National
യുപിയില്‍ പീഡന ശ്രമം ചെറുത്ത എട്ട് വയസുകാരിയെ യുവാവ് തല തകര്‍ത്ത് കൊലപ്പെടുത്തി

ഝാന്‍സി | ഉത്തര്‍പ്രദേശില്‍ പീഡന ശ്രമം ചെറുത്ത ദളിത് ബാലികയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. എട്ട് വയസുകാരിയായ ദളിത് ബാലികയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.30ഓടെ പാല് വാങ്ങാനായി പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്ക് ശേഷം രക്തത്തില്‍ കുതിര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഒരു ഒഴിഞ്ഞ ഇടത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാവെ അയല്‍ക്കാരനായ സന്ദീപ് ജെയിന്‍ എന്ന ഇരുപത്തിയെട്ടുകാരന്‍ വീട്ടില്‍ നിന്ന് മുങ്ങിയിരുന്നു. മധ്യപ്രദേശില്‍ നിന്ന് പോലീസ് സന്ദീപ് ജെയിനിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ക്രൂര കൊലപാതകത്തെക്കുറിച്ച് യുവാവ് വിശദീകരിക്കുന്നത്.
ലൈംഗികമായി ഉപയോഗിക്കാനുള്ള ഉദ്ദേശത്തോടെയാണ് ദളിത് ബാലികയെ ഇയാള്‍ മുറിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ കുട്ടി ബഹളം വെക്കാനും ശക്തിയായി പ്രതിരോധിക്കാനും ശ്രമിച്ചതോടെ സന്ദീപ് ഒരു മരത്തടിയെടുത്ത് കുട്ടിയുടെ തലയില്‍ അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടും ഇയാള്‍ മര്‍ദ്ദിച്ചു. കുട്ടി മരിച്ചതോടെ തുണിയില്‍ പൊതിഞ്ഞ് മൃതദേഹം കളയുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകത്തിനും, തെളിവ് നശിപ്പിച്ചതിനും, പോക്‌സോ നിയമം അനുസരിച്ചും പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരായ അക്രമത്തിനും ദേശീയ സുരക്ഷാ നിയമം അനുസരിച്ചുമാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്.