National
ബംഗളൂരു സ്‌ഫോടനക്കേസ്: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി | ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യ ഇളവ് തേടി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ച വേളയില്‍ മഅ്ദനി അപകടകാരിയാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ നിരീക്ഷിച്ചിരുന്നു.
അതേസമയം, മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവ് അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് കര്‍ണാടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മഅ്ദനിക്ക് ജാമ്യ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കര്‍ണാടകയുടെ വാദം. മഅ്ദനി കേരളത്തില്‍ എത്തിയാല്‍ ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും കര്‍ണാടക ആരോപിക്കുന്നു. കര്‍ണാടക ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയില്‍ എഴുതിനല്‍കിയ വാദങ്ങളിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.
2014ല്‍ ആണ് ബംളൂരു സ്‌ഫോടന കേസില്‍ മഅ്ദനിക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ ബംഗളൂരു വിട്ടു പോകരുത് എന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. എതില്‍ ഇളവ് തേടിയാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.