Connect with us

Articles

തൊഴില്‍രഹിതരാല്‍ നാട് ‘സമ്പന്നം'

Published

|

Last Updated

തെലങ്കാനയിലെ അധ്യാപക ദമ്പതികളായ ചിരഞ്ജീവിയും പത്മയും തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പണിക്ക് പോകുന്ന വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. 12 വര്‍ഷമായി സാമൂഹിക പാഠം അധ്യാപകനായ ചിരഞ്ജീവിക്ക് ബിരുദാനന്തര ബിരുദവും ബി എഡുമുണ്ട്. ഭാര്യ പത്മ എം ബി എ നേടിയ ശേഷം പ്രൈമറി സ്‌കൂള്‍ അധ്യാപികയായിരുന്നു. ശമ്പളമില്ലാതെ ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് ആറ് പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ തൊഴിലുറപ്പ് തൊഴിലിന് പോകുന്നുവെന്നതായിരുന്നു വാര്‍ത്തയുടെ കാതല്‍.
ഇതേ ജോലിസ്ഥലത്ത് ഉയര്‍ന്ന യോഗ്യതയുള്ള മറ്റ് അധ്യാപകരുമുണ്ട്. ഇരട്ട പി എച്ച് ഡി അധ്യാപകനായ രമേശിനെയും പി ടി സര്‍കൃഷ്ണയെയും പോലെ. ഇത്ര പഠിച്ചിട്ടും ഈ പണിക്ക് പോകുന്നത് മറ്റു വഴികളില്ലാത്തതിനാലാണെന്നും രമേശ് പറയുന്നു. ഒരു ജോലിയും ചെയ്യുന്നതിന് എനിക്ക് ലജ്ജയില്ലെന്നും അതിജീവനത്തിന്റെ പ്രശ്‌നമാണ് ഇതെന്നും പറയുന്നത് മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സ്വപ്‌നയാണ്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് അധ്യാപകരും ടെക്കികളുമടക്കം ഒട്ടേറെ പേര്‍ തൊഴിലുറപ്പ് തൊഴിലാളികളായി മാറുന്നുവെന്ന വാര്‍ത്ത എന്‍ ഡി ടിവിയാണ് പുറത്തുവിട്ടിരുന്നത്.
എല്ലാ മേഖലയിലും തൊഴിലില്ലായ്മ ആഘാതം സൃഷ്ടിക്കുന്നുണ്ടെന്നതിന് ഇനിയും ധാരാളം അനുഭവങ്ങള്‍ നമ്മുടെ പരിസരത്ത് തന്നെയുണ്ട്. രാജ്യത്ത് നിരവധി പേര്‍ തൊഴില്‍രഹിതരാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യ തിങ്ക്-ടാങ്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി എം ഐ ഇ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 6.53 ശതമാനത്തില്‍ നിന്ന് 2021 ഫെബ്രുവരിയില്‍ 6.9 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നാലിലൊരാള്‍ക്ക് തൊഴിലില്ലെന്നും ചില സാമ്പത്തിക സര്‍വേകള്‍ കണക്കാക്കുന്നുണ്ട്.

2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് ഉണ്ടായതിനേക്കാള്‍ നാലിരട്ടി തൊഴില്‍ നഷ്ടം കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ വര്‍ഷം ലോകത്തുണ്ടായതായി യു എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് 19 മഹാമാരി മൂലം ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടെങ്കിലും നേരത്തേ തന്നെ ഇവിടെ തൊഴിലില്ലായ്മ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കിടയിലും തൊഴിലില്ലായ്മ വ്യാപകമാണ്. ആരോഗ്യമേഖലയില്‍ പഠിച്ചിറങ്ങി ജോലിയില്ലാത്തവര്‍ നിരവധിയാണെന്നും ഓര്‍ക്കണം. 10 മുതല്‍ 12 ശതമാനം വരെയാണ് നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക്. മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ നഷ്ടം വീണ്ടെടുക്കാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടിവരും.
139 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ യുവാക്കളുടെ ശക്തിയും കഴിവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മാനവവിഭവ ശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്. മനുഷ്യാധ്വാനം വലിയ മൂലധനമാണെന്നും വികസ്വര രാജ്യങ്ങള്‍ക്ക് തൊഴില്‍രഹിതരെ കൂടെനിര്‍ത്തി വികസിതമാകാമെന്നും ബ്രിട്ടീഷ് ധനതത്വശാസ്ത്രജ്ഞനും 1979ലെ നൊബേല്‍ സമ്മാന ജേതാവുമായ ആര്‍തര്‍ ലൂയിസ് പറഞ്ഞത് കൂടി ഇവിടെ ചേര്‍ത്തുവായിക്കണം.

മലയാളികളുടെ തൊഴില്‍ നഷ്ടം

കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പി എല്‍ എഫ് എസ്) അനുസരിച്ച് 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ സംസ്ഥാനത്ത് 15നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 40.5 ശതമാനമാണ്. അതായത്, ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് പുറത്തിറക്കിയ സര്‍വേ പ്രകാരം ദേശീയ ശരാശരി 21 ശതമാനമായിരുന്നു. ഈ വര്‍ഷം ജനുവരി 14ന് ധനമന്ത്രി ടി എം തോമസ് ഐസക് കേരള നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 36 ശതമാനമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതും ദേശീയ ശരാശരിയേക്കാള്‍ എത്രയോ അധികമാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ തൊഴിലില്ലായ്മാ നിരക്ക് ആശങ്കാജനകമായിരുന്നുവെന്നാണ് ഈ രണ്ട് സര്‍വേകളും സൂചിപ്പിക്കുന്നത്.
കേരളത്തില്‍ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 35.8 ശതമാനവും നഗരപ്രദേശങ്ങളില്‍ 34.6 ശതമാനവുമാണ്. 2017-18നും 2018-19നും ഇടയില്‍ തൊഴിലില്ലായ്മാ നിരക്ക് 35 ശതമാനമാണ് വര്‍ധിച്ചത്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുറച്ചാളുകളെ മാത്രമേ നിയമിച്ചിട്ടുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉയര്‍ന്ന ജീവിത നിലവാരവും സാക്ഷരതയും പുലര്‍ത്തുന്ന കേരളം 1970കള്‍ മുതല്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വെല്ലുവിളിയാണ് തൊഴിലില്ലായ്മ. പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ തൊഴില്‍രഹിതരുടെ എണ്ണത്തിലേക്ക് കൂടുന്ന സാഹചര്യം. ആഗ്രഹിച്ച തൊഴില്‍ നല്‍കാന്‍ സംസ്ഥാനം പരാജയപ്പെടുമ്പോള്‍ പലരും കടല്‍ കടക്കും. എന്‍ജിനീയറിംഗ് പഠിച്ചിറങ്ങിയവരും പ്രൊഫഷനല്‍ കോഴ്‌സുകള്‍ കഴിഞ്ഞവരുമെല്ലാം അവസരങ്ങളില്ലാതെ മറ്റു ജോലികളില്‍ കയറിപ്പറ്റുകയാണ്. ജോലി ലഭിച്ചവര്‍ക്ക് ലഭിക്കുന്നതാണെങ്കിലോ തുച്ഛമായ ശമ്പളവും. ബി എഡ് കഴിഞ്ഞ അധ്യാപികമാര്‍ നാലക്ക ശമ്പളത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്നത് പോലെയാണ് ചില എന്‍ജിനീയറിംഗ് ബിരുദധാരികളുടെ അവസ്ഥയും.

പ്രതീക്ഷ നഷ്ടപ്പെട്ട് പൊതുമേഖല

പൊതുമേഖലകള്‍ നഷ്ടത്തിലേക്ക് നീങ്ങിയതോടെ സര്‍ക്കാര്‍ ജോലികളുടെ സാധ്യതകള്‍ കുറച്ചു. സര്‍ക്കാര്‍ ജോലികള്‍ക്ക് യുവത്വത്തെ ക്ഷണിക്കുന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ പുതിയ നിയമനങ്ങളും നടക്കുന്നില്ല. ഒരോ വര്‍ഷവും പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് യുവതീ യുവാക്കളുടെ സര്‍ക്കാര്‍ ജോലിയെന്ന പ്രതീക്ഷക്കാണ് ഇത് മങ്ങലേല്‍പ്പിക്കുന്നത്. പി എസ് സി നിയമനങ്ങളില്‍ പല സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും കാണിക്കുന്ന വീഴ്ചയും വെല്ലുവിളിയാകുന്നുണ്ട്. ഇപ്പോഴും നിയമനം നടന്നിട്ടില്ലാത്ത നിരവധി ഒഴിവുകളുണ്ട്. ഭരണസമിതിയുടെ താത്പര്യത്തിനനുസരിച്ചുള്ള താത്കാലിക നിയമനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ കാര്യക്ഷമമായ തിരുത്തലുണ്ടാകാത്തത് തൊഴില്‍ സാധ്യത ഇല്ലാതാക്കുന്നു. തിരുത്തേണ്ടത് തിരുത്തുകയും കാലത്തിനൊത്ത് മാറുകയുമാണ് തൊഴിലില്ലായ്മ പരിഹരിക്കാന്‍ കേരളം ചെയ്യേണ്ടത്.
തൊഴിലില്ലായ്മയുടെ കാരണങ്ങള്‍
കേരളത്തില്‍ തൊഴിലില്ലായ്മ കൂടാന്‍ ഒട്ടേറെ കാരണങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. ഉയര്‍ന്ന ജനസാന്ദ്രത, വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, കൃഷിയിടങ്ങളുടെ കുറവ് എന്നിവയെല്ലാമാണിത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം കണക്കാക്കിയാണ് തൊഴിലില്ലായ്മാ നിരക്ക് നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 40 ലക്ഷത്തോളം പേര്‍ എല്ലാവരും തൊഴില്‍രഹിതരല്ലെന്നാണ് തൊഴില്‍ വകുപ്പിന്റെ വിശദീകരണം. ഇവര്‍ സ്വകാര്യമേഖലയിലും പുതുസംരംഭങ്ങള്‍ തുടങ്ങിയും ജോലി ചെയ്യുന്നവരാണ്. ഇങ്ങനെയുള്ളവരെ തൊഴില്‍രഹിതരുടെ കണക്കില്‍ നിന്ന് മാറ്റിയാല്‍ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് കുറയുമെന്നാണ് വിശദീകരണം. അതേസമയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടേറെപേര്‍ കേരളത്തില്‍ തൊഴില്‍രഹിതരായുണ്ട്. ഇത് കണക്കാക്കുമ്പോള്‍ നിരക്കില്‍ വലിയ കുറവുണ്ടാകാനിടയുമില്ല.

മാറേണ്ടത് മനോഭാവം

കേരളത്തില്‍ തൊഴിലില്ലായ്മയല്ല പകരം ആഗ്രഹിച്ച ജോലി കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചിലരെങ്കിലും വാദിച്ചേക്കാം. വളരുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന വേതനം തലമുറ ആഗ്രഹിക്കും. അത് സ്വാഭാവികമാണ്. അതിനനുസരിച്ചുള്ള തൊഴില്‍ പാക്കേജുകളും തസ്തികകളുമാണ് സര്‍ക്കാര്‍ കൊണ്ടുവരേണ്ടത്.
ചില തൊഴിലുകള്‍ മാന്യവും ചിലത് മോശമെന്നും കരുതുന്ന മലയാളിയുടെ മനോഭാവം മാറിയാല്‍ ഇവിടെയും ജോലിയുണ്ട്. ഗള്‍ഫില്‍ നാട്ടിലേതിനേക്കാള്‍ കടുത്ത ജോലിയും മോശമെന്ന് കരുതുന്ന ജോലിയും ചെയ്യാന്‍ മലയാളി തയ്യാറാണ്. മരുഭൂമിയിലെ കൊടും ചൂടോ ഏകാന്തതയോ അതിന് പ്രശ്‌നമാകുന്നില്ല. ഗള്‍ഫുകാരനെന്ന അലങ്കാരമാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് മാത്രം.
അണുകുടുംബത്തില്‍ നിന്നുള്ളവര്‍ തൊഴില്‍ തേടി മറുകരപറ്റുമ്പോള്‍ നാട്ടിലെ പണികള്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നു. ഇവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്ക് ചേക്കേറി തുടങ്ങിയപ്പോള്‍ നട്ടംതിരിഞ്ഞത് സാധാരണക്കാരായ മലയാളികളാണ്. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ കോടികളാണ് ദിവസവും അവരുടെ നാടുകളിലേക്ക് അയക്കുന്നത്. ഏത് ജോലി ചെയ്യാനും അവര്‍ തയ്യാറാണ്.

പരിഹാരമെന്ത്?

കേരളത്തിന്റെ തൊഴില്‍ മേഖലയിലും പഠന സംവിധാനത്തിലും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ തൊഴിലില്ലായ്മ കുറക്കാനാകൂ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് അതിന് വേണ്ടത്. സര്‍ട്ടിഫിക്കറ്റുകളില്‍ മുന്നിലും പ്രായോഗികതയില്‍ പിന്നിലുമാണെന്ന ആക്ഷേപം മലയാളികള്‍ നേരിടാന്‍ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സാങ്കേതിക രംഗങ്ങളില്‍. യോഗ്യതക്കനുസരിച്ച് ജോലി സാധ്യതയുണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ ഘട്ടത്തില്‍ത്തന്നെ ഇതിനുള്ള സാധ്യത ബോധ്യപ്പെടുത്താനാകണം. പരീക്ഷക്ക് മാര്‍ക്ക് ഉണ്ടാകുമെങ്കിലും നൈപുണ്യത്തിന്റെ കുറവും തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് കോഴ്‌സുകള്‍ പുതുക്കാത്തതും ഭാഷയിലെ വൈകല്യവും മലയാളിക്ക് വില്ലനാകുന്നു.

കാലത്തിനനുസരിച്ച് കോഴ്‌സുകളുണ്ടാകാത്തതും പുതിയ തൊഴില്‍ മേഖല കണ്ടെത്താന്‍ പ്രയാസമാകുന്നുണ്ട്. റോബോട്ടിക് എന്‍ജിനീയറിംഗ്, സൈബര്‍ ഫോറന്‍സിക് തുടങ്ങിയ മേഖലകളിലേക്ക് ഇപ്പോഴും കേരളത്തിലെ യുവതലമുറയില്‍ നിന്ന് കാര്യമായി പങ്കാളിത്തം ഉണ്ടായിട്ടില്ല. കേരളത്തിലെ സാധ്യതയനുസരിച്ച് തൊഴില്‍ സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ച ഭരണതലത്തില്‍ ഉണ്ടാകണം. കുറഞ്ഞ വിലക്ക് പാട്ടത്തിനും മറ്റുമായി ഭൂമി നല്‍കി കേരളത്തില്‍ തുടങ്ങിയ വ്യവസായ-വാണിജ്യ-ഐ ടി സ്ഥാപനങ്ങളില്‍ മറുനാടന്‍ തൊഴിലാളികളാണ് ഏറെയും ജോലി ചെയ്യുന്നത്.