ലുലുവിൻ്റെ 206ാം ഹൈപ്പർ മാർക്കറ്റ് ഇന്തോനേഷ്യയിൽ തുറന്നു

Posted on: March 28, 2021 8:28 pm | Last updated: March 28, 2021 at 8:30 pm
ജക്കാർത്ത | ലുലു ഗ്രൂപ്പിൻ്റെ 206ാം ഹൈപ്പർ മാർക്കറ്റ് ഇന്തോനേഷ്യയിൽ ബാന്തൻ പ്രവിശ്യയിലെ ചിമോണെയിൽ  പ്രവർത്തനമാരംഭിച്ചു. ചിമോണേ ഉൾക്കൊള്ളുന്ന ടാംഗറാങ് നഗരത്തിൻ്റെ മേയർ ആരിഫ്  വിസ്മാൻസ്യയാണ് ഇന്തോനേഷ്യയിലെ അഞ്ചാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. ഇന്തോനേഷ്യയിലെ യു എ ഇ സ്ഥാനപതി അബ്ദുല്ല സാലെം അൽ ദാഹിരി, ഇന്ത്യൻ സ്ഥാനപതി മനോജ് കുമാർ ഭാരതി എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.

വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ളതും  വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഒരുക്കുന്നതിലാണ് തങ്ങൾ എന്നും മുൻഗണന നൽകുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. കൊവിഡ്  സാഹചര്യത്തിലും  കൂടുതൽ ഹൈപർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ്  ഗ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്തോനേഷ്യയിൽ 15 ഹൈപ്പർമാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ആരംഭിക്കും. ഈ വർഷാവസാനത്തോടെ നാല് പുതിയ ഹൈപ്പർമാർക്കറ്റുകളാണ് വെസ്റ്റ് ജാവ, തലസ്ഥാനമായ ജക്കാർത്ത എന്നിവിടങ്ങളിൽ ആരംഭിക്കുന്നതെന്നും യൂസഫലി പറഞ്ഞു.

2021 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ ജി സി സി രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി ഇതിനകം 9 ഹൈപ്പർമാർക്കറ്റുകളാണ് ലുലു തുടങ്ങിയത്. ഈ മാസം 31ന് മലേഷ്യയിലെ സെലാംഗൂറിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ആദ്യപാദത്തിൽ തുറന്ന ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം പത്താകും. ലുലു ഇന്തോനേഷ്യ റീജ്യണൽ ഡയറക്ടർ ഷാജി ഇബ്രാഹീം, പ്രസിഡന്റ് ഡയറക്ടർ ബിജു സത്യ എന്നിവരും സംബന്ധിച്ചു.
ALSO READ  വാനോളം ഉയരെ ലുലു; ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി ലുലുവും മലയാളവും