Connect with us

Ongoing News

മുറിഞ്ഞ ജീവിതകാലത്തെ മുറിജീവിതം

Published

|

Last Updated

സ്വിസ് അമേരിക്കൻ സൈക്യാട്രിസ്റ്റായിരുന്ന എലിസബത്ത് കുബ്ലർറോസ് “On death and dying” എന്ന പുസ്തകത്തിൽ മാരകരോഗം വരുമ്പോൾ നാമെങ്ങനെയാണ് പ്രതികരിക്കുക എന്ന് വിവരിക്കുന്നുണ്ട്. പ്രതികരണം അഞ്ച് രീതിയിൽ അഞ്ച് ഘട്ടങ്ങളിലായിട്ടായിരിക്കും ഉണ്ടാകുക എന്ന് അവർ പറയുന്നു. ആദ്യഘട്ടം നിഷേധമാണ്. തനിക്ക് ഇത് സംഭവിക്കുകയില്ലെന്ന വിചാരം. അടുത്ത ഘട്ടം രോഷത്തിന്റെതാണ്. സംഗതി യാഥാർഥ്യമാണെന്നു വരികയും തനിക്ക് ഇത് എങ്ങനെ വന്നു എന്ന് ദേഷ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ. വിലപേശലിന്റെതാണ് മൂന്നാമത്തെ ഘട്ടം. തന്റെ മക്കളുടെ വിവാഹം കഴിയുന്നതുവരെയെങ്കിലും തനിക്ക് ആയുസ്സ് നീട്ടിക്കിട്ടണേ എന്ന പ്രാർഥന. വിഷാദമാണ് നാലാമത്തെ ഘട്ടം. മരണത്തെ സ്വീകരിക്കലാണ് അഞ്ചാമത്തേത്. കുബ്ലർ റോസിനെ ഉദ്ധരിച്ചു കൊണ്ട് സ്ലാവോയ്സ് സിസക് ഇത് കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഈ രോഗാതുരത മനുഷ്യസമുദായത്തെ അവരുടെ മനോവിചാരത്തെ ഇങ്ങനെ ബാധിക്കുമ്പോൾ അനുഭൂതിയിൽ അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷിക്കുന്നത് രസകരമായിരിക്കും.

കൊവിഡ് നമ്മെ പച്ച അപരിഷ്കൃതത്തിലേക്ക് കൊണ്ടു പോകുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ, മാനവികതക്ക് ഇന്നത്തേക്കാൾ മുൻതൂക്കമുള്ള ഒരു പരിഷ്കൃത ജീവിതത്തിലേക്കായിരിക്കും മനുഷ്യവംശത്തെ അത് നയിക്കുക എന്ന് സിസെക് പറയുന്നു. കൊറോണ വൈറസ് ധാരാളം പ്രത്യയശാസ്ത്ര വൈറസുകളെ കെട്ടഴിച്ചുവിട്ടിട്ടുണ്ടെന്നും അത് മറ്റൊരു തരത്തിലുള്ള സമൂഹ സൃഷ്ടിയെക്കുറിച്ച് ചിന്തിപ്പിക്കുന്ന വൈറസുകളാണെന്നും അത് മനുഷ്യനെ അധിക യന്ത്രലോകത്ത് നിന്നും കൂടുതൽ പ്രകൃതിയിലേക്ക് വിളിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

കൊറോണാനന്തരം ആധുനികതയുടെ വികസന സങ്കൽപ്പങ്ങളിൽ നിന്നും കുറേക്കൂടി മനുഷ്യർ പുറത്തു കടക്കും. ആധുനിക ചികിത്സാരീതി ആധിപത്യം നേടുമ്പോഴും ആധുനികതയുടെ വികസന സങ്കൽപ്പങ്ങളെ പ്രശ്നഭരിതമാക്കുന്നുണ്ട് ഈ മഹാമാരിക്കാലം. അത് മലയാള കവിതയുടെയും ഭാവുകത്വത്തെ ഇളക്കിമറിക്കുന്നു. പൊതുവെ ആധുനികതാ വിമർശനവുമായി രംഗത്തുവന്ന മലയാള പുതുകവിതക്ക് കോവിഡാനന്തരം വന്ന ഭാവുകത്വമാറ്റത്തെ വീരാൻ കുട്ടിയുടെ “മുറിജീവിതം” എന്ന കവിതയെ ആസ്പദമാക്കി പരിശോധിക്കാനാണ് ഈ ചെറുകുറിപ്പിൽ ശ്രമിക്കുന്നത്.

തീർത്തും മനുഷ്യകേന്ദ്രീകൃതമായ ഒരു ഭാവുകത്വത്തെയാണ് നാം ആധുനികത എന്നു വിളിച്ചുപോന്നത്. പ്രപഞ്ച ഗോപുരവാതിൽ തുറന്ന് പണ്ടു മനുഷ്യൻ വന്നതിനു ശേഷമുള്ള വീരഗാഥകളായിരുന്നു ആധുനികത. ആധുനികതാ വിമർശവും അക്കാലത്ത് തന്നെയുള്ള കവിതകളിൽ നിലീനമായി കിടക്കുന്നുണ്ടെങ്കിലും അതൊരു സാഹിത്യ ഭാവുകത്വമായി പ്രവർത്തിച്ചു തുടങ്ങുന്നത് ഉത്തരാധുനികതയോടെയാണ്. എന്നാൽ ഇതേ ഭാവുകത്വലോകം മനുഷ്യൻ അടച്ചിട്ടിരുന്ന കാലത്തിലെങ്ങനെയാണ് തീവ്രമായി പ്രവർത്തിച്ചതെന്ന് കൊവിഡ് കാലത്തെ മലയാള കവിതകൾ കാണിച്ചുതരുന്നു. അതിൽ ഏറെ ശ്രദ്ധേയമായ കവിതയാണ് വീരാൻ കുട്ടിയുടെ മുറിജീവിതം.

മുറിജീവിതം, മുറിഞ്ഞ ജീവിതമാണ്, മുറിഞ്ഞുപോയ ജീവിതമാണ്, മുറിവുള്ള ജീവിതമാണ്‌ ഒപ്പം മുറിയിൽ നിന്നുള്ള പ്രത്യാശാഭരിതമായ ജീവിതം കൂടിയാണ്. ആ നിലയിൽ ശീർഷകം തന്നെയും ബഹുസ്വരമായ കവിതയായി പ്രവർത്തിക്കുന്നുണ്ട്. ആധുനികതയുടെ മനുഷ്യസങ്കൽപ്പങ്ങളെ, അതിന്റെ പ്രകൃതി പരിചരണ രീതികളെ ഉത്തരാധുനിക കാവ്യലോകം തന്നെയും പ്രശ്നവത്കരിക്കുന്നുണ്ടെന്നിരിക്കെ കൊവിഡാനന്തരം ഈ കവിതക്കുള്ള പ്രത്യേകതയെന്ത് എന്ന് അന്വേഷിക്കുന്നത് പ്രസക്തമായിരിക്കും. ആധുനികതയുടെ പ്രപഞ്ചജീവിത സങ്കൽപ്പങ്ങൾക്കെതിരെ പ്രത്യാധുനികതയുടെ ലോകവീക്ഷണത്തെ അവതരിപ്പിക്കുന്ന സമകാലികവും ശ്രദ്ധേയവുമായ കവിതയാണ് വീരാൻകുട്ടിയുടെ മുറിജീവിതം.

എഴുന്നേൽക്കാൻ അനുവാദമില്ലാത്ത, ഒറ്റക്ക് ദീനശയ്യയിൽ കിടക്കേണ്ടി വന്ന ഒരാൾ തനിക്ക് കൂട്ടായി മറ്റൊരു ജീവിയെക്കുറിച്ച് ആലോചിക്കുന്നതാണ് സന്ദർഭം. ചുവരിലൂടെ ഇഴഞ്ഞുവരുന്ന എട്ടുകാലിയോ തേരട്ടയോ ഉറുമ്പോ പെട്ടെന്ന് പ്രത്യക്ഷപ്പെടുമെന്ന് അയാൾ പ്രതീക്ഷിക്കുന്നു. ദൂരെ ജാലകത്തിലൂടെ ആടുന്ന ഒരു മരച്ചില്ല മാത്രം അയാൾ കാണുന്നുണ്ട്. അത്രയും മനോഹരമായ ഒരു കാഴ്ചയെ അയാൾ മുമ്പ് കണ്ടിട്ടില്ലാത്തതുപോലെ. താൻ ഒറ്റക്കല്ല എന്ന തോന്നൽ ഉണ്ടായി ആ സമയം കാഴ്ചക്കാരന്. അപ്പോഴാണ് ഒരു കിളി ആ കൊമ്പിലിരുന്നപ്പോൾ അത് താഴ്ന്ന് പോയതാകണം എന്ന് മനസ്സിലാക്കിയത്. അതിന്റെ ചിറകുകളും ഒടിഞ്ഞുപോയിരുന്നു. അതിനാൽ ആ കിളിക്ക് താങ്ങായി നിൽക്കുകയാണ് ആ ഇളം തണ്ട്. അപ്പോഴും അയാളുടെ മനസ്സ് പ്രാർഥിക്കുന്നുണ്ട് ആ കിളിക്ക് ആവോളം ചിറകുവിരിച്ച് പറന്നു പോകാനാകണേ എന്ന്.
ചുവരിലൂടെ ഇഴഞ്ഞുവരുന്ന
ഒരെട്ടുകാലിയെ സങ്കൽപ്പിച്ചു.

എവിടെ നിന്നാവും ഒരു പഴുതാരയോ തേരട്ടയോ ഉറുമ്പോ
പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതെന്ന് നോക്കിയിരുന്നു.
ഇടിയുമെന്നായ മനസ്സിനെ താങ്ങാൻ
ഒരു പല്ലിമതിയായിരുന്നു.
വണ്ടിന്റെയോ വേട്ടാളന്റെയോ മൂളലിനെ
സംഗീതമായി കേൾക്കാമായിരുന്നു.
ആധുനികത വെറുംകീടങ്ങളായി കരുതി സംഹരിച്ചുപോരുന്നവയുമായുള്ള സഹവർത്തിത്വഭാവം പ്രകടിപ്പിക്കുകയാണ് കവി. അന്യന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കാൻ കഴിയുന്ന കാലത്തെ കുറിച്ചാണ് നാം പൊതുവെ സ്വപ്നം കാണുന്നത്. അതാകട്ടെ ആധുനികതയുടെ മാനവിക സങ്കൽപ്പം കൂടിയാണ്. ഇവിടെയാണ് ഈ കവിത മനുഷ്യന്റെ ശബ്ദത്തിനു പകരം തിരക്കുകളുടെ ശബ്ദം സംഗീതമായി ആസ്വദിക്കുന്നത്. വീരാൻകുട്ടിയുടെ തന്നെ പല കവിതകളിലും ഇതിനു സമാനമായ ഒരു ഭാവസന്ദർഭം കാണാവുന്നതാണ്. മനുഷ്യശബ്ദത്തിനു പകരം വാഴപ്പോളവിണ്ട് വിട്ടു വരുന്നത്, പുന്നെല്ലു കതിരിട്ടു മലരുന്നത്, മീൻകുഞ്ഞ് മൗനത്തിൽ പിരാകുന്നത് ഒക്കെ നേരത്തെ തന്നെ കേട്ട കവിയാണ് വീരാൻ കുട്ടി. മനുഷ്യശബ്ദത്തിനു മാത്രം കാതോർത്തുനിന്ന കവിത വീരാൻ കുട്ടിയിൽ പ്രകൃതിയുടെ ജൈവ സ്വരങ്ങളെ മുഴുവൻ കേട്ടെടുക്കുന്നു.

“എല്ലാറ്റിനെയും തുടച്ചു നീക്കി
അണു മുക്തമാക്കിയ മുറി
അപ്പോഴേക്കും ഏകാന്തതയ്ക്ക് കൈമാറ്റം
ചെയ്യപ്പെട്ടിരുന്നു”
ജൈവ വിരുദ്ധമായി ആധുനികത എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരാമർശിക്കുന്നുണ്ട്. ജീവികളെ തുടച്ചു നീക്കി അണുമുക്തമാക്കിയ ഒരു സ്ഥലരാശി ആധുനികത നിർമിക്കുന്നതാണ്. പ്രാണികളെ മനുഷ്യവിരുദ്ധമായ ജീവഗണമായാണ് കരുതിപ്പോന്നത്. യഥാർഥത്തിൽ ഇതിനോടുള്ള പ്രതികരണമായിരുന്നു റയ്ച്ചൽ കഴ്സന്റെ നിശ്ശബ്ദവസന്തം. 1958ൽ ഒരു വീട്ടമ്മ “ദ ബോസ്റ്റൺ ഹെറാൾഡ്” എന്ന പത്രത്തിലേക്ക് എഴുതിയ കത്താണ് റേച്ചൽ കഴ്സന്റെ ജീവിതത്തെ മാറ്റിമറിച്ചത്. തന്റെ വീട്ടുപരിസരത്ത് വസന്തകാലങ്ങളിൽ പതിവായി എത്തിയ മധുരമായ കൂജനശബ്ദം മുഴക്കിയിരുന്ന റോബിൻ കുരുവികളെ ഇപ്പോൾ കാണാൻ സാധിക്കുന്നില്ല എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. ഡി ഡി ടി തളിച്ചതിനാൽ അത് ഇത്തരം ജീവികളുടെ സംഹാരത്തിനിടയാക്കി. കീടനാശിനികൾ ഉണ്ടാകുന്നതുതന്നെ കീടങ്ങളെ നശിപ്പിക്കാനുള്ളതാണ് എന്ന സങ്കൽപ്പത്തിൽ നിന്നാണ്. ഇതിനെയാണ് നാം മാനവീയം എന്നു പറയുന്നത്. എല്ലാറ്റിനെയും നശിപ്പിച്ച് മനുഷ്യന് മാത്രം സുഖമായി ജീവിക്കാൻ കഴിയും എന്ന തോന്നൽ. ആ നിലയിൽ മുറിജീവിതം ആധുനികതയുടെ ജ്ഞാനലോകത്തുനിന്നുള്ള കുതറിമാറലാണ്. എല്ലാറ്റിനെയും തുടച്ചുനീക്കി അണുമുക്തമാക്കുന്ന ഹിംസാത്മക ശാസ്ത്ര യുക്തിയിൽ നിന്ന് തിരക്കുകളെ പോലും സഹജീവികളായി കാണുന്ന പ്രത്യാധുനിക ലോകവീക്ഷണമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഏകാന്തതയിൽ നിന്ന് ജാലകത്തിലൂടെ ആടുന്ന ഒരു ചില്ല കാണുമ്പോൾ തന്നെ അയാളുടെ ജീവിതം പ്രത്യാശാഭരിതമായി നാമ്പെടുക്കുന്നു. ഇങ്ങനെ മനുഷ്യേതരമായ പ്രകൃതിയുമായി സമ്യക്കായി ചേരുന്നതിന്റെ ഒരു ലോകവീക്ഷണവും അതിന്റെ ആഹ്ലാദവും ഒരനുഭൂതിയായി മുറിജീവിതം എന്ന കവിതയിൽ പ്രവർത്തിക്കുന്നു.

പ്രകൃതിയെ സംബന്ധിച്ച ഒരു കർത്തൃ സങ്കൽപ്പം കൂടി കവിത മുന്നോട്ടു വെക്കുന്നുണ്ട്. മലരണിക്കാടുകൾ തിങ്ങി വിങ്ങി മരതകാന്തിയിൽ മുങ്ങി മുങ്ങി നിൽക്കുന്ന, മനുഷ്യർക്ക് കാണാനും ഇഷ്ടപ്പെടാനും പറ്റുന്ന ഒന്നായിരുന്നു ആധുനികതക്ക് പ്രകൃതിയെങ്കിൽ ഇവിടെ പാരസ്പര്യങ്ങളുടെ പേരാണ് പ്രകൃതി. ഒറ്റക്ക് മുറിയിലിരിക്കുന്ന വൃദ്ധൻ ജാലകപ്പഴുതിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അത്രക്കും ചേതോഹരമായ ഒരു കാഴ്ച കാണുന്നുണ്ട്. ഒരു മരച്ചില്ല ആടുന്നു. ഇടയ്ക്കു മാഞ്ഞും ഇടയ്ക്കു തെളിഞ്ഞും അത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോൾ അയാളുടെ മനസ്സ് മുമ്പ് കാണാത്തതുപോലെ തുടിക്കുന്നു. ഒറ്റക്കല്ലല്ലോ എന്ന തോന്നലുണ്ടാകുന്നു. എന്നാൽ, ഇപ്പോൾ അതും കാണാതായിരിക്കുന്നു. ഏകാകിയായ ഒരു കിളി വന്നിരുന്ന് ആ ചില്ല താഴ്ന്ന് പോയതാകണം എന്ന് അയാൾ അറിയുന്നു. ആ കിളിയാകട്ടെ ഒടിഞ്ഞ ചിറകിനെ വെച്ച് കിണഞ്ഞ് ശ്രമിക്കുകയാകും എന്നും കരുതുന്നു. ഇവിടെയാണ് പ്രകൃതികർത്തൃത്വം ആർജിക്കുന്നത്. മനുഷ്യന് ആസ്വദിക്കാനുള്ള ഒന്നല്ല പ്രകൃതിയെന്നും സർവജീവജാലങ്ങളെയും താങ്ങിനിർത്തുന്ന ഒരാലംബമാണ് പ്രകൃതിയെന്നും വരുന്നു.

ഇങ്ങനെ ആധുനികത ആർശമായി കണക്കാക്കി പോന്ന എല്ലാറ്റിനെയും കൂടുതൽ പ്രശ്ന ഭരിതമാക്കുകയാണ് കൊവിഡ് കാലം മുറിജീവിതം എന്ന കവിത.

---- facebook comment plugin here -----

Latest