Connect with us

Kerala

ഹെലികോപ്റ്റര്‍ അപകടം: യൂസുഫലി ഇന്ന് ആശുപത്രി വിടും; അന്വേഷണം പുരോഗമിക്കുന്നു

Published

|

Last Updated

കൊച്ചി | ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലിയും കുടുംബവും ഇന്ന് ആശുപത്രി വിടും. യൂസുഫലിയുടെയും സഹയാത്രികരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് യൂസുഫലിയും കുടുംബവും സഹയാത്രികരും നിരീക്ഷണത്തില്‍ കഴിയുന്നത്.

അതിനിടെ, ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കി വരികയാണ്. വിശദമായ പരിശോധനക്ക് ശേഷമേ അപകടകാരണം വ്യക്തമാകൂ.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് എറണാകുളം കുമ്പള ടോള്‍ പ്ലാസക്ക് സമീപമുള്ള ചതുപ്പിലേക്ക് യൂസുഫലിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ശക്തമായ കാറ്റും മഴയും മൂലം ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചന. മറ്റു കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ.

യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ വീട്ടില്‍ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു അദ്ദേഹം.