International
ഇന്ത്യയുമായി വ്യാപാര ബന്ധം പുനഃസ്ഥാപിച്ച് പാക്കിസ്ഥാന്‍; പരുത്തി, പഞ്ചസാര ഇറക്കുമതി നിരോധനം നീക്കി

ന്യൂഡല്‍ഹി | ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിച്ച് പാക്കിസ്ഥാന്‍. ഇന്ത്യന്‍ പഞ്ചസാരക്കും പരുത്തിക്കും ഏര്‍പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി പാക് ധനകാര്യ മന്ത്രി ഹമ്മാദ് അസ്ഹര്‍ പറഞ്ഞു. 19 മാസം നീണ്ട വിലക്കാണ് ഇതോടെ നീങ്ങുന്നത്.
സ്വകാര്യ മേഖലയില്‍ 0.5 ദശലക്ഷം പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ പാക്കിസ്ഥാന്‍ ഇക്കണോമിക്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. റമസാന്‍ ആസന്നമാകുന്ന സാഹചര്യത്തില്‍ പഞ്ചസാര വില വര്‍ധിക്കുന്നത് തടയാന്‍ ഇത് സഹായിക്കും.
ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദക രാഷ്ട്രവും രണ്ടാമത്തെ പഞ്ചസാര ഉത്പാദക രാഷ്ട്രവുമാണ് ഇന്ത്യ. പാക്കിസ്ഥാന്‍ വിലക്ക് പിന്‍വലിക്കുന്നതോടെ രാജ്യത്തെ ആഭ്യന്തര മാര്‍ക്കറ്റുകളില്‍ പഞ്ചസാരയും പരുത്തിയും കെട്ടിക്കിടക്കുന്നത് ഒഴിവാകും.
മറ്റു രാജ്യങ്ങളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. അതിനാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള വ്യാപാരികള്‍ ഇന്ത്യന്‍ വ്യാപാരികളുമായി ഇതിനകം തന്നെ ബന്ധപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
2019 വരെ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പരുത്തി ഇറക്കുമതി ചെയ്തിരുന്ന രാജ്യമായിരുന്നു പാക്കിസ്ഥാന്‍. എന്നാല്‍ ജമ്മു കാശ്മീരിന് നല്‍കിയിരുന്ന പ്രതേ്യക പദവി റദ്ദാക്കിയതിന്റെ പ്രതികരണമായി പാക്കിസ്ഥാന്‍ ഇറക്കുമതി വിലക്കുകയായിരുന്നു.