Ongoing News
മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കണ്ണൂര്‍ | മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദൂരൂഹ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി വൈ എസ് പി. ഷാജ് ജോസിനാണ് അന്വേഷണ ചുമതല. പ്രതിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഫോറന്‍സിക് സംഘത്തിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ വടകര റൂറല്‍ എസ് പി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിയെ ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് കേസിലെ മറ്റ് പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.