Connect with us

Editorial

വോട്ടര്‍മാരെ പണമെറിഞ്ഞ് വീഴ്ത്തുകയാണോ?

Published

|

Last Updated

പണവും പാരിതോഷികങ്ങളും വാരിയെറിഞ്ഞാണ് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നത് അങ്ങാടിപ്പാട്ടാണ്. കേരളവും തത്സ്ഥിതിയിലേക്ക് നീങ്ങുകയാണോ? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡുകള്‍ ഇത്തവണ സംസ്ഥാനത്തു നിന്ന് പിടിച്ചെടുത്തത് 87.84 കോടിയുടെ പണവും പാരിതോഷികങ്ങളുമാണ്. സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡുകളിലാണ് ഇവ പിടികൂടിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തതിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതല്‍ വരുമിത്. 26.13 കോടി രൂപക്കുള്ള പണവും വസ്തുക്കളുമായിരുന്നു 2016ല്‍ കണ്ടെടുത്തത്. ഇത്തവണ പിടിച്ചെടുത്തത് 87 കോടിയുടെ വസ്തുക്കളാണെങ്കിലും കമ്മീഷന്‍ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍ പെടാതെ സംസ്ഥാനത്ത് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചേര്‍ന്ന് 1,000 കോടിയുടെ വസ്തുക്കളെങ്കിലും വിതരണം ചെയ്തിരിക്കുമെന്നാണ് കമ്മീഷന്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.

കായംകുളത്ത് തപാല്‍ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഹകരണ ബേങ്ക് ജീവനക്കാര്‍, വോട്ടര്‍ക്കുള്ള രണ്ട് മാസത്തെ പെന്‍ഷന്‍ പണവുമായി ചെന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചതായി യു ഡി എഫ് ആരോപിച്ചിരുന്നു. പൊരിഞ്ഞ പോരാട്ടം നടക്കുന്ന കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഉടമസ്ഥതയിലുള്ള ബാര്‍ഹോട്ടല്‍ വഴി ടോക്കന്‍ നല്‍കി മദ്യവിതരണം നടത്തിയതായി യു ഡി എഫ് സ്ഥാനാര്‍ഥി ഷിബു ജോണ്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കോട്ടയത്തെ പാലാ മണ്ഡലത്തില്‍ ജോസ് കെ മാണിക്കെതിരെയുമുണ്ട് സമാന ആരോപണം. യു ഡി എഫിന്റെ പരാജയ ഭീതിയാണ് പരാതിക്കു പിന്നിലെന്നാണ് എല്‍ ഡി എഫ് പറയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നാര്‍ പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വോട്ടര്‍മാര്‍ക്കു മദ്യം വിതരണം ചെയ്തതിന് യു ഡി എഫ് സ്ഥാനാര്‍ഥികളെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോതമാട്ടിലെ റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ മദ്യം വിതരണം ചെയ്തിരുന്നത്.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റു പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിന് നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഫ്‌ളയിംഗ് സ്‌ക്വാഡുകളെ നിയോഗിക്കാറുണ്ട്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്‌ളയിംഗ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്നോ നാലോ സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരുണ്ടാകും. ഷെഡ്യൂള്‍ഡ് ബേങ്കുകളിലെയും സഹകരണ ബേങ്കുകളിലെയും പണമിടപാടുകള്‍ ഇവര്‍ നിരീക്ഷിക്കുകയും സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യും. ഈ സംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കിയാണ് രാഷ്ട്രീയ മാഫിയകള്‍ വോട്ടിംഗിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പണവും മദ്യവും മറ്റു പാരിതോഷികങ്ങളുമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നത്.
രേഖകളില്ലാതെ അമ്പതിനായിരം രൂപയിലധികം വരുന്ന തുക കൊണ്ടുപോയാല്‍ പിടികൂടാനുള്ള അധികാരം ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ക്കുണ്ട്. ഇവരുടെ കണ്ണുവെട്ടിക്കാന്‍ വിവിധ തന്ത്രങ്ങളാണ് രാഷ്ട്രീയ മാഫിയകള്‍ സ്വീകരിച്ചു വരുന്നത്. തമിഴ്‌നാട്ടില്‍ 2016ലെ തിരഞ്ഞെടുപ്പ് കാലത്ത് കറന്‍സികള്‍ പാചക വാതക സിലിന്‍ഡറുകളില്‍ നിറച്ചു കടത്തുന്ന രീതി സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. കാലിയായ ഗ്യാസ് സിലിന്‍ഡറുകളുടെ അടിഭാഗം കട്ടര്‍ കൊണ്ട് വേര്‍പ്പെടുത്തിയ ശേഷം നോട്ടുകള്‍ കെട്ടുകളാക്കി സിലിന്‍ഡറുകള്‍ക്ക് ഉള്ളില്‍ നിറക്കും. വേര്‍പ്പെടുത്തിയ ചുവടുഭാഗം പിന്നീട് സ്‌പോട്ട് വെല്‍ഡ് ചെയ്ത് തിരികെ ഉറപ്പിക്കുകയും ഈ ഭാഗം പെയിന്റ് ചെയ്ത് പഴയപടിയാക്കുകയും ചെയ്യും. ഗ്രാമങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പു പണിക്കാരുടെ ആലകളില്‍ എത്തിച്ച് അടിഭാഗത്തെ സ്‌പോട്ട് വെല്‍ഡിംഗ് വെട്ടിവേര്‍പ്പെടുത്തിയാണ് ഈ കറന്‍സികള്‍ പുറത്തെടുക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ പോലീസും സ്‌ക്വാഡും രാത്രിയും പകലും വാഹനങ്ങള്‍ അരിച്ചുപെറുക്കി പരിശോധന നടത്തുമെങ്കിലും സാധാരണഗതിയില്‍ പാചക വാതക സിലിന്‍ഡറുകള്‍ പരിശോധിക്കാറില്ല. ഈ ധൈര്യത്തിലാണ് മാഫിയ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നത്.

ഗിഫ്റ്റ് വൗച്ചര്‍ നല്‍കുക, വീട് നിര്‍മാണം നടത്തുന്ന വോട്ടര്‍മാര്‍ക്ക് അതിനാവശ്യമായ മണല്‍, കല്ല് തുടങ്ങിയവ ഇറക്കിക്കൊടുക്കുക തുടങ്ങിയ മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട് സ്ഥാനാര്‍ഥികള്‍. സംസ്ഥാനത്ത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തരം സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കര്‍ണാടകയില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും വോട്ടര്‍മാരെ സ്വാധീനിച്ചിരുന്നത് ഗിഫ്റ്റ് വൗച്ചര്‍ മാര്‍ഗേണയായിരുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും മറ്റുമാണ് ഇതുവഴി വിതരണം ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കാനാകില്ല ഇത്തരം ചെയ്തികള്‍.

പാര്‍ട്ടികള്‍ മുന്നോട്ടു വെക്കുന്ന വികസന അജന്‍ഡ, ജനക്ഷേമ പദ്ധതികള്‍, സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കേണ്ടത്. ഇതിനുള്ള സാഹചര്യം ഉണ്ടാകുമ്പോഴാണ് തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമാകുന്നത്. എന്നാല്‍ മത്സരം കനക്കുകയും ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ വിജയ സാധ്യതയില്‍ സന്ദേഹം ഉയരുകയും ചെയ്യുമ്പോള്‍, ഏത് വിധേനയും സീറ്റ് പിടിച്ചെടുക്കുകയെന്നതായി മാറുന്നു അവരുടെ അജന്‍ഡ. ഈ ഘട്ടത്തിലാണ് പണവും മദ്യവും പാരിതോഷികങ്ങളും നല്‍കി വോട്ടര്‍മാരെ വിലക്കെടുക്കുന്നത്. ഇത് ജനാധിപത്യം പണാധിപത്യത്തിനു വഴിമാറാന്‍ ഇടയാക്കുന്നുവെന്ന് മാത്രമല്ല, അഴിമതി വര്‍ധിക്കാനും ഇടയാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചട്ടപ്രകാരം ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാകുന്ന തുക 30.8 ലക്ഷം രൂപയാണ്. നിലവിലെ സാഹചര്യത്തില്‍ ഇതെവിടെയുമെത്തില്ല. പ്രചാരണത്തിനു മാത്രം ഒരു സാധാരണ സ്ഥാനാര്‍ഥിക്ക് ഒന്നര കോടിയെങ്കിലും ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്. പ്രഗത്ഭര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഇത് ദശകോടികളായി ഉയരും. ഇതിനു പുറമെയാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യുന്ന പാരിതോഷികങ്ങളുടെ ചെലവ്. അധികാരത്തിലേറിയാല്‍ വളഞ്ഞ വഴിയിലൂടെ തിരിച്ചു പിടിക്കാമെന്ന ചിന്തയിലാണ് ഇവയത്രയും ചെലവിടുന്നത്. ഭരണ മേഖലയില്‍ അഴിമതിയുടെ തോത് കുത്തനെ ഉയരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Latest