Connect with us

Ramzan

വെൺമ നൽകുന്ന നിസ്‌കാരങ്ങൾ

Published

|

Last Updated

നിങ്ങളുടെ വീട്ടുപടിക്കലൂടെ ഒരു നദി ഒഴുകുന്നുണ്ടെന്ന് സങ്കൽപ്പിക്കൂ. നിങ്ങളതിൽ നിന്ന് ഓരോ ദിവസവും അഞ്ച് തവണ കുളിക്കുന്നു. എങ്കിൽ ദേഹത്ത് വല്ല അഴുക്കും അവശേഷിക്കുമോ?- നബി (സ) അനുയായികളോട് ചോദിച്ചു. അവർ ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ നബി തുടർന്നു: ഇതു പോലെയാണ് അഞ്ച് സമയങ്ങളിലെ നിസ്‌കാരവും. അവ കൃത്യമായി നിർവഹിക്കുന്നവരിൽ പാപങ്ങളൊന്നും ബാക്കിയാകില്ല. നിസ്‌കാരത്തിന്റെ പവിത്രത കൊണ്ട് അല്ലാഹു തെറ്റുകൾ പൊറുത്ത് തരുന്നതാണ്.
വിശ്വാസികളിൽ നിന്ന് സംഭവിക്കുന്ന ചെറുതും വലുതുമായ തെറ്റുകളിൽ നിന്ന് ചെറുതെല്ലാം അല്ലാഹു നന്മകൾ കാരണമായി പൊറുത്ത് നൽകും. എന്നാൽ, വൻദോഷങ്ങൾ പൊറുപ്പിക്കാൻ നന്മകൾ ചെയ്താൽ മതിയാകില്ല. അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തണം.

ചെയ്ത പാപം മറ്റൊരുത്തന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന വിധത്തിലുള്ളതോ മനുഷ്യരുമായി ബന്ധപ്പെട്ടതോ ആണെങ്കിൽ ആ തെറ്റിൽ അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നതിന് മുമ്പ് അവരുമായി ക്ഷമാപണം നടത്തൽ അത്യാവശ്യമാണ്. എന്നാൽ, മാത്രമേ പരിപൂർണമായി പാപമുക്തനാവുകയുള്ളൂ.
പരിശുദ്ധ ഇസ്‌ലാം മതത്തിൽ വലിയ പ്രതിഫലമുള്ള സത്കർമമാണ് ഓരോ ദിവസവും അഞ്ച് സമയങ്ങളിൽ നിർവഹിക്കേണ്ട നിർബന്ധ നിസ്‌കാരങ്ങൾ. നിബന്ധനകൾ പാലിച്ച് കൃത്യതയോടെ നിർവഹിക്കുന്ന രണ്ട് നിസ്‌കാരങ്ങൾക്കിടയിൽ വിശ്വാസികൾക്ക് സംഭവിച്ച് പോകുന്ന ദോഷങ്ങൾ നിസ്‌കാരം നിമിത്തമായി പൊറുക്കപ്പെടുമെന്ന് നബി (സ) പ്രസ്താവിച്ചിരിക്കുന്നു. മഹാ പാപങ്ങൾ പ്രവർത്തിക്കരുതെന്ന് മാത്രം.

സൂറത്തുൽ ഹൂദിലെ 114ാം ആയത്തിൽ ഇങ്ങനെ വായിക്കാം: “പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യ സമയങ്ങളിലും നീ നിസ്‌കാരം നിർവഹിക്കുക. നിശ്ചയം സത്കർമങ്ങൾ ദുഷ്‌കർമങ്ങളെ നീക്കിക്കളയുന്നതാണ്”. ഇബ്‌നു മസ്ഊദ് (റ) വിൽ നിന്ന് ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട്. അരുതായ്മ പ്രവർത്തിച്ച ഒരാൾ പശ്ചാത്താപ മനസ്സോടെ നബി(സ)യുടെ അരികിൽ പരിഹാരമന്വേഷിച്ച് വന്നപ്പോഴാണീ ആയത്ത് ഇറങ്ങിയത്.
അല്ലാഹു നിഷിദ്ധമാക്കിയ പ്രവർത്തനങ്ങൾ ചെയ്തത് കൊണ്ട് മാത്രമല്ല ഒരാൾ പാപിയായി മാറുന്നത്. ചെയ്യാൻ കൽപ്പിച്ച പ്രവർത്തനങ്ങളോട് നിസ്സഹകരിക്കലും തെറ്റാണ്. നിസ്‌കാരം കൃത്യമായി നിർവഹിക്കാത്തവർക്ക് കഠിനമായ ശിക്ഷയുണ്ടെന്ന താക്കീതുണ്ട്.

അത് നിർബന്ധമില്ലെന്ന് വാദിച്ചവന് മതത്തിൽ യഥാർഥ വിശ്വാസിയുടെ പരിഗണന പോലും ലഭിക്കുകയില്ല. കാരണം കൂടാതെ നിസ്‌കാരം സമയം തെറ്റിക്കുന്നത് മഹാപാതകമായി കണക്കാക്കുന്ന കുറ്റകൃത്യമാണ്.