Connect with us

Editorial

ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണം

Published

|

Last Updated

രാജ്യത്ത് ഇപ്പോഴും ശക്തമാണ് മാവോയിസ്റ്റ് പ്രവര്‍ത്തനമെന്ന് ബോധ്യപ്പെടുത്തുന്നു ശനിയാഴ്ച ഛത്തീസ്ഗഢിലെ സുക്മബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ 23 ജവാന്മാര്‍ കൊല്ലപ്പെടാനിടയായ സംഭവം. സി ആര്‍ പി എഫ് ജവാന്മാരാണ് മരണപ്പെട്ടവരിലേറെയും. മാവോയിസ്റ്റുകളുമായുള്ള നാല് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ 32 ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാഗേശ്വര്‍ സിംഗ് മനാസ് എന്ന സി ആര്‍ പി എഫ് ജവാനെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കുകയുമുണ്ടായി. ഏറ്റുമുട്ടലിനിടെ സൈന്യത്തിന്റെ രണ്ട് ഡസന്‍ ആയുധങ്ങള്‍ മാവോവാദികള്‍ കവര്‍ന്നതായും സി ആര്‍ പി എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഛത്തീസ്ഗഢിലെ നാരായന്‍പൂര്‍ ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തിരുന്ന ബസിനു നേരേ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ ഈ മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചറിഞ്ഞ 200 പേരടങ്ങുന്ന സൈനിക, പോലീസ് സംഘം തിരച്ചിലിനു പുറപ്പെട്ടു. ഇവര്‍ ഒരു വനത്തിലൂടെ നീങ്ങുമ്പോള്‍ 500 പേരടങ്ങുന്ന പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി എല്‍ ജി എ) ബറ്റാലിയനില്‍പ്പെട്ട മാവോവാദികള്‍ക്കു മുമ്പിലാണ് അകപ്പെട്ടത്. യന്ത്രവത്കൃത തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കമുള്ള ആയുധങ്ങള്‍ സഹിതം മാവോവാദികള്‍ നടത്തിയ അവിചാരിത ആക്രമണത്തിനു മുമ്പില്‍ ജവാന്മാര്‍ പകച്ചു പോകുകയായിരുന്നു. വെടിയേറ്റ സൈനികരില്‍ പലരും രക്തം വാര്‍ന്നും കുടിവെള്ളം പോലും കിട്ടാതെ നിര്‍ജലീകരണം മൂലവുമാണ് മരിച്ചത്. മാവോയിസ്റ്റുകള്‍ തന്ത്രപരമായി സൈന്യത്തെ വനത്തിലെത്തിച്ച് ഒളിയാക്രമണം നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കൊടും കുറ്റവാളിയും മാവോയിസ്റ്റ് കമാന്‍ഡറുമായ മദ്‌വിഹിദ്മ ഒളിച്ചിരിക്കുന്നുവെന്ന് വ്യാജ സന്ദേശം നല്‍കിയാണത്രെ ജവാന്മാരെ വനത്തില്‍ എത്തിച്ചത്.
മാവോയിസ്റ്റ് ആക്രമണവും ജവാന്മാര്‍ അവരുടെ തോക്കിനിരയാകുന്നതും ഛത്തീസ്ഗഢില്‍ പതിവു സംഭവമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യം കൊറോണ ഭീതിയിലായിരിക്കെ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീനമുള്ള എല്‍മഗുണ്ടയില്‍ നടന്ന ഏറ്റുമുട്ടലില്‍ 17 ജവാന്മാരും 2017 മാര്‍ച്ചില്‍ ഒമ്പത് ജവാന്മാരും ഏപ്രിലില്‍ 25 ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. സാധാരണഗതിയില്‍ പോലീസുകാരും സൈനികരുമാണ് മാവോയിസ്റ്റ് വേട്ടക്ക് ഇരയാകുന്നതെങ്കിലും ചുരുക്കം ഘട്ടങ്ങളില്‍ സിവിലിയന്മാരും കൊല്ലപ്പെടാറുണ്ട്. ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവോണ്‍ ജില്ലയില്‍ ഖനിയിലെ മാനേജറായിരുന്ന പാലക്കാട് സ്വദേശി ശ്രീകുമാര്‍ നായര്‍ 2016 മാര്‍ച്ചില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളുടെ വെടിയേറ്റായിരുന്നു.

മാവോയിസ്റ്റുകളെ പ്രതിരോധിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും രാജ്യത്ത് പൊതുവെയും മാവോവാദി സാന്നിധ്യം ശക്തമായ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെങ്കിലും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് സര്‍ക്കാറുകളുടെ പ്രത്യാക്രമണങ്ങളെ അതിജീവിക്കുകയും ശക്തിയാര്‍ജിക്കുകയുമാണ് പലയിടങ്ങളിലും ഈ തീവ്രവാദ പ്രസ്ഥാനം. മാവോവാദി ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്ര-സംസ്ഥാന സംയുക്ത സേന പരാജയമാണെന്ന് 2017 ഏപ്രിലില്‍ ഛത്തീസ്ഗഢില്‍ 25 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനുടനെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. പ്രത്യാക്രമണ തന്ത്രങ്ങളില്‍ മാറ്റം വരുത്താനും പ്രത്യേക പരിശീലനം നേടിയ അര്‍ധ സൈനിക വിഭാഗങ്ങളെ കൂടുതലായി നിയമിക്കാനും യോഗം തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മാവോവാദികളുടെ ഒളിത്താവളങ്ങള്‍ കൂടുതലുള്ള ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യയിലെ ഇടതൂര്‍ന്ന വനമേഖലയുടെ സമീപ പ്രദേശങ്ങളില്‍ 2018-19 കാലത്ത് കൂടുതല്‍ പോലീസ് ക്യാമ്പുകള്‍ ആരംഭിക്കുകയും മുഴുസമയം അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും ചെയ്തു. ഈ സന്നാഹങ്ങള്‍ക്കും മാവോയിസ്റ്റുകളെ നിയന്ത്രിക്കാനായില്ലെന്നാണ് പിന്നെയും വര്‍ധിച്ചു വരുന്ന ആക്രമണ പരമ്പര നല്‍കുന്ന വ്യക്തമായ സൂചന.

മാവോവാദികളെ സൈനികമായി നേരിടുന്നതോടൊപ്പം അവരുടെ വളര്‍ച്ചക്ക് വഴിയൊരുക്കുന്ന ഘടകങ്ങള്‍ കണ്ടറിഞ്ഞ് അതിനു പരിഹാരം കാണേണ്ടതുമുണ്ട്. സായുധ നീക്കങ്ങള്‍ക്കപ്പുറം സാമൂഹിക, ആദിവാസി പ്രശ്‌നങ്ങളിലെ ഇടപെടലിലൂടെയാണ് മാവോയിസ്റ്റുകള്‍ ശക്തിയാര്‍ജിക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അവരുടെ ജീവിത സാഹചര്യം ഇന്നും മോശമാണ്. നാടിന്റെ മറ്റു മേഖലകള്‍ക്കൊപ്പം വികസന വളര്‍ച്ചയില്ല ആദിവാസി മേഖലകളില്‍. ഉന്നത വിദ്യാഭ്യാസം നേടുന്നവരും സര്‍ക്കാര്‍ സര്‍വീസില്‍ എത്തിപ്പെടുന്നവരും തുലോം കുറവാണ.് അവരുടെ ഈ പിന്നാക്കാവസ്ഥയും മറ്റും നന്നായി ചൂഷണം ചെയ്യുന്നുണ്ട് മാവോവാദികള്‍. ആദിവാസി പ്രദേശങ്ങളാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന മേഖലകളെന്നത് ശ്രദ്ധേയമാണ്. സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം ആദിവാസികളെ വളര്‍ത്തിക്കൊണ്ടു വരികയാണ് ഇതിനു മറുമരുന്ന്. ഈ ലക്ഷ്യത്തില്‍ കേരള തൊഴില്‍ മന്ത്രി എ കെ ബാലന്‍ ചില നിര്‍ദേശങ്ങള്‍ മുന്‍വെച്ചിരുന്നു. ഓരോ ആദിവാസി കുടുംബത്തിലെയും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ള പദ്ധതികളാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. സര്‍ക്കാര്‍ ജോലിയുള്ള ഒരാളെങ്കിലും കുടുംബത്തിലുണ്ടെങ്കില്‍ ആ കുടുംബം സര്‍ക്കാറിനോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരാകുമെന്നും മാവോയിസത്തിലേക്ക് ആകൃഷ്ടരാകുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരിഗണനാര്‍ഹമായ നിര്‍ദേശമാണത്. തൊഴിലില്‍ മാത്രമല്ല, എല്ലാ രംഗത്തും വേണം അവര്‍ക്ക് കൂടുതല്‍ പരിഗണനയും സമൂഹികമായ ഉന്നമനത്തിനു സഹായകമായ പദ്ധതികളും. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഇതെത്രയും വേഗത്തില്‍ നടപ്പില്‍ വരുത്തുകയും വേണം.

---- facebook comment plugin here -----

Latest