Connect with us

Articles

മര്‍കസ് മുസ്‌ലിംകളെ ശാക്തീകരിക്കുന്നതിങ്ങനെ

Published

|

Last Updated

അസമില്‍ നിന്ന് വന്ന് നാല് വര്‍ഷമായി മര്‍കസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുമായി സംസാരിച്ചു കഴിഞ്ഞ ദിവസം. മര്‍കസ് അവന് നല്‍കിയ അറിവിന്റെയും അനുഭവത്തിന്റെയും അനുഭൂതി അവന്റെ ശരീരഭാഷയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. കേവലം പഠനവും, ഹനഫീ മദ്ഹബ് സംബന്ധിച്ച റഫറന്‍സും മാത്രമായിരുന്നില്ല മര്‍കസ് ജീവിതം ആ വിദ്യാര്‍ഥിക്ക്. മറിച്ച്, തന്റെ നാട്ടില്‍ മര്‍കസ് പോലുള്ള ഒരു സ്ഥാപനം ചെറിയ നിലയില്‍ ആരംഭിക്കാനുള്ള സ്വപ്‌നവും വഹിച്ചാണ് അവന്‍ പോകുന്നത്. സുൽത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ഓരോ വാക്കും അവര്‍ക്കത്ര ആവേശമാണ്. അവര്‍ക്ക് അത് പുതിയ പദ്ധതികള്‍ തയ്യാറാക്കാനും തങ്ങളുടെ നാടിനെ വൈജ്ഞാനികമായി ഉയര്‍ത്താനും പ്രേരണ നല്‍കുന്നു. ഇന്നും നാളെയുമായി നടക്കുന്ന മര്‍കസ് 43ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ ബിരുദം നേടുന്ന 2,029 സഖാഫി പണ്ഡിതരില്‍ 250 പേരും കേരളേതര സംസ്ഥാനങ്ങളിലുള്ളവരാണ്.

മറ്റൊരനുഭവം കശ്മീരിലേതാണ്. ഗുല്‍ഷനെ ശൈഖ് അബൂബക്കര്‍ എന്നൊരു സ്ഥാപനമുണ്ട്, കശ്മീരിലെ ഷോപ്പിയാനില്‍. മര്‍കസ് കശ്മീരി ഹോമില്‍ നിന്ന് പഠനം നടത്തിയിറങ്ങിയ കുറച്ചു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആരംഭിച്ചതാണ്. മര്‍കസ് മാതൃകയില്‍ ഒരു സ്ഥാപനം അവരുയര്‍ത്തിക്കൊണ്ടിരിക്കുന്നു.
രാജ്യത്തെ മുസ്‌ലിംകളെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിലും ബഹുസ്വരതയില്‍ ഉറപ്പിച്ചു നിറുത്തുന്നതിലും അസാമാന്യമായ പങ്ക് മര്‍കസ് നിര്‍വഹിക്കുന്നുണ്ട്. കഷ്ടപ്പെടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മനുഷ്യന്റെ ജീവന് ഏറ്റവുമധികം ആവശ്യമുള്ളതാണല്ലോ ശുദ്ധജലം. പതിനായിരത്തോളം ശുദ്ധജല പദ്ധതികള്‍ രാജ്യത്ത് മര്‍കസ് തുറന്നിട്ടുണ്ട്. യതീംകുട്ടികളെ പൂര്‍ണമായി ഏറ്റെടുക്കുന്ന മര്‍കസ് ഓര്‍ഫന്‍ കെയറുമുണ്ട്.

എല്ലാ വിഭാഗം മതവിഭാഗങ്ങളിലുള്ളവരും മര്‍കസ് സ്ഥാപനങ്ങളില്‍ പഠിക്കുന്നു. അധ്യാപനം നടത്തുന്നു. എല്ലാ മത വിഭാഗങ്ങളും സൗഹൃദത്തില്‍ പോകുന്നതിന്റെ മനോഹരമായ ഒരു മാതൃക മര്‍കസ് ഒരുക്കുന്നുണ്ട്. രാജ്യത്തെ മതസൗഹാര്‍ദം ഉറപ്പിക്കുന്നതിലും മര്‍കസ് മഹത്തായ പങ്കുവഹിക്കുന്നു.
മര്‍കസ് നോളജ് സിറ്റി ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക നിര്‍മിതികളിലൊന്നായി വളര്‍ന്നുവരികയാണ്. ആത്മീയത, വിജ്ഞാനം, സംസ്‌കാരം, പാര്‍പ്പിടം, ആരോഗ്യം, സേവനം തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഏറ്റവും മനോഹരമായി, ആധുനിക മികവില്‍ നോളജ് സിറ്റിയില്‍ പൂര്‍ണതയിലേക്ക് എത്തുകയാണ്.

43ാം വാര്‍ഷികം മഹാസമ്മേളനമായി നമ്മള്‍ നിശ്ചയിച്ചുവെങ്കിലും, കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കേണ്ടി വരികയും, ഇപ്പോള്‍ ജനക്കൂട്ടത്തെ പരിമിതപ്പെടുത്തി നടത്തേണ്ടി വരികയും ചെയ്തിരിക്കുന്നു. അതിനാല്‍, ഓണ്‍ലൈന്‍ സൗകര്യങ്ങളിലൂടെ സമ്മേളന പരിപാടികളില്‍ എല്ലാവരും സംബന്ധിക്കണമെന്ന് ഉണര്‍ത്തുന്നു.
എല്ലാ സമയത്തും മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ ആവേശപൂര്‍വം മുന്നോട്ടുപോകുന്നതില്‍ മഹാന്മാരുടെ പ്രാര്‍ഥനയും അനുഗ്രഹവും കൂടെ ഉണ്ടായിട്ടുണ്ട്. വിശ്വാസികളുടെ അകമഴിഞ്ഞ പിന്തുണകളുണ്ട്. എപ്പോഴും കാന്തപുരം ഉസ്താദ് ഉദ്ധരിക്കാറുള്ള ഒരു ഹദീസുണ്ട്. ആദ്യമായി വഹ് യ്‌ ലഭിച്ച് വീട്ടില്‍ വന്നപ്പോള്‍ ചെറിയ ആശങ്കകള്‍ ഉള്ള നബി(സ)യെ ആശ്വസിപ്പിച്ച് ഖദീജാ ബീവി പറഞ്ഞല്ലോ; “അങ്ങ് പാവങ്ങളെ സഹായിക്കുന്നവരാണ്, കഷ്ടപ്പെടുന്നവരുടെ കൂടെ നില്‍ക്കുന്നവരാണ്, അതിഥികളെ സത്കരിക്കുന്നവരാണ്, സത്യം മാത്രം പറയുന്നവരാണ്, അതുകൊണ്ട് അല്ലാഹു അങ്ങയുടെ കൂടെ നില്‍ക്കും.” ആ മൂല്യമാണ് നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഊര്‍ജവും. വര്‍ത്തമാനത്തെയും ഭാവിയെയും ശുഭകരമായി കാണാനുള്ള നിമിത്തവും.

സി മുഹമ്മദ് ഫൈസി
(മര്‍കസ് ജനറല്‍ മാനേജര്‍)

Latest