Connect with us

Kerala

ഇടത് മുന്നണി മികച്ച വിജയം നേടും; എന്‍ എസ് എസിന് പദാനുപദ മറുപടി ആവശ്യമില്ല: വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മികച്ച വിജയത്തോടെ ഇടതു മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടത് മുന്നണി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. രാജ്യസഭയിലേക്ക് ഒഴിവുവന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ഇടതുമുന്നണിക്ക് വിജയിക്കാനാവും. അതില്‍ സി പി എം പ്രതിനിധികള്‍ മത്സരിക്കണമെന്നാണ് തീരുമാനം. സി പി എം സംസ്ഥാന സമിതിയംഗം ഡോ. വി ശിവദാസന്‍, കൈരളി ടി വി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസുമാണ് സ്ഥാനാര്‍ഥികള്‍.

നിയമസഭാ തിരഞ്ഞെടുപ്പിനെ ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ ഐക്യത്തോടെയാണ് നേരിട്ടതെന്ന് യോഗം വിലയിരുത്തി. ഇടത് സര്‍ക്കാറിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ജനകീയാംഗീകാരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫ് ബി ജെ പിയും ഒരേതരത്തിലുള്ള ആക്രമണങ്ങളാണ് സര്‍ക്കാരിനു മുഖ്യമന്ത്രിക്കും എതിരെ നടത്തിയത്. തെറ്റായ കാര്യങ്ങളുടെ ആവര്‍ത്തനമായിരുന്നു ഇത്. തെരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകള്‍ നടത്തുകയും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഇത് ഏറ്റുപിടിക്കുകയും ചെയ്യുന്നു. ഇത്തരം തെറ്റായ പ്രസ്താവനകളെ ജനം അംഗീകരിക്കില്ല.

എന്‍ എസ് എസിനെ കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയ ലേഖനം സി പി എം നിലപാടാണെന്നും വിജയരാഘവന്‍ പറഞ്ഞു. എന്‍ എസ് എസ് പറയുന്ന കാര്യങ്ങള്‍ക്കെല്ലാം പദാനുപദ മറുപടി ആവശ്യമില്ല. എന്നാല്‍, തന്നെക്കുറിച്ച് പറയാന്‍ എന്‍ എസ് എസിന് അവകാശമുണ്ടെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.

Latest