Connect with us

Articles

ഓഡിറ്റ് ചെയ്യപ്പെടാതെ പോയ ഒളിയജന്‍ഡകള്‍

Published

|

Last Updated

രാഷ്ട്രീയ പ്രാധാന്യമേറെയുള്ള, നിര്‍ണായകമായ തിരഞ്ഞെടുപ്പുകളുടെയെല്ലാം വിശേഷണ പദങ്ങള്‍ ഇതൊക്കെയാണ്. കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും വിശേഷണ പദങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. അതിലപ്പുറമെന്തെങ്കിലുമുണ്ടെങ്കില്‍ അത് കേരളത്തെയും ബംഗാളിനെയും സംബന്ധിച്ച് ജനസ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പിനുമേല്‍ തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്താനിടയുള്ള ചോദ്യചിഹ്നങ്ങളാണ്. അതുകൊണ്ട് രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ളതെന്ന വിശേഷണത്തിന് ഇക്കുറി കാമ്പും കനവും ഏറെയാണ്, ചുരുങ്ങിയത് ഈ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും.

അങ്ങനെയുള്ള ഒരു തിരഞ്ഞെടുപ്പിനെ ജനസ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും എങ്ങനെ നേരിട്ടുവെന്നത് പ്രധാനമാണ്. അതിന് ഈ പ്രചാരണകാലം തന്നെ തെളിവ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് വരെ രാജ്യത്ത് ഇന്ധന വില ദിനേന കൂടിയിരുന്നു. ഒരു മാസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ കൂടിയെന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. പാചക വാതകത്തിന്റെ സബ്‌സിഡി ഇല്ലാതായിട്ട് മാസങ്ങളായി. ഇനിയങ്ങോട്ട് സബ്‌സിഡി ഉണ്ടാകാന്‍ ഇടയില്ല. ഇന്ധന വില വര്‍ധന പെട്രോളും ഡീസലും നേരിട്ട് ഉപയോഗിക്കുന്നവരുടെ ബജറ്റുകളെ മാത്രമല്ല താളം തെറ്റിക്കുന്നത്. ഡീസലിന്റെ വില കൂടുന്നതോടെ ചരക്കു നീക്കത്തിന് ചെലവേറും. അതിന് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെയൊക്കെ വില ഉയരും. അതായത് ഇടത്തരക്കാരും പാവപ്പെട്ടവരും ആവശ്യങ്ങള്‍ റദ്ദാക്കി, ജീവിതം പരുവപ്പെടുത്താന്‍ നിര്‍ബന്ധിതമാകും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിട്ടിറങ്ങിയ നേതാക്കളാരെങ്കിലും ഇന്ധന വില വര്‍ധന കാര്യപ്പെട്ട വിഷയമായി അവതരിപ്പിച്ചോ എന്നതില്‍ സംശയമുണ്ട്. പ്രസംഗവേദികളില്‍ അന്താരാഷ്ട്രം, ദേശീയം, സംസ്ഥാനം എന്നിങ്ങനെ പരമ്പരാഗത ശൈലി ഇനിയും കൈവിട്ടിട്ടില്ലാത്ത സി പി എം നേതാക്കളാരെങ്കിലും ഉന്നയിച്ചിട്ടുണ്ടെങ്കില്‍ ഉണ്ട്. ദിനേന വാര്‍ത്താ സമ്മേളനം നടത്തിയ നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരിക്കല്‍പ്പോലും ഇതേക്കുറിച്ച് സംസാരിച്ചതായി കേട്ടില്ല. ഇന്ധന വില കൂടുമ്പോള്‍, സംസ്ഥാന ഖജനാവിലേക്ക് കിട്ടേണ്ട നികുതി വേണ്ടെന്നുവെച്ച് ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അത്തരമൊരാവശ്യം പോലും അദ്ദേഹം ഉന്നയിച്ചില്ല. അങ്ങനെ ഉന്നയിച്ചാല്‍ യു ഡി എഫിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന ഭയം കൊണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനങ്ങളിലും ഇന്ധന വില വര്‍ധന വിഷയമായതായി ശ്രദ്ധയില്‍പ്പെട്ടില്ല. ഇതിനകം നടപ്പാക്കിക്കൊണ്ടിരിക്കുന്ന, തുടര്‍ന്നും നടപ്പാക്കുമെന്ന് ഉറപ്പ് പറയുന്ന ക്ഷേമ പദ്ധതികള്‍ ഈ വില വര്‍ധനയുടെ ഭാരത്തില്‍ നിന്ന് ജനത്തിന് ആശ്വാസമേകുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം. ക്ഷേമ പദ്ധതികള്‍ എത്രകാലം ഈ അളവില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന യാഥാര്‍ഥ്യ ബോധമുണ്ടായിരുന്നുവെങ്കില്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തി നിര്‍ത്തി, ഇന്ധന വിലയുടെ ഭാരം ജനങ്ങളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ അദ്ദേഹം വിഷയമായി അവതരിപ്പിക്കുമായിരുന്നു.

കൊവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണ്‍ ആഘാതത്തിന്റെയും കാലത്താണ് ഈ വില വര്‍ധനയുണ്ടായതെന്ന് പ്രത്യേകം ഓര്‍ക്കണം. ഇതേകാലത്ത് തന്നെയാണ് കാര്‍ഷിക നിയമങ്ങളും തൊഴില്‍ നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. തന്ത്രപ്രധാനമെന്ന പട്ടികയില്‍പ്പെടാത്ത സകല പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ചത്. ബിസിനസ് നടത്തലല്ല സര്‍ക്കാറിന്റെ പണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചത്. ഇവയൊക്കെ രാജ്യത്തെയും കേരളത്തെയും ഏത് വിധത്തിലാണ് ബാധിക്കുക എന്നതിനെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച ഈ തിരഞ്ഞെടുപ്പ് കാലത്ത് നടന്നതായി അറിവില്ല. നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ സമരം ഡല്‍ഹി അതിര്‍ത്തി കേന്ദ്രീകരിച്ച് ശക്തമായി തുടരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആ സമരത്തില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നു സി പി എമ്മിന്റെയും സി പി ഐയുടെയും നേതാക്കള്‍ക്ക്. സമരത്തില്‍ പങ്കാളിയായെന്ന് വരുത്താന്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതാക്കളും ശ്രമിച്ചിരുന്നു. പക്ഷേ, കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിയമ ഭേദഗതിയോ സമരമോ ഒക്കെ പിന്നാമ്പുറത്തായി. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഇതിന്റെ വസ്തുതകള്‍ വിശദീകരിച്ച്, ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനും അതിന്റെ ഊര്‍ജമായ സംഘ്പരിവാരത്തിനുമെതിരെ ജനങ്ങളെ ഉറപ്പിച്ചു നിര്‍ത്തുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വമുണ്ടായിരുന്നില്ലേ ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഐക്യമുന്നണിക്കും.

തൊഴില്‍ നിയമ ഭേദഗതി ഉണ്ടാക്കാനിടയുള്ള പ്രയാസങ്ങള്‍, പൊതുമേഖല വിറ്റഴിക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ ഒക്കെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതായിരുന്നില്ലേ? തൊഴില്‍ നിയമ ഭേദഗതി അംഗീകരിച്ച് നടപ്പാക്കിയാലേ സംസ്ഥാനങ്ങളുടെ കടമെടുപ്പിന്റെ പരിധി കൂട്ടാന്‍ അനുവദിക്കൂ എന്ന് വ്യവസ്ഥവെച്ച്, സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ നടത്തിയ കടന്നുകയറ്റം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതായിരുന്നില്ലേ? പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍ രാജ്യത്തിന്റെ സ്വത്തിനൊപ്പം തുലാസിലാകുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതങ്ങളുണ്ടാകും. അതേക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്നില്ലേ ഇടത് – ഐക്യ മുന്നണികള്‍ക്ക്? കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ മഹാമാരിയോട് പൊരുതിയ സംസ്ഥാനങ്ങള്‍ക്ക് (കേരളം മാത്രമല്ല) സാമ്പത്തിക സഹായമൊന്നും അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നയം, ഏതെങ്കിലും വിധത്തില്‍ ഓഡിറ്റ് ചെയ്യപ്പെട്ടോ ഈ തിരഞ്ഞെടുപ്പ് കാലത്ത്? തീവ്ര ഹിന്ദുത്വത്തെയും അതിന്റെ അജന്‍ഡ നടപ്പാക്കാന്‍ ആഞ്ഞു ശ്രമിക്കുന്ന ഭരണകൂടത്തെയും എതിരിടുമ്പോള്‍, വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം പ്രയോഗിക്കുന്നവര്‍ ഏത് വിധത്തിലാണ് ജനജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത് എന്നും രാജ്യത്തിന്റെ സ്വത്ത് വിറ്റുതുലക്കാന്‍ ശ്രമിക്കുന്നത് എന്നും ജനത്തെ ബോധ്യപ്പെടുത്തുക എന്നത് ഗൗരവമുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലിനും വിമര്‍ശനത്തിനുമൊപ്പം ഇതിലൂടെയും ആര്‍ജിക്കാനാകും അധികാരത്തില്‍ തുടരാനോ തിരിച്ചെത്താനോ ഉള്ള ജനപിന്തുണ.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, തിരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ രാഷ്ട്രീയം ശബരിമലയിലും ലവ് ജിഹാദിലും വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളിലും ചുറ്റിത്തിരിഞ്ഞു. അതിന് അനര്‍ഹമായ പ്രോത്സാഹനം നല്‍കാന്‍ ആളുകളുണ്ടായി. ജനത്തെ ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണ് യഥാര്‍ഥ രാഷ്ട്രീയം പറയുന്നതിലും എളുപ്പമെന്ന ധാരണ ഉറപ്പിച്ചിരിക്കുന്നു നമ്മുടെ പാര്‍ട്ടികളും മുന്നണികളും. ശബരിമലയിലെ ആചാരമെന്ന് സംഘ്പരിവാരം പറയുന്നതിന്റെ സംരക്ഷണമാണ്, കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് തോന്നും ഈ തിരഞ്ഞെടുപ്പിനെ പുറമെ നിന്ന് നോക്കുമ്പോള്‍. അവിടേക്ക് കാര്യങ്ങളെത്തിക്കാന്‍ തിരികൊളുത്തിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നതാണ് കൗതുകം. ഏറ്റവുമവസാനം ആ തിരിയിലേക്ക് എണ്ണയൊഴിക്കുന്നത് മറ്റൊരു മുന്‍ മുഖ്യമന്ത്രിയും ആദര്‍ശ രാഷ്ട്രീയത്തിന്റെ കറപുരളാത്ത ബിംബമെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളുമായ എ കെ ആന്റണിയാണ്. ശരണം വിളിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത നരേന്ദ്ര മോദിയെയോ വിദ്വേഷം വളര്‍ത്താന്‍ നാവാട്ടുന്ന യോഗി ആദിത്യനാഥുമാരെയോ കാണാതെയല്ല ഇത് പറയുന്നത്. അതവരുടെ ഫാസിസ്റ്റ് അജന്‍ഡയുടെ ഭാഗമാണ്. അതിന് അരുനില്‍ക്കും വിധത്തിലാണോ പ്രവര്‍ത്തിക്കേണ്ടത് എന്ന് ആലോചിക്കേണ്ടത് ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെയാണ്. ആ അജന്‍ഡകള്‍ക്ക് മൃദുവായി കുഴലൂതിയതിന്റെ ഫലമാണ് രാജ്യത്തിപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്നത് എന്ന് അറിയുകയെങ്കിലും വേണം. ആ അജന്‍ഡ കണ്ട് ഭയന്ന് പിഴമൂളുന്ന കടകംപള്ളി സുരേന്ദ്രന്മാരും അതേ അജന്‍ഡക്ക് വളമിടുകയാണ്. ലവ് ജിഹാദുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് പുത്തന്‍ കൂറ്റുകാരനായ ജോസ് കെ മാണി പറയുമ്പോള്‍ അത് കേട്ടില്ലെന്ന് പറഞ്ഞൊഴിയുമ്പോള്‍, ഹിന്ദുത്വ അജന്‍ഡകള്‍ക്കെതിരെ ശക്തമായി നിലപാടെടുക്കുന്ന തന്റെ പതിവ് രീതിയില്‍ നിന്ന് ചെറുതായൊന്ന് പിന്നാക്കം നില്‍ക്കുകയാണ് പിണറായി വിജയനും. അതും സംഘ്പരിവാറിന് തന്നെയാണ് വളം.

ഇതൊക്കെ തീവ്ര ഹിന്ദുത്വത്തിന് വളമാകണമെന്ന് ആഗ്രഹിക്കുകയും അതിന്റെ തണല്‍ തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണുണ്ടാക്കുമെന്നും കരുതുന്നവരുമുണ്ട്. അവരില്‍ ചിലര്‍ തെളിഞ്ഞു നില്‍ക്കുന്നു, ചിലര്‍ ഒളിഞ്ഞും. എല്ലാം ചേരുമ്പോള്‍ നേരത്തേ പറഞ്ഞ രാഷ്ട്രീയ പ്രാധാന്യമേറെയുള്ള എന്ന വിശേഷണം കൂടുതല്‍ അര്‍ഥവത്താണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest