Kerala
ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ച് ഫണ്ടിലേക്ക്; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് സുബൈദ

തിരുവനന്തപുരം | ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കൊല്ലത്തെ സുബൈദ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിഞ്ഞ വര്‍ഷം 5,510 രൂപ സംഭാവന നല്‍കിയ സുബൈദ ഇത്തവണ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ച് ഫണ്ടിലേക്ക് 5,000 രൂപ നല്‍കി. ഇതും ആടിനെ വിറ്റ് നേടിയ പണമാണ്. സുബൈദയുടെ സഹായമനസ്‌കത ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. സ്വന്തമായി നടത്തുന്ന ചെറു ചായക്കടയില്‍ നിന്നും ആട് വളര്‍ത്തലിലും നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് സുബൈദ ജീവിതച്ചെലവുകള്‍ നിര്‍വഹിക്കുന്നത്.
ഏത് പ്രയാസഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണം എന്ന മാനസികാവസ്ഥയാണ് നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തെയും നയിക്കുന്നതെന്നും സാധാരണക്കാരുള്‍പ്പെടെയുള്ളവരുടെ സംഭാവനയെ പരാമര്‍ശിക്കവേ മുഖ്യമന്ത്രി കഴിഞ്ഞ തവണ പറഞ്ഞിരുന്നു.