Connect with us

Editorial

ചാരക്കേസ് ഗൂഢാലോചന സി ബി ഐ അന്വേഷിക്കുമ്പോള്‍

Published

|

Last Updated

ചാരത്തില്‍ നിന്ന് പുനര്‍ജനിക്കുകയാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്. കേസന്വേഷിച്ച സി ബി ഐ പ്രത്യേക സംഘം കേസില്‍ കഴമ്പില്ലെന്നായിരുന്നു വിധിയെഴുതിയിരുന്നത്. എന്നാല്‍ കേസില്‍ കഴമ്പുണ്ടെന്നും ഗൗരവതരമായ ഒരു ഗൂഢാലോചന ഇതിനു പിന്നില്‍ അരങ്ങേറിയിട്ടുണ്ടെന്നുമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഇതേക്കുറിച്ചന്വേഷിക്കാന്‍ സി ബി ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ കോടതി ബഞ്ച്. കേസ് കെട്ടിച്ചമച്ചതാണോ, കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചോ എന്നാണന്വേഷിക്കേണ്ടത്. ജസ്റ്റിസ് ജെയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നു വ്യക്തമാക്കിയ കോടതി മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സി ബി ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രമായ അന്വേഷണം തന്നെ ഇക്കാര്യത്തില്‍ വേണമെന്ന നിഗമനത്തിലാണ് കോടതി.

2018 സെപ്തംബറില്‍ സുപ്രീം കോടതിയാണ് ഐ എസ് ആര്‍ ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജെയിന്‍ അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് സമിതിയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍. രണ്ടര വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ വിശിഷ്യാ നമ്പി നാരായണന്റെ ഭാഗം വിശദമായി കേട്ട ശേഷം ഈ മാസം തുടക്കത്തില്‍ സമിതി മുദ്രവെച്ച കവറില്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും കോണ്‍ഗ്രസിലെ പ്രമുഖ നേതാവായിരുന്ന കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിക്കുകയും ചെയ്ത കേസാണിത്. 1994 ഒക്ടോബറില്‍ മര്‍യം റശീദ എന്ന മാലദ്വീപുകാരി തിരുവനന്തപുരത്ത് അറസ്റ്റിലാകുന്നതോടെയാണ് കേസിന്റെ തുടക്കം. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വിസാ കാലാവധി നീട്ടിക്കിട്ടാന്‍ ശ്രമിക്കുന്നതിനിടെ, നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ താമസിക്കവെ, മര്‍യം റശീദ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞനെ ഫോണ്‍ ചെയ്‌തെന്നും അത് രാജ്യരക്ഷാ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കാണണമെന്നുമായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് പാക്കിസ്ഥാനിലേക്ക് കൈമാറിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം.

ഇതടിസ്ഥാനത്തില്‍ 1994 നവംബര്‍ 30ന് ഐ എസ് ആര്‍ ഒയിലെ പ്രമുഖ ഉദ്യോഗസ്ഥരായിരുന്ന നമ്പി നാരായണന്‍, ഡി ശശികുമാരന്‍, മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
എന്നാല്‍ ചാരപ്രവര്‍ത്തനം നടന്നതിന് ഒരു തെളിവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ച സി ബി ഐ സംഘത്തിന്റെ കണ്ടെത്തല്‍. ഇതടിസ്ഥാനത്തില്‍ കോടതി നമ്പി നാരായണനെ വെറുതെ വിടുകയും അദ്ദേഹത്തിനു നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കാന്‍ വിധിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2018 ആഗസ്റ്റ് 10ന് പരസ്യമായി നഷ്ടപരിഹാര തുക നല്‍കി വിധി നടപ്പാക്കുകയുമുണ്ടായി. നിരപരാധിയായ നമ്പി നാരായണനെ കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കേസ് പെട്ടെന്ന് അവസാനിപ്പിച്ച് ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന നമ്പി നാരായണന്റെ ആവശ്യം പരിഗണിച്ചാണ് പിന്നീട് സുപ്രീം കോടതി കേസ് നടപടികളുമായി മുന്നോട്ടു പോയതും ജെയിന്‍ സമിതിക്ക് രൂപം നല്‍കിയതും.
എന്നാല്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സി ബി ഐയെ ഏല്‍പ്പിച്ച സുപ്രീം കോടതിയുടെ വ്യാഴാഴ്ചത്തെ ഉത്തരവ് സംസ്ഥാനത്തെ ചില രാഷ്ട്രീയ വൃത്തങ്ങളില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്. സി ബി ഐ അന്വേഷണം പോലീസ് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുമോ, രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങുമോ എന്നാണ് അവരുടെ ആശങ്ക. നമ്പി നാരായണനെതിരായ ഗൂഢാലോചനയില്‍ ചില രാഷ്ട്രീയ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്. ചാരക്കേസ് കെ കരുണാകരനെതിരെ ചിലര്‍ ഒരു രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോസ്ഥര്‍ മാത്രമല്ല, അഞ്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൂടി കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും 2018 സെപ്തംബറില്‍ തൃശൂരില്‍ ഒരു പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ ഉള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കേസിനു പിന്നില്‍ കളിച്ച ചില പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ പോലും തുറന്നു പറയുകയും ചെയ്തു.

ജസ്റ്റിസ് ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സി ബി ഐക്ക് കൈമാറിയ സുപ്രീം കോടതി, ഇതൊരു പ്രാഥമിക റിപ്പോര്‍ട്ട് മാത്രമായി കണക്കാക്കിയാല്‍ മതിയെന്ന് ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ജെയിനിന്റെ കണ്ടെത്തലിന് അപ്പുറത്തേക്ക് പോകാന്‍ സി ബി ഐക്കുള്ള അനുമതിയായാണ് ഈ പരാമര്‍ശത്തെ നിയമജ്ഞര്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന തെളിയിക്കുന്നതിനൊപ്പം ഇതിന്റെ പിന്നിലെ രാഷ്ട്രീയ കളികളിലേക്കും സി ബി ഐ കടന്നന്വേഷിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര ഭരണ കക്ഷിയായ ബി ജെ പിക്ക് താത്പര്യമുള്ള കേസ് കൂടിയാണത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കേരളത്തിലെ രണ്ട് മുന്നണികള്‍ക്കെതിരെയും ബി ജെ പി ഇത് ആയുധമാക്കുകയും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചാരക്കേസ് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് വഴക്കാണ് നമ്പി നാരായണന്റെ ശാസ്ത്രജീവിതം അവസാനിപ്പിച്ചതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം കേരള രാഷ്ട്രീയത്തില്‍ വീണ്ടുമൊരു കോളിളക്കത്തിനു വഴിയൊരുക്കുമോ എന്ന് കാത്തിരുന്നു കാണണം.