‘സാമൂഹിക സേവനമായിരിക്കണം രാഷ്ട്രീയ പ്രവർത്തനം; ഹിംസാത്മക രാഷ്ട്രീയം ഒരു കാലത്തും ഗുണം ചെയ്യില്ല’

Posted on: April 7, 2021 3:04 pm | Last updated: April 7, 2021 at 3:04 pm
വളരെ വേദനാജനകമായ മറ്റൊരു ദുരന്തവാർത്ത കൂടി കേൾക്കേണ്ടി വന്നു. പൊതുവെ സമാധാനപരമായി കഴിഞ്ഞ ഒരു തെരഞ്ഞെടുപ്പിന് ശേഷമാണ് ദാരുണമായ ഒരു കൊലപാതകത്തിന് കേരളം സാക്ഷിയാകേണ്ടി വന്നത്.
കൂത്തുപറമ്പിലെ മൻസൂറിന്റെ കൊലപാതകം തീർത്തും അപലനീയം ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കപ്പെടരുത്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും നമ്മുടെ നാട് അത്രമേൽ അരക്ഷിതമായ ഒരു സാമൂഹിക പരിസരത്താണിപ്പോഴും എന്ന് വ്യക്തമാക്കുകയാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിയാത്തത്ര ദുർബലമായ ഒരു രാഷ്ട്രീയ സംസ്കാരം ഈ നാടിനെന്നല്ല, ഒരു നാട്ടിലും ഭൂഷണമാകില്ല.

സാമൂഹിക സേവനമായിരിക്കണം രാഷ്ട്രീയ പ്രവർത്തനം. ഹിംസാത്മക രാഷ്ട്രീയം ഒരു കാലത്തും ഗുണം ചെയ്യില്ല. ഇത്തരം അക്രമ രാഷ്ട്രീയത്തിൽ നിന്ന് മുഴുവൻ രാഷ്ട്രീയ സംഘടനകളും പിന്മാറണം. കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

കൂത്തുപറമ്പിൽ കൊല്ലപ്പെട്ട സഹോദരൻ മൻസൂറിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, ഈ ചെറുപ്പക്കാരന്റെ പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ട മൻസൂർ സുന്നീ പ്രസ്ഥാനത്തിൽ അംഗത്വമുള്ളയാളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സജീവ സുന്നീ സംഘടനാ പ്രവർത്തകരുമാണ്.
ALSO READ  അമിത് ഷായുടെത് 'അദ്രി മൂഷിക പ്രസവ' ന്യായമെന്ന് തോമസ് ഐസക്