Connect with us

Kerala

പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട സംഭവം; പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി

Published

|

Last Updated

പത്തനംതിട്ട | പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും ഓടിപ്പോയ സംഭവത്തില്‍ പത്തനംതിട്ട സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റൈറ്റര്‍ക്ക് സസ്പെന്‍ഷന്‍. കുമ്പഴയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛനാണ് പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ രവികുമാറിനെയാണ് ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി പ്രതാപന്‍ നായരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതി രക്ഷപ്പെടാനുണ്ടായ സാഹചര്യം ജില്ലാ പോലിസ് മേധാവി പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിച്ചതില്‍ നിന്ന് രവികുമാറിന്റെ കൃത്യവിലോപം സംബന്ധിച്ച് വ്യക്തമായ തെളിവു കിട്ടി. പുറത്തെവിടെയോ പോയി മടങ്ങി വന്ന രവികുമാര്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സെല്ലില്‍ കിടന്ന പ്രതിയെ പുറത്തിറക്കിയത്. ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്ത പ്രതിക്ക് രണ്ട് ഇടി തന്റെ വക കൊടുക്കുക എന്ന ചേതോവികാരമായിരുന്നു രവികുമാറിന് ഉണ്ടായിരുന്നതെന്നും പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ പ്രതി അക്രമാസക്തനായിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ ഇയാളെ സെല്ലില്‍ വിലങ്ങിട്ട് ബന്ധിച്ചിരിക്കുകയായിരുന്നു. സെല്ലില്‍ കടന്ന രവികുമാര്‍ വിലങ്ങ് അഴിച്ച് തന്റെ കൈയില്‍ പിടിച്ച് എസ്ഐയുടെ മുറിയിലേക്ക് പ്രതിയുമായി പോകുന്നത് സി സി ടി വി ദൃശ്യത്തിലുണ്ട്. എസ് ഐയുടെ മുറിയിലെത്തിച്ച പ്രതിയെ രവികുമാര്‍ മര്‍ദിക്കുകയും ചെയ്തു. മര്‍ദനം നടക്കുന്നതിനിടെയാണ് പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.

Latest