നൂറില്‍ കൂടുതല്‍ പേരുള്ള തൊഴിലിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കാന്‍ കേന്ദ്ര നിര്‍ദേശം

Posted on: April 7, 2021 6:20 pm | Last updated: April 8, 2021 at 9:24 am

ന്യൂഡല്‍ഹി | കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു, സ്വകാര്യ തൊഴിലിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അയച്ച കത്തില്‍ അറിയിച്ചു. ഈ മാസം 11 മുതല്‍ തൊഴിലിടങ്ങളിലും മറ്റും വ്യാപകമായി വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്രം അറിയിച്ചു. നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന പൊതു സ്വകാര്യ സ്ഥാപനങ്ങളിലാകും വാക്‌സിനേഷന് സൗകര്യമൊരുക്കുക.

45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാണെന്ന് കേന്ദ്രം വ്യക്തമാക്കി. കുട്ടികളും ചെറുപ്പക്കാരും രണ്ടാം തരംഗത്തില്‍ രോഗത്തിന് ഇരയാകുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകളുടെ പിന്തുണയോടെ, പ്രതിരോധ കുത്തിവയ്പ്പ് കൂടുതല്‍ പ്രായോഗികവും സ്വീകാര്യവും ഗുണഭോക്താക്കള്‍ക്ക് ഉപകാരപ്രദവുമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി.