Connect with us

Covid19

ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധം; പുതിയ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അടക്കമുള്ള ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ തന്നെ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. ഇതില്‍ നെഗറ്റീവാണെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കാം. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി രോഗികളെ ആശുപത്രിയില്‍ത്തന്നെ എത്തിച്ച് ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍  ഫലം നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്റൈനില്‍ കഴിയണം. വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വാക്‌സിന്‍ എടുത്തവരാണെങ്കിലും 48 മണിക്കൂര്‍ മുമ്പത്തെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അല്ലാത്തവര്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനില്‍ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം, പേശിവേദന, മണം നഷ്ടപ്പെടല്‍ എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.