Connect with us

Ongoing News

ജീരകക്കഞ്ഞി കുടിച്ച് പാതിരാ വഅള് കേൾക്കാൻ

Published

|

Last Updated

ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് എന്റെ ചെറുപ്പകാലത്ത് പരിശുദ്ധ റമസാനിന്റെ രാത്രികളിൽ തറാവീഹിന്റെ ശേഷമായിരുന്നു മിക്ക വഅളുകളും. അന്ന് ഉച്ചഭാഷിണികൾ ഉപയോഗിക്കാത്ത വഅളുകളായിരുന്നു ഏറെയും. ഒഴൂർ പഞ്ചായത്തിലെ കോറാട് മുദര്‍രിസായിരുന്ന തിരൂരങ്ങാടി സ്വദേശി മറ്റത്ത് മൊയ്തീൻ മുസ്‌ലിയാർ അന്നുണ്ടായിരുന്ന പ്രസിദ്ധ പ്രഭാഷകനായിരുന്നു.

ഉച്ചഭാഷിണിയില്ലാതെയുള്ള അദ്ദേഹത്തിന്റെ വഅളിന്റെ ശബ്ദം വളരെ ദൂരേക്ക് കേൾക്കുമായിരുന്നു. രാത്രി തറാവീഹ് നിസ്‌കാരത്തിന് ശേഷം ഒരു കഞ്ഞി കുടിക്കുന്ന പതിവ് എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ജീരകക്കഞ്ഞിയായിരിക്കും ചില വീടുകളിൽ. അത് കുടിച്ചശേഷം കിലോമീറ്ററുകൾ നടന്നിട്ടാണ് വഅള് കേൾക്കാൻ പോകാറ്.

അന്നത്തെ ആ പാതിരാ വഅള് ശ്രോതാക്കൾക്ക് വളരെ ഫലം ചെയ്യുന്നതായിരുന്നു. വഅള് പറയുന്ന ഉസ്താദും സദസ്യരും കരയുന്ന രംഗങ്ങൾ കാണാമായിരുന്നു.
ഇന്ന് ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രഭാഷണങ്ങളും പ്രഭാഷകരും കൂടുതലാണെങ്കിലും ഫലം ചെയ്യൽ കുറവായിട്ടാണ് അനുഭവം. അക്കാലത്ത് നോമ്പ് തുറയുടെ സദസ്സുകളിൽ പോകുമ്പോൾ കാരക്ക മൂന്നോ നാലോ കീറുകളാക്കി വെക്കും. ചിലയിടങ്ങളിൽ വെള്ളമായിരിക്കും നോമ്പ് തുറക്കാൻ.

കാരക്കയാണ് നോമ്പ് തുറക്കാൻ ഏറ്റവും നല്ലതെന്നാണ് അന്ന് ഞാനും മനസ്സിലാക്കിയത്. പിന്നെ ദർസിൽ പഠിക്കുമ്പോഴാണ് ഉണങ്ങിയ കാരക്കയേക്കാളും ശ്രേഷ്ഠത ഉണങ്ങാത്ത ഈത്തപ്പഴത്തിനാണെന്ന് ഉസ്താദ് പഠിപ്പിച്ചുതന്നത്. ആ കാരക്കയുടെയും വെള്ളത്തിന്റെയും പുറമേ അന്ന് ഒരു തരിക്കഞ്ഞിയും പതിവുണ്ടായിരുന്നു.

പിന്നെ പത്തിരിയും ഇറച്ചിയും. ഇന്ന് ശൈലികൾ മാറി. വിവിധങ്ങളായ വിഭവങ്ങളും അതിലേക്ക് വിവിധങ്ങളായ കൂട്ടാനുകളുമായി പരസ്പര വൈരുധ്യമുള്ള ഭക്ഷണശൈലി. ഉഷ്ണമുള്ളതും തണുപ്പുള്ളതും ദഹിക്കുന്നതും അല്ലാത്തതുമായി പലതും അമിതരീതിയിൽ നാം ഭക്ഷിക്കുമ്പോൾ നമുക്ക് ഭൗതികമായും പാരത്രികമായും പല നഷ്ടങ്ങൾക്കും അത് കാരണമാകുന്നു.

തറാവീഹ് നിസ്‌കാരത്തിൽ 30 ദിവസം കൊണ്ട് ഖുർആൻ ഖത്മ് തീർക്കൽ സുന്നത്താണെങ്കിലും മുന്‍ കാലങ്ങളിൽ നമ്മുടെ പ്രദേശങ്ങളിൽ അത് കുറവായിരുന്നു. ചെറിയ സൂറത്തുകൾ ഓതി നിസ്‌കരിക്കലായിരുന്നു അധികവും.
പഴയകാലത്തെ ജനങ്ങൾക്ക് മതപരമായ മറ്റ് കാര്യങ്ങളെ പോലെ തന്നെ പരിശുദ്ധ റമസാൻ കടന്നുവരുമ്പോൾ ആദരവും ബഹുമാനവും കൂടുതലായിരുന്നു.

റമസാനിൽ ജോലികളെല്ലാം നിർത്തിവെച്ച് ഇബാദത്തിനായി ഒരുങ്ങുമായിരുന്നു. റമസാൻ മുഴുവനും ഇഅ്തികാഫിരിക്കുന്നവരുമുണ്ടായിരുന്നു. എന്റെ ഗുരുനാഥൻ മർഹൂം വൈലത്തൂർ ബാവ മുസ്‌ലിയാർ റമസാൻ മുഴുവനും വീട്ടിനടുത്ത പള്ളിയിൽ ഇഅ്തികാഫും ഗ്രന്ഥരചനയും ദർസുമായി കഴിഞ്ഞിരുന്നു.

തയ്യാറാക്കിയത്
ഹമീദ് തിരൂരങ്ങാടി

Latest