Connect with us

Ongoing News

ഐ പി എല്ലിന് ഇന്ന് തുടക്കം; മുംബൈ-ബെംഗളൂരു ആദ്യ പോരാട്ടം

Published

|

Last Updated

ചെന്നൈ | കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ആശങ്കയിൽ രാജ്യം നിൽക്കുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) ആവേശങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ഐ പി എൽ എത്തുമ്പോൾ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ടൂർണമെന്റ് നടത്തുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈ ഇന്ത്യൻസും ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഈ സീസണിലെ ആദ്യ പോര്. വൈകീട്ട് 7.30ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ഘട്ടത്തിലെ 20 മത്സരങ്ങൾക്ക് വേദിയാകുക ചെന്നൈയും മുംബൈയുമാണ്. അഹമ്മദാബാദിലെ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30 നാണ് ഫൈനൽ.

മുംബൈയുടെ ലക്ഷ്യം ഹാട്രിക് കിരീടം

അഞ്ച് തവണ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ ആവേശത്തിലാണ് മുംബൈ ഇന്ത്യൻസ് ക്രീസിലിറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണിലും കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് ഹാട്രിക് കിരീടമാണ് ലക്ഷ്യംവെക്കുന്നത്. രോഹിത് ശർമ, ക്വുന്റൻ ഡീകോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിര എതിർ ടീമിലെ ഏതൊരു ബൗളിംഗ് നിരക്കും പേടിസ്വപ്നമാകും.

ജസ്്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും നയിക്കുന്ന ബൗളിംഗ് നിരയും മുംബൈയുടെ കരുത്താണ്. ദക്ഷിണാഫ്രിക്കയുടെ പുതുമുഖ ആൾറൗണ്ടർ മാർക്കോ ജെൻസനാണ് മുംെബൈയുടെ പുതിയ താരോദയം. രാഹുൽ ചാഹറിന് കൂട്ടായി വെറ്ററൻ സ്പിന്നർ പീയുഷ് ചൗള ടീമിലുണ്ടെന്നതും മുംബൈയുടെ കരുത്താണ്.

ആദ്യ കിരീടം ലക്ഷ്യമിട്ട് കോലിപ്പട

ഐ പി എൽ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുണ്ടായിട്ടും ഇതുവരെ കിരീടം മാത്രം നേടാനാകാത്ത ഏക ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ബാറ്റിംഗ് ലൈനപ്പ് തന്നെയാണ് ഇക്കുറിയും ബെംഗളൂരുവിന്റെ പ്രധാന കരുത്ത്. ഓപണറായി ഐ പി എല്ലിൽ ഇറങ്ങുമെന്ന് കോലി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓപണറായി മികച്ച റെക്കോർഡും കോലിക്കുണ്ട്. കോലിക്ക് കൂട്ടായി എത്തുന്നത് യുവതാരം ദേവ്ദത്ത് പടിക്കലാണ്. ഇവരെ കൂടാതെ ഡിവില്ലിയേഴ്‌സ്, ഗ്ലെൻ മാക്‌സ്‌വെൽ, മലയാളി താരം മുഹമ്മദ് അസ്്ഹറുദ്ദീൻ എന്നിവരും ബാറ്റിംഗ് നിരയിലുണ്ട്.

ന്യൂസിലാൻഡ് പേസ് ബൗളർ കെയിൽ ജാമിസണും ഇത്തവണ ബെംഗളൂരു ടീമിൽ കരുത്തു കൂട്ടാനെത്തിയിട്ടുണ്ട്. നവ്ദീപ് സൈനി, യുസ്്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ് എന്നിവരും ബൗളിംഗിൽ കരുത്താകുമെന്നാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ.

അതേസമയം, ബെംഗളൂരു ആൾറൗണ്ടർ ഡാനിയൽ സാംസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ഡാനിയലിന് കൊവിഡ് സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest