനായി ബോധപൂർവം ചില തീവ്രവാദി ഗ്രൂപ്പുകൾ ഇറങ്ങും. പ്രത്യക്ഷത്തിൽ ഈ ഗ്രൂപ്പുകളെ ഇസ്‌റാഈൽ ഭരണ നേതൃത്വം തള്ളിപ്പറയുമെങ്കിലും പരോക്ഷമായി പിന്തുണ അവർക്ക് ലഭിക്കുന്നുണ്ട്. കാരണം, അൽ അഖ്‌സ പരിസരത്ത് നിന്ന് അറബികളെ തുടച്ചു നീക്കുകയെന്നത് സയണസ്റ്റ് ആശയഗതിയിൽ രൂഢമൂലമായ കാര്യമാണ്.

സയണിസ്റ്റ് സൈദ്ധാന്തികനായ ഡേവിഡ് ബെൻഗൂറിയൻ 1939ൽ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല, മറിച്ച് തുടക്കമാണ്. അന്താരാഷ്ട്ര ശക്തികൾ നമുക്ക് അനുവദിച്ച് തന്നിട്ടുള്ള ഭൂവിഭാഗത്തിൽ നിന്ന് പുറത്തേക്ക് കുടിയേറിപ്പാർക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും നമ്മെ തടയാനാകില്ല. സയണിസ്റ്റ് മോഹങ്ങളുടെ അതിരുകൾ ജൂതജനതയുടെ ഉത്കണ്ഠയാണ്.” ദേർ യാസീൻ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ജൂത ഗ്രൂപ്പിന്റെ പ്രഖ്യാപനം കൂടി വായിക്കാം: “വീണ്ടെടുപ്പിനെ പ്രതീകവത്കരിക്കുന്ന ഏറ്റവും ആഴത്തിലുള്ള പ്രത്യാശ ജൂതരുടെ ആരാധനാലയങ്ങൾ പുനർനിർമിക്കുന്നതിലാണ്. ഒരു ദിവസം, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രണ്ട് മുസ്‌ലിം പള്ളികളും (അൽ ഹറമുശ്ശരീഫും അൽ അഖ്‌സയും) അപ്രത്യക്ഷമാകുമെന്ന് ഉറപ്പാണ്” ഈ ആഹ്വാനം നടപ്പിൽ വരുത്താനായി നിരവധി തവണ ജൂത തീവ്രവാദികൾ അൽ അഖ്‌സ കോന്പൗണ്ടിൽ സംഘർഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

1929ൽ അൽ ബുറാഖ് ഗേറ്റിലൂടെ അഖ്‌സ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജൂതൻമാരെ ഫലസ്തീനികൾ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴിവെച്ചു. നിരവധി പേർ മരിച്ചുവീണു. ഫലസ്തീൻ മണ്ണ് സംരക്ഷിക്കാനായി നടന്ന ആദ്യ സംഘടിത ശ്രമമെന്ന നിലയിലാണ് ഈ സംഭവത്തെ ചരിത്രകാരൻമാർ വിലയിരുത്തുന്നത്. 1969ൽ ആസ്‌ത്രേലിയൻ ക്രിസ്ത്യാനി കോന്പൗണ്ടിൽ ഇരച്ച് കയറി തീവെച്ചു. അന്ന് അത്യന്തം ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ കത്തിനശിച്ചു. 1990ൽ ഉണ്ടായ സംഘർഷത്തിനിടെ 20 ഫലസ്തീനികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1996ൽ പടിഞ്ഞാറൻ കവാടത്തിലേക്ക് ജൂതൻമാർ തുരങ്കം പണിതപ്പോൾ അത് ചെറുക്കാൻ ഫലസ്തീനികൾ ഇറങ്ങി. 63 പേരാണ് മരിച്ചുവീണത്. 2000ത്തിൽ ഇസ്‌റാഈൽ നേതാവ് ഏരിയൽ ഷാരോൺ ആയിരക്കണക്കിന് സൈനികരുടെ അകമ്പടിയോടെ അൽ അഖ്‌സ സന്ദർശിക്കാനെത്തി. അന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ നടത്തിയ പ്രതിരോധമാണ് രണ്ടാം ഇൻതിഫാദക്ക് വഴിവെച്ചത്.

വെസ്റ്റ്ബാങ്കിലെ ചരിത്ര പ്രസിദ്ധമായ ഇബ്‌റാഹീമി പളളി പിടിച്ചടക്കിയതുമായി അൽ അഖ്‌സ പരിസരത്ത് ആവർത്തിക്കുന്ന സംഘർഷങ്ങൾക്ക് കൃത്യമായ സാമ്യമുണ്ടെന്ന് ഈ പംക്തി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഹീബ്രോൺ (അൽ ഖലീൽ) പട്ടണത്തിലെ പള്ളിയിൽ 1990കളിൽ ജൂതൻമാർ കൂട്ടമായി വരാൻ തുടങ്ങി. ആദ്യമൊക്കെ പള്ളി പരിസരത്തായിരുന്നു കർമങ്ങൾ. സാവധാനം പള്ളിക്കത്തേക്ക് കയറാൻ തുടങ്ങി. ഇടക്കിടക്ക് ഫലസ്തീനികളുമായി ഉരസലുകളുണ്ടായി. 1994 ഫെബ്രുവരി 25ന് ജൂത തീവ്രവാദി ബറൂച്ച് ഗോൾഡ്സ്റ്റിൻ പള്ളിയിൽ ഇരച്ച് കയറി തലങ്ങും വിലങ്ങും വെടിവെച്ചു. നിസ്‌കാരത്തിലായിരുന്ന 30 ഫലസ്തീനികൾ തത്ക്ഷണം മരിച്ചു. ഇസ്‌റാഈലി സൈന്യം ഉടൻ പള്ളി വളഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പള്ളി അടച്ചിടുകയാണ് പിന്നെ ചെയ്തത്. ഇസ്‌റാഈൽ സർക്കാർ ദുഃഖം നടിച്ചു. പള്ളി മുസ്‌ലിംകൾക്ക് തന്നെ തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, പള്ളി സമുച്ചയം വിഭജിക്കുകയാണ് സർക്കാർ ചെയ്തത്. ഒരു ഭാഗം ജൂതർക്ക് മറുഭാഗം മുസ്‌ലിംകൾക്ക്. ഇതേ തന്ത്രമാണ് അൽ അഖ്‌സയുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നതെന്ന് ജറൂസലം മുഫ്തി ശൈഖ് ഇക്‌രിമ സബ്‌രി പറയുന്നു.

ഈ സംഘർഷങ്ങളെ ഒറ്റപ്പെട്ടതായോ ഏതെങ്കിലും അതിവൈകാരിക ഗ്രൂപ്പിന്റെ എടുത്തു ചാട്ടമായോ ഫലസ്തീനികളുടെ വൈകാരിക പ്രതികരണങ്ങളിൽ നിന്നുണ്ടാകുന്നതായോ വ്യാഖ്യാനിക്കുന്നതിന് പകരം വസ്തുതകളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ അഞ്ച് കാരണങ്ങൾ അഥവാ ലക്ഷ്യങ്ങൾ കാണുവാനാകും. ഒന്നാമത്തെ ലക്ഷ്യം റമസാനിൽ വിശ്വാസികൾ വിശുദ്ധ കേന്ദ്രങ്ങളിൽ എത്തുന്നതും അവിടെ സ്മരണകൾ പുതുക്കുന്നതും തടയുക തന്നെയാണ്. രണ്ടാമത്തേത്, മേഖലയെ സംഘർഷഭരിതമാക്കി നിലനിർത്തുക. അപ്പോൾ കൂടുതൽ സൈനിക, പോലീസ് സാന്നിധ്യമാകാമല്ലോ. ഈ പഴുതിലൂടെ കൂടുതലിടങ്ങളിലേക്ക് ജൂത അധിനിവേശം പടർത്താം. മൂന്നാമത്തെ ലക്ഷ്യം, അറബ് വംശജരെ കൂടുതൽ പ്രകോപിപ്പിക്കുകയാണ്. അങ്ങനെ അവർക്കിടയിൽ തീവ്ര നിലപാടുകാർക്ക് വളരാൻ അവസരമൊരുക്കുക. അപ്പോൾ വ്യവസ്ഥാപിതമായ ഐക്യപ്പെടൽ തടയാനാകും. അന്താരാഷ്ട്ര കരാറുകൾ നിരന്തരം ലംഘിക്കുകയെന്നതാണ് നാലാമത്തെ തന്ത്രം. യു എന്നടക്കമുള്ള ഏജൻസികളുടെ നിയന്ത്രണങ്ങൾക്ക് പുറത്താണ് കിഴക്കൻ ജറൂസലമെന്ന പ്രതീതി സൃഷ്ടിക്കുക തന്നെ. യു എസിന്റെ പിന്തുണയുള്ളിടത്തോളം ഇത് എളുപ്പമാണല്ലോ. അൽ അഖ്‌സയുടെ വിഭജനമോ, സമ്പൂർണമായ കീഴടക്കലോ ആണ് ആത്യന്തിക ലക്ഷ്യം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്