National
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ വെടിവെച്ച് യു പി പോലീസ്

ലക്‌നോ | ഉത്തര്‍ പ്രദേശില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചു. മീററ്റിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളിലൊരാളാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ അറസ്റ്റിലായ ലഖാന്‍, വികാസ് എന്നിവര്‍ പോലീസുകാരനില്‍ നിന്ന് പിസ്റ്റള്‍ തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സമീപത്തെ ഗ്രാമത്തില്‍ വെച്ച് പരസ്പരം വെടിവെപ്പുണ്ടായി. വെടിവെച്ച ലഖാന്റെ കാലില്‍ പോലീസ് തിരിച്ചു വെടിവെച്ചു.
തുടര്‍ന്ന് ഇരുവരെയും വീണ്ടും പിടികൂടുകയായിരുന്നു. കാലിന് വെടിയേറ്റ ലഖാന്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് പത്താം ക്ലാസുകാരിയെ നാല് പേര്‍ ബലാത്സംഗം ചെയ്തത്. ഇരയെ ബലം പ്രയോഗിച്ച് വിഷ പദാര്‍ഥം കുടിപ്പിച്ചുവെന്നും വൈകാതെ മരിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു.