Connect with us

Ongoing News

കൊല്‍ക്കത്തയെ ചുരുട്ടിക്കൂട്ടിയ രാജസ്ഥാന് തകര്‍പ്പന്‍ ജയം

Published

|

Last Updated

മുംബൈ | നാല് ഓവറില്‍ വെറും 23 റണ്‍സിന് നാല് വിക്കറ്റെടുത്ത ക്രിസ് മോറിസിന്റെയും കൂട്ടാളികളുടെയും ബോളിംഗ് മികവിലും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ബാറ്റിംഗ് നേതൃമികവിലും ഐ പി എല്‍ 18ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ആറ് വിക്കറ്റ് ജയം. ടോസ് നേടിയെങ്കിലും കൊല്‍ക്കത്തയെ ബാറ്റിംഗിന് അയച്ച രാജസ്ഥാന്‍ ബോളിംഗില്‍ കൃത്യമായ മേധാവിത്വം പുലര്‍ത്തുകയായിരുന്നു. ഒന്നിന് പിറകെ ഒന്നൊന്നായി വിക്കറ്റ് കൊഴിഞ്ഞ കൊല്‍ക്കത്ത ബാറ്റിംഗ് നിര നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 133 റണ്‍സ് മാത്രമാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്ത് വിജയിച്ചു.

26 ബോളില്‍ 36 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 22 റണ്‍സെടുത്ത ഓപണര്‍ നിതീഷ് റാണ, 25 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മാത്രമാണ് കൊൽക്കത്ത ബാറ്റിംഗ് നിരയിൽ പേരിനെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. ഇവരെ കൂടാതെ ശുഭ്മാന്‍ ഗില്ലും പാറ്റ് കമ്മിന്‍സും മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗാന്‍ അനവസരത്തില്‍ റണ്‍ഔട്ട് ആകുകയും ചെയ്തു. രാജസ്ഥാന്‍ ബോളിംഗ് നിരയില്‍ എല്ലാവരും മിന്നും ഫോമിലായിരുന്നു. ജയ്‌ദേവ് ഉനട്കട്, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും റണ്‍സൊഴുക്കാന്‍ പ്രയാസപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പിടിച്ചുനിന്നതിനാലാണ് വിജയിക്കാനായത്. ഓപണര്‍ ജോസ് ബട്‌ലര്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായെങ്കിലും യശസ്വി ജയ്‌സ്വാളും സഞ്ജുവും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍, 17 ബോളില്‍ 22 റണ്‍സെടുത്ത് ജയ്‌സ്വാള്‍ പുറത്തായി. ശിവം ദുബെ (22), ഡേവിഡ് മില്ലർ (24). രാഹുല്‍ തവാതിയ (അഞ്ച്) എന്നിവരും സഞ്ജുവിന് പിന്തുണ നല്‍കി. സഞ്ജു 41 ബോളിൽ പുറത്താകാതെ 42 റൺസെടുത്തു. കൊല്‍ക്കത്തക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ടും ശിവം മാവി, പ്രസീധ് കൃഷ്ണ എന്നിവര്‍ ഒന്ന് വീതവും വിക്കറ്റ് വീഴ്ത്തി.

---- facebook comment plugin here -----

Latest