Kozhikode
കേരള മുസ്‌ലിം ജമാഅത്ത്: സംസ്ഥാന വാർഷിക കൗൺസിൽ നാളെ

കോഴിക്കോട് | ‘നന്മയുടെ പക്ഷത്ത് ചേർന്ന് നിൽക്കാം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മെമ്പർഷിപ്പ് പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് സംസ്ഥാന കൗൺസിൽ നാളെ കോഴിക്കോട് സമസ്ത സെന്ററിൽ നടക്കും.
15 ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവർക്ക് പുറമെ രണ്ടായിരം പൊതുമെമ്പർമാർക്ക് ഒരാൾ എന്ന ക്രമത്തിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങൾ, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും.
കഴിഞ്ഞ രണ്ട് വർഷത്തെ റിപ്പോർട്ടും സാമ്പത്തിക രേഖയും യോഗം അംഗീകരിക്കും.
പുതിയ കാലത്തെ പ്രബോധന പ്രവർത്തനങ്ങൾക്കും മുസ്‌ലിം ഉമ്മത്തിന്റെ വിദ്യാഭ്യാസ- സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ- തൊഴിൽ മേഖലകളിലെ മുന്നേറ്റത്തിനുമുള്ള പദ്ധതികൾ യോഗം ആസൂത്രണം ചെയ്യും.
സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ, പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി തുടങ്ങിയവർ സംബന്ധിക്കും.
കൗൺസിലിന്റെ മുന്നോടിയായി ഇന്ന് വൈകീട്ട് ഏഴിന് സംസ്ഥാന ഏക്‌സിക്യുട്ടീവ് മീറ്റിംഗും നാളെ രാവിലെ എസ് വൈ എസ്, എസ് എസ് എഫ് എന്നി സംഘടനകളുടെ ക്യാബിനറ്റ് മീറ്റിംഗും സമസ്ത സെന്ററിൽ നടക്കും.