Connect with us

Eranakulam

കൊവിഡിൽ കുരുങ്ങി റോഷ്‌നി പദ്ധതി

Published

|

Last Updated

കൊച്ചി | ഇതരസംസ്ഥാനക്കാരുടെ കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസവും മലയാള ഭാഷാപഠനവും ഉറപ്പാക്കുന്നതിന് എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിൽ.
പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചിരുന്നതും നടപ്പായില്ല. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സർവശിക്ഷാ അഭിയാൻ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി ആസൂത്രണം ചെയ്തിരുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം അതിഥി തൊഴിലാളികളുള്ള എറണാകുളം ജില്ലയിലെ അതിഥി സംസ്ഥാന വിദ്യാർഥികൾക്ക് മലയാള ഭാഷാപഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് 2017ൽ ബി പി സി എല്ലിന്റെ ധനസഹായത്തോടെയാണ് റോഷ്‌നി പദ്ധതി ആരംഭിച്ചത്.
നാടിന്റെ യഥാർഥ വികസനത്തിന് കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വികസനവും വളർച്ചയും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ അന്നത്തെ ജില്ലാ കലക്്ടർ മുഹമ്മദ് വൈ സഫീറുല്ലയാണ് പദ്ധതി മുന്നോട്ടുവെച്ചത്.

പദ്ധതി വിജയകരമായി നടത്തിക്കൊണ്ടുപോകുന്ന വളണ്ടിയർമാർക്ക് 2020 നവംബർ മുതൽ 2021 മാർച്ച് വരെയുള്ള ഓണറേറിയം നൽകിയിട്ടില്ല. കൊവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചതോടെ റോഷ്‌നി പഠന രീതിയും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിരുന്നു. മാത്രമല്ല, ലോക്ക്ഡൗൺ കാലയളവിൽ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ വീടുകളിൽ ഭക്ഷണക്കിറ്റും മരുന്നും പഠനോപകരണങ്ങളും എത്തിക്കുന്നതിന് നേതൃത്വം നൽകിയതും വളണ്ടിയർമാരാണ്.
2019- 20 അധ്യയന വർഷം എറണാകുളം ജില്ലയിലെ 1300 കുട്ടികളെ പദ്ധതിയിൽപ്പെടുത്തിയിരുന്നു. 38 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽമാരും ബന്ധപ്പെട്ട പി ടി എ പ്രതിനിധികളുമാണ് അതത് പ്രദേശത്ത് കുട്ടികളെ കണ്ടെത്തുന്നതിനും പദ്ധതിയുടെ ഭാഗമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

മലയാള ഭാഷാ പഠനത്തിന് ഉതകുന്ന കോഡ് സ്വിച്ചിംഗ്, സ്‌കൂൾ സമയത്തിന് പുറമെ രാവിലെ ഒരു മണിക്കൂർ കുട്ടികൾക്ക് താത്പര്യമുള്ള ഭാഷയിൽ പ്രത്യേക പരിശീലനം, ലഘു പ്രഭാത ഭക്ഷണം, സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി ശിൽപ്പശാലകൾ, പഠനയാത്രകൾ തുടങ്ങിയവയാണ് റോഷ്‌നി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നേപ്പാളി, ഹിന്ദി, ബംഗാളി, ഉറുദു, കന്നഡ, ഒറിയ, അസാമി, തെലുങ്ക് തുടങ്ങിയവ മാതൃഭാഷയായുള്ള കുട്ടികളാണ് പദ്ധതിയിലൂടെ മലയാളത്തിൽ പഠിച്ച് മനസ്സിലാക്കാനും ഭാഷ പഠിക്കാനും കഴിവ് നേടുന്നത്.

ഈ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന 38 വളണ്ടിയർമാരാണ് ഇതര സംസ്ഥാന വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ സേവനം ചെയ്യുന്നത്. ഇവർക്ക് പ്രതിമാസം 10,000 രൂപ മാത്രമേ ഓണറേറിയം ലഭിക്കുന്നുള്ളൂ. കഴിഞ്ഞ അധ്യയന വർഷം പദ്ധതിയിൽ മിച്ചം വന്ന തുകയിൽ നിന്നാണ് 2020 ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ ഓണറേറിയം വളണ്ടിയർമാർക്ക് നൽകിയത്. ഇതിന് ശേഷം ഓണറേറിയം മുടങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ കലക്്ടർക്കും ഡി ഡി ഇക്കും നിവേദനം നൽകിയിട്ടുണ്ട്.

Latest