Connect with us

Cover Story

മണ്ണില്ലാതെ വിളവ്; ഈ കൃഷി വേറെ ലെവലാ...

Published

|

Last Updated

മണ്ണില്ലാതെയും വെള്ളത്തിന്റെ അളവ് കുറച്ചും പരിമിതമായ സ്ഥലത്ത് കൃഷിയോ? കേൾക്കുന്നവർക്ക് ആദ്യം കൗതുകം തോന്നാമെങ്കിലും സംഗതി സത്യമാണ്. മണ്ണിന് പകരം കരിയിലയും ചാണകവും ഉപയോഗിച്ച് കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് പുൽപ്പള്ളി ചീയമ്പം ചെറുതോട്ടിൽ വർഗീസ്. കാലാവസ്ഥയിലെ മാറ്റങ്ങൾ മറികടക്കാൻ നൂതന കൃഷിരീതി പരീക്ഷിച്ച് വിജയം കൊയ്ത വർഗീസിന്റെ കൃഷി കർഷകപ്രസ്ഥാനത്തിന് അഭിമാനിക്കാവുന്ന അനന്യസാധാരണമായ പുത്തൻ കണ്ടെത്തലാണ്. ഇനിയൊരു യുദ്ധം വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന ചൊല്ല് നാളുകൾ കഴിയുമ്പോഴും നമ്മെ ഓർമപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോഴത്തെ കാലാവസ്ഥ.

പുൽപ്പള്ളിക്കാരാനായ വർഗീസിന് ജലക്ഷാമത്തെക്കുറിച്ച് ആരും പറഞ്ഞ് നൽകേണ്ട ആവശ്യമില്ല. വയനാട്ടിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണ് പുൽപ്പള്ളി. വെള്ളം വളരെ കുറഞ്ഞ അളവിൽ അതും നമ്മൾ കുളിക്കാനും മറ്റും ഉപയോഗിച്ച വെള്ളം ഫിൽറ്റർ ചെയ്താണ് വർഗീസ് തന്റെ കൃഷിയിടത്തിലേക്ക് എത്തിക്കുന്നത്. വരൾച്ച പിടിമുറുക്കിയ ഈ ഘട്ടത്തിൽ ഏറെ മാതൃകാപരമായ രീതിയിലാണ് കൃഷി. കാലാവസ്ഥയിൽ ഏറെ മാറ്റങ്ങൾ സംഭവിച്ച ഈ ഘട്ടത്തിൽ വരൾച്ചയെ മറികടക്കാൻ വേണ്ടി കൂടിയാണ് വർഗീസ് മണ്ണില്ലാകൃഷി രീതി അവലംബിച്ചത്. കാരറ്റ്, ബിറ്റ്‌റൂട്ട്, ചെറിയുള്ളി, സവാള, കൂർക്ക, കിഴങ്ങ്, തക്കാളി തുടങ്ങിയ വിളകളാണ് അദ്ദേഹം പ്ലാസ്റ്റിക് കുപ്പികളിലും വലക്കൂടിലും തെങ്ങ്, കമുക് എന്നിവയുടെ തടികളിലുമായി കൃഷി ചെയ്യുന്നത്. വർഗീസിന്റെ കൃഷിരീതികളെ കുറിച്ചറിഞ്ഞ കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.

കൃഷി ചെയ്യാം,
മണ്ണില്ലാതെ!

കൃഷി ചെയ്യാൻ നിലം വേണമെന്നില്ലെന്നും പി വി സി പൈപ്പും ഗ്രീൻനെറ്റും പ്ലാസ്റ്റിക് കുപ്പികളും ധാരാളമെന്ന് തെളിയിക്കുകയാണ് വർഗീസ്. ഒന്നര ഏക്കർ ഭൂമി സ്വന്തമായുണ്ടെങ്കിലും മണ്ണിന്റെ ഉപയോഗം പരമാവധി കുറച്ച് എങ്ങനെ കൃഷിചെയ്യാമെന്നാണ് വർഗീസ് കാണിച്ചു തരുന്നത്. വഴിയരികിൽ നിറയെ ഇരുമ്പുവല കൂടുകളിൽ കാരറ്റും കൂർക്കലും മുറ്റം നിറയെ ഗ്രോബാഗുകളിൽ ചീനിയും മറ്റ് വിളകളും ഈ കാഴ്ചകളോടെയാണ് വർഗീസിന്റെ വീട് ആരെയും ക്ഷണിക്കുന്നത്. കൃഷി ചെയ്യാൻ മണ്ണിനേക്കാളാവശ്യം മനസ്സാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പറമ്പിൽ നിന്ന് ശേഖരിക്കുന്ന കരിയിലകളും കമ്പോസ്റ്റ് വളവും ചാണകവുമൊക്കെയാണ് വളമായി നൽകുന്നത്. മണ്ണിന് ഇവിടെ വലിയ റോളില്ല എന്നതാണ് പ്രത്യേകത. നാലിഞ്ച് പി വി സി പൈപ്പിനുള്ളിൽ 21 തുളകളിട്ട് ചെയ്ത കൃഷി വൻവിജയമായിരുന്നു. വിളവെടുപ്പ് വിജയിച്ചതിനെ തുടർന്ന് വെളുത്തുള്ളി, കാരറ്റ്, ബീൻസ് തുടങ്ങിയവയും പൈപ്പിനുള്ളിൽ കൃഷി ചെയ്ത് വർഗീസ് പുതുമയാർന്ന കൃഷിരീതിയിലൂടെ വിജയിപ്പിച്ചെടുത്തു. ആട്ടിൻകാട്ടവും ചകിരിച്ചോറും മണ്ണിര കമ്പോസ്റ്റും പൈപ്പിനുള്ളിലും പ്ലാസ്റ്റിക് കുപ്പികളിലും നിറച്ചാണ് കൃഷി. വീട്ടുമുറ്റത്ത് തന്നെ കമുകിൻതടിയിൽ വളം നിറച്ച് ചെയ്ത തക്കാളികൃഷിയും വൻ വിജയമായിരുന്നു. വീടിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ ഫാംഹൗസിൽ ഇപ്പോൾ ഇതേ രീതിയിൽ വാനില കൃഷിയും ചെയ്തു വരുന്നുണ്ട്.

വലക്കൂട്ടിലെ
ലാഭക്കൃഷി

കാർഷിക നാടെന്ന് ഊറ്റംകൊള്ളുമ്പോഴും വിലത്തകർച്ചയും ഉത്പാദനക്കുറവും കർഷകരെ കൃഷിയിൽ പിന്നോട്ടടിപ്പിക്കുകയാണ്. ഉത്പാദനച്ചെലവിന്റെ മൂന്നിലൊന്നു പോലും ലഭിക്കാതെ വരുമ്പോഴാണ് പലരും മേഖലയിൽ നിന്ന് മാറിച്ചിന്തിക്കുന്നത്. കൃഷിയിറക്കുന്നവരുടെ ഉള്ളിൽ ഒരൊറ്റ ലക്ഷ്യമായിരിക്കും ലാഭം കിട്ടണമെന്നത്. മുടക്കുന്നതിന്റെ പകുതി പോലും ലാഭം ലഭിക്കാത്ത സ്ഥിതിയാണ് നിലവിൽ കർഷകർ അനുഭവിക്കുന്ന വെല്ലുവിളി. വർഗീസിന്റെ മാതൃകയിൽ ഒരു ക്യാരറ്റ് കൃഷി ചെയ്യുന്നിടത്തു നിന്ന് 50 ക്യാരറ്റ് വിളവെടുത്താലോ? കേൾക്കുന്നവർക്കും കാണുന്നവർക്കും കൗതുകം നൽകുന്ന കാര്യമാണ്. ഒരു വലക്കൂടിൽ വർഗീസ് വിളയിച്ചെടുക്കുന്നത് 50 ക്യാരറ്റാണ്. നാലടി ഉയരത്തിലാണ് വെൽഡ് മെഷ് ഉപയോഗിച്ച് വലക്കൂട് നിർമിക്കുന്നത്. ക്യാരറ്റ് കൃഷിയിറക്കി 90 ദിവസം കഴിഞ്ഞ് വിളവെടുക്കാം. ആദ്യ വിളവെടുപ്പ് കഴിഞ്ഞാൽ അതേ മിശ്രിതത്തിൽ തന്നെ വീണ്ടും കൃഷിയിറക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

വലക്കൂട് നിർമാണം
എങ്ങനെ?

60 സെന്റീമീറ്റർ നീളത്തിൽ വെൽഡ്‌മെഷ് നെറ്റ് മുറിച്ചെടുക്കുക.
തുരുമ്പെടുക്കാതിരിക്കാനായി പെയിന്റ് ചെയ്യണം.
ഈ നെറ്റ് വളച്ച് ഉള്ളിലായി ഗ്രീൻനെറ്റ് വെച്ച് പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് കെട്ടി വെക്കണം. സംഗതി റെഡി.
ഇനി മിശ്രിതം നിറച്ച് വിത്ത് നടാം.
വലക്കൂട് നിറക്കാൻ കരിയില, ഉണങ്ങിയ ചാണകം, ചകിരിച്ചോർ, മണ്ണിര കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതം ഉപയോഗിക്കാം. വിത്തിട്ടശേഷം വെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കണം.

ഡ്രിപ്പ് പൈപ്പ് കൊടുത്ത് അതിൽ ഒരു വാൽവ് ഘടിപ്പിച്ചാണ് നനക്കുന്നത്. ശരാശരി മൂന്ന് കിലോ ഒരു കൂടയിൽ നിന്ന് ആദായം കിട്ടും. ചുരുങ്ങിയത് 10 വർഷമെങ്കിലും ഇത് നമുക്ക് ഉപയോഗിക്കാം.

ഒരു മിശ്രിതത്തിൽ
ഒന്നിലേറെ തവണ കൃഷി

ഒരു തവണ കൃഷിയിറക്കിയ സ്ഥലത്ത് വീണ്ടും ഇറക്കിയാൽ വേണ്ടത്ര വിളവ് കിട്ടാറില്ല. എന്നാൽ, വർഗീസ് ചേട്ടൻ അവലംബിക്കുന്ന മാതൃകയിൽ ഒരു തവണ ഉപയോഗിക്കുന്ന പൈപ്പ് വിളവെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇതിൽ തന്നെ കൃഷി ചെയ്യാമെന്നതാണ് പ്രത്യേകത. ഇങ്ങനെ ഒരേ മിശ്രിതത്തിൽ രണ്ടോ മൂന്നോ തവണ കൃഷിചെയ്യാം. വെള്ളം കുറച്ച് മതിയെന്നതും വിളവെടുപ്പ് സുഗമമാക്കാനും ഈ രീതി ഉചിതമാണ്. വിളവെടുപ്പും എളുപ്പമാണ്. പൈപ്പ് പുറത്തെടുത്ത് കുടഞ്ഞാൽ ക്യാരറ്റ്, ഉള്ളി, വെളുത്തുള്ളി പോലുള്ളവ മുഴുവനായും ലഭിക്കും. കുപ്പികളിലെ കൃഷിയും വ്യത്യസ്തമല്ല. വിളവെടുപ്പ് കഴിഞ്ഞാലും ഇതേ കുപ്പിയിൽ തന്നെ വീണ്ടും കൃഷി നടത്താം. പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയായിരുന്നു തുടക്കത്തിൽ വർഗീസിന് കിട്ടിയ വിളവ്. അത് ആത്മവിശ്വാസം വർധിപ്പിച്ചു. കൂടുതൽ വിളവിറക്കി. കൃഷിയുമായി ബന്ധപ്പെട്ട് എന്ത് ചോദിച്ചാലും അവരെ നിരാശരാക്കി പറഞ്ഞയക്കാറില്ല വർഗീസ്. പലർക്കും കൃഷി സംബന്ധമായ ക്ലാസുകൾ നൽകി കൂടുതൽ ആളുകളെ കൃഷിവഴിയിലേക്ക് ക്ഷണിക്കുന്ന ഉദ്യമവും നിശ്ശബ്ദമായ നിശ്ചയദാർഢ്യത്തോടെ ഇദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്.

ജലം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ കർഷകൻ

കുടിയേറ്റ മേഖലയാണ് പുൽപ്പള്ളി. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖല കിതച്ചതോടെ പലരും കൃഷിയിൽ നിന്നും പിൻമാറിത്തുടങ്ങിയ ഘട്ടത്തിലായിരുന്നു അവർക്ക് പ്രചോദനമായി വർഗീസ് പുതിയ മാർഗങ്ങൾ പരീക്ഷിച്ച് വിജയിച്ചത്. വയനാടിന്റെതെന്ന് ഒരുകാലത്ത് അവകാശപ്പെട്ടിരുന്ന തനത് കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുടെ ഭവിഷ്യത്തുകൾ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും പുഴകളും തോടുകളും വറ്റിത്തുടങ്ങി. വേനൽ കടുത്തതോടെ പലയിടങ്ങളിലും വരൾച്ചയും ജലക്ഷാമവും വർധിച്ചിട്ടുണ്ട്.

വന്യജീവി സങ്കേതമുൾപ്പെടെയുള്ള വനമേഖലകളിലെ നീർച്ചാലുകൾ വറ്റിത്തുടങ്ങി. വരൾച്ച രൂക്ഷമാണ് വയനാട്ടിൽ. കുളിക്കുന്നതും പാത്രം കഴുകുന്നതുമടക്കം ഉപയോഗശേഷമുള്ള വെള്ളം കൃഷിക്കായി ഉപയുക്തമാക്കി വർഗീസ് നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ടെറസിന് മുകളിൽ കെട്ടിനിൽക്കുന്ന വെള്ളവും മറ്റു അഴുക്ക് വെള്ളവും ഫിൽട്ടർ ചെയ്ത് കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് ടാങ്കിൽ മെറ്റലും അതിന് താഴെ ചിരട്ടക്കരിയും ഏറ്റവും അടിയിലായി ഇഷ്ടികയും വെച്ചാണ് ഫിൽട്ടർ ചെയ്യുന്നത്. വീടുകളിൽ നിന്നും ഇങ്ങനെ പാഴാക്കിക്കളയുന്ന വെള്ളത്തിന്റെ പുനരുപയോഗം കൃഷിയെ സ്‌നേഹിക്കുന്ന ഏതൊരു കർഷകനും പ്രചോദനവും ഉപകാരപ്രദവുമാണ്. പുതുപരീക്ഷണത്തിൽ, സ്വപ്രയത്നത്തിന്റെ ഉജ്ജ്വലമായ പാരമ്യത്തിൽ വിജയശ്രീലാളിതനായ ഈ കർഷകൻ പ്രതിസന്ധി നേരിടുന്ന കർഷക സമൂഹത്തിന് അൽപ്പമൊരാശ്വാസമായി, പുതിയ മാർഗം കാട്ടിയായി മുന്നേറുകയാണ്; ഇനിയും നൂതനമൊയൊരു പരീക്ഷണത്തിന് കാതോർത്ത്. പിഴുതുമാറ്റാനാകാത്ത ആത്മവീര്യത്തോടെ.
.

silpacsukumaran@gmail.com

---- facebook comment plugin here -----

Latest