Kerala
മന്‍സൂര്‍ വധം: പ്രതിയായ സി പി എം പ്രവർത്തകൻ റിമാൻഡിൽ, അന്വേഷണം ക്രൈം ബ്രാഞ്ചിന്


കൊല്ലപ്പെട്ട മന്‍സൂര്‍
കണ്ണൂര്‍ | പാനൂരില്‍ സുന്നി പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സി പി എം പ്രവർത്തകനെ റിമാൻഡിൽ വിട്ടു. സി പി എം പ്രാദേശിക പ്രവര്‍ത്തകന്‍ കെ കെ ഷിനോസിനെയാണ് 14 ദിവസത്തേക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. മന്‍സൂറിന്റെ അയല്‍വാസികൂടിയാണ് ഇയാൾ.
അതിനിടെ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പതിനഞ്ചംഗ അന്വേഷണസംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇസ്മയിലിനാണ് അന്വേഷണച്ചുമതല.
കൊലപാതകവുമായി ബന്ധപ്പെട്ട് ഷിനോസിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 11 പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അതേ സമയ വിലാപയാത്രക്കിടെ സിപിഎം ഓഫീസുകളും മറ്റും ആക്രമിച്ച സംഭവത്തില്‍ പത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. 20 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്ന് ഷിനോസ് പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യമെന്നും ഷിനോസ് മൊഴി നല്‍കിയിട്ടുണ്ട്.