Kerala
രാജ്യസഭാ തിരഞ്ഞെടുപ്പ്: ബ്രിട്ടാസ്, ശിവദാസന്‍ ഇടത് സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം | മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, സി പി എം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസന്‍ എന്നിവര്‍ രാജ്യസഭയിലേക്കുള്ള ഇടത് സ്ഥാനാര്‍ഥികളാകും. ഇവരെ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനത്തിന് തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കി. ഈ മാസം 30നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. രാവിലെ അവെയിലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യമനുസരിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു.
നിലവിലെ രാജ്യസഭാംഗം കെ കെ രാഗേഷിന് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. രാഗേഷിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് വിലയിരുത്തിയ അവെയിലബിള്‍ പി ബി വിലയിരുത്തുകയും അദ്ദേഹത്തെ വീണ്ടും പരിഗണിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടേം വ്യവസ്ഥയില്‍ ഇളവ് ഇപ്പോള്‍ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുക്കുകയും രാഗേഷിന് പകരം സാധ്യതാ പട്ടികയിലുണ്ടായിരുന്നവര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ദേശാഭിമാനിയുടെ ദില്ലി ബ്യൂറോ ചീഫായിരുന്ന ജോണ്‍ ബ്രിട്ടാസ് പിന്നീട് കൈരളി ടി വി ചാനലിന്റെ ചീഫ് എഡിറ്ററും പിന്നീട് എം ഡിയുമായി.
എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റായിരിക്കെ, നിരവധി വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതാണ് ശിവദാസനെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്നാണ് സി പി എം സംസ്ഥാന സമിതി അംഗമായത്.
കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 20 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അംഗബലം അനുസരിച്ച് എല്‍ ഡി എഫിന് രണ്ട് പേരെയും യു ഡി എഫിന് ഒരാളെയുമാണ് ജയിപ്പിക്കാനാകുക. മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് പത്രിക മാത്രം ലഭിച്ചാല്‍ മത്സരം ഒഴിവാകും. മുസ്‌ലിം ലീഗ് നേതാവ് അബ്ദുല്‍ വഹാബ് ഇന്ന് ഉച്ചക്ക് 12 മണിയോടെ നിയമ സെക്രട്ടറി മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.