Kerala
അഞ്ച് വര്‍ഷത്തിനിടെ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത് അഞ്ച് മന്ത്രിമാര്‍

തിരുവനന്തപുരം | അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതിനിടെ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത് അഞ്ച് മന്ത്രിമാര്‍. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എന്നിവര്‍ നേരത്തെ രാജിവച്ചിരുന്നു. ഇപ്പോള്‍ കെ ടി ജലീലും. ജലീലിന്റെതു പോലെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇ പി ജയരാജനും രാജിവച്ചിരുന്നത്. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് വാങ്ങിയതോടെ ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.
സ്വകാര്യ ചാനലിന്റെ ഫോണ്‍കെണിയില്‍ കുടുങ്ങിയാണ് എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയത്. പകരം വന്ന തോമസ് ചാണ്ടിക്ക് അധികകാലം പദവിയില്‍ തുടരാനായില്ല. കായല്‍ കൈയേറ്റം റിസോര്‍ട്ട് നിര്‍മാണത്തിനു വേണ്ടി നടത്തിയ കൈയേറ്റങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഫോണ്‍കെണി വിവാദം അവസാനിച്ചതിനു പിന്നാലെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മാത്യു ടി തോമസ് രാജി നല്‍കിയത്.