Ongoing News
ദുഃഖവെള്ളിയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് അടൂര്‍ പ്രകാശ് എം പി

കോന്നി: ക്രിസ്ത്യന്‍ സമുദായം ഏറ്റവും കൂടുതലുള്ള മധ്യകേരളത്തില്‍ അവര്‍ ഏറെ ദുഃഖത്തോടുകൂടി കാണുന്ന ദു:ഖവെള്ളി ദിവസത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എം പി പറഞ്ഞു. യേശു മരണപ്പെട്ട ദിവസമാണ് ദുഃഖവെള്ളി. ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ പോയി പ്രാര്‍ഥന നടത്തുകയാണ് വിശ്വാസ സമൂഹം ചെയ്യുന്നത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനാക്രമം പോലും പരിമിതപ്പെടുത്താന്‍ നല്‍കിയ നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ട്. എന്നാല്‍ ഭക്തിയാദരവ് പൂര്‍വം വിശ്വാസി സമൂഹം നോക്കി കാണുന്ന ദുഃഖ വെള്ളി ദിനത്തില്‍ കോന്നിയില്‍ എത്തിച്ചേരുകയും ആരാധനക്രമം പോലും പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതിലൂടെയും ക്രിസ്ത്യന്‍ സമുദായത്തിന് ഉണ്ടാക്കുന്ന മുറിവ് വലുതാണ്. ഗതാഗത നിയന്ത്രണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു വഴി ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ദു:ഖ വെളളി ദിനത്തിലെ കുരുശിന്റെ വഴി” എന്ന പ്രധാന ചടങ്ങ് നടത്തരുതെന്നും രാവിലെ പത്തരക്ക് ശേഷം ആരും ദേവാലയത്തിന് അകത്തേക്കും പുറത്തേക്കും പോകരുതെന്നുമുള്ള നിര്‍ദ്ദേശം നല്‍കിയതും വിശ്വാസി സമൂഹത്തോടുള്ള വെല്ലു വിളിയാണ് .ഈ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും അടൂര്‍ പ്രകാശ് എം പി പറഞ്ഞു.