Connect with us

Malappuram

ആര്യാടൻ ശൗക്കത്തിനെ ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; വി വി പ്രകാശ് ഇന്ന് ചുമതലയേൽക്കും

Published

|

Last Updated

നിലമ്പൂർ | തിരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിന് മുമ്പേ ആര്യാടൻ ശൗക്കത്തിനെ ഡി സി സി താത്കാലിക പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. വി വി പ്രകാശ് വീണ്ടും ഡി സി സി പ്രസിഡന്റാകും. നിലമ്പൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി വി വി പ്രകാശിനെ പ്രഖ്യാപിച്ച ശേഷമാണ് ആര്യാടൻ ശൗക്കത്തിനെ ഡി സി സിയുടെ താത്കാലിക പ്രസിഡന്റായി നിയമിച്ചത്.

നിലമ്പൂർ സീറ്റിനായി വി വി പ്രകാശും ആര്യാടൻ ശൗക്കത്തും ശക്തമായ അവകാശ വാദവുമായി ഉറച്ച് നിന്നതോടെ ശൗക്കത്തിന് പട്ടാമ്പി സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ എ ഐ സി സി ശ്രമം നടത്തിയെങ്കിലും വഴങ്ങാത്തതിനാലാണ് ഡി സി സിയുടെ താത്കാലിക പ്രസിഡന്റ് സ്ഥാനം നൽകി സമവായത്തിലെത്തിച്ചത്. എന്നാൽ കേവലം 20 ദിവസത്തിന് ശേഷം ശൗക്കത്തുൾപ്പെടെ താത്കാലിക ഡി സി സി പ്രസിഡന്റുമാരായ അഞ്ച് പേരെ കെ പി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നീക്കുകയായിരുന്നു.

തിങ്കളാഴ്ച തന്നെ പഴയ പ്രസിഡന്റുമാരോട് ചുമതലയേൽക്കാൻ നിർദേശിച്ചിട്ടുമുണ്ട്. വി വി പ്രകാശ് നിലമ്പൂരിൽ നിന്ന് വിജയിച്ചാലും ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് സാധ്യത.
2016ലെ തോൽവിക്ക് ശേഷം മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ച ആര്യാടൻ ശൗക്കത്ത് പാർട്ടി ഒരിക്കൽകൂടി അവസരം നൽകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് ജില്ലയിൽ സജീവമായിട്ടും പ്രസിഡന്റ് സ്ഥാനത്തള നിന്ന് നീക്കിയത് ശൗക്കത്തിന് തിരിച്ചടിയാകും.

പ്രായാധിക്യം അവഗണിച്ച് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് നിലമ്പൂരിൽ വി വി പ്രകാശിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
അതേ സമയം കെ പി സി സി പ്രസിഡന്റിന്റെ അറിയിപ്പ് വന്നതോടെ ശൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Latest