Connect with us

Editorial

ഇ ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം

Published

|

Last Updated

സംസ്ഥാന സർക്കാറും കേന്ദ്രവും തമ്മിലുള്ള പോര് നിയമതലത്തിലേക്കു കടന്നിരിക്കയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ ഡി) ന് എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കയാണ് സംസ്ഥാന മന്ത്രിസഭ. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത,് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ പ്രതികൾക്കു മേൽ സമ്മർദം ചെലുത്തിയെങ്കിൽ അതാരെല്ലാം? ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ? ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷൻ പരിശോധിക്കുക.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും ക്രൈം ബ്രാഞ്ച് എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ നിയമയുദ്ധത്തിന് തുടക്കം കുറിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനാണ് ക്രൈം ബ്രാഞ്ചിനെതിരെ ഹരജി ഫയൽ ചെയ്തതെങ്കിലും ഈ നീക്കത്തിന് പിന്നിൽ കേന്ദ്ര സർക്കാറാണെന്നാണ് സംസ്ഥാന സർക്കാർ വൃത്തങ്ങൾ കരുതുന്നത്.

ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേർന്നു സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു നിലവിൽ കേരളത്തിലെ സംഭവ വികാസങ്ങളെ സംബന്ധിച്ച് വിലയിരുത്തിയിരുന്നു.
അതേസമയം ഇ ഡിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാറിനു അധികാരമുണ്ടോ എന്ന കാര്യത്തിൽ നിയമവൃത്തങ്ങൾ രണ്ട് തട്ടിലാണ്. പറ്റില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. 1952ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്ടിന് കീഴിലാണ് കേന്ദ്രവും സംസ്ഥാന സർക്കാറുകളും ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുന്നത്. ഭരണഘടനയുടെ ഏഴാമത് പട്ടികയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് അനുവദിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം അന്വേഷണ പ്രഖ്യാപനം. ഏഴാം പട്ടികയിൽ ലിസ്റ്റ് ഒന്നിലെയും രണ്ടിലെയും മൂന്നിലെയും ഏത് വിഷയത്തിലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രത്തിനു അധികാരമുണ്ടെങ്കിലും ലിസ്റ്റ് ഒന്നിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാനത്തിനു അധികാരമില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം ലിസ്റ്റ് ഒന്നിൽ ഉൾപ്പെടുന്ന കാര്യമാണെന്നു സംസ്ഥാന സർക്കാറിന്റെ നീക്കത്തെ എതിർക്കുന്ന നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇ ഡിയുടെ അന്വേഷണത്തോട് വിയോജിപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കുക മാത്രമാണ് സംസ്ഥാനത്തിന്റെ മുമ്പിലുള്ള മാർഗമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

എന്നാൽ കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച് ഇ ഡി നടത്തുന്ന അന്വേഷണത്തിനെതിരെയല്ല, വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ ക്രിമിനൽകുറ്റം ചുമത്താനും കരിവാരിത്തേക്കാനും ഇ ഡി ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢനീക്കത്തിനെതിരെയാണ് ജുഡീഷ്യൽ അന്വേഷണമെന്നും ഇത് സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിൽ വരുമെന്നുമാണ് നിയമജ്ഞരിൽ ചിലരുടെ പക്ഷം. ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റ് മൂന്നിലാണ് ഇക്കാര്യം വരിക. സംസ്ഥാന സർക്കാർ നിയമോപദേശം തേടിയ ശേഷമാണ് കമ്മീഷനെ നിയോഗിക്കാനുളള തീരുമാനമെടുത്തതും. എങ്കിലും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അന്വേഷണത്തിനു അംഗീകാരം ലഭിക്കുക പ്രയാസമാണ്. ലഭിച്ചാൽ തന്നെ ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണത്തോട് കേന്ദ്ര സർക്കാറും ഉദ്യോഗസ്ഥരും സഹകരിക്കുമോ, ഇല്ലെങ്കിൽ കമ്മീഷൻ തന്റെ അധികാരമുപയോഗിച്ചുളള തുടർ നടപടികളിലേക്ക് നീങ്ങുമോ തുടങ്ങിയ കാര്യങ്ങളും കണ്ടറിയേണ്ടതുണ്ട്. ഏത് സർക്കാറായിരിക്കും സംസ്ഥാനത്ത് ഇനി അധികാരത്തിലേറുന്നത് എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. നിയമപരമായ വശമെന്തായാലും ജുഡീഷ്യൽ അന്വേഷണ തീരുമാനം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വസ്തുതാപരമല്ലെങ്കിലും പല മണ്ഡലങ്ങളിലും ബി ജെ പിയും ഇടതു മുന്നണിയും തമ്മിൽ രഹസ്യബാന്ധവമുള്ളതായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട് യു ഡി എഫ്. ഈ ആരോപണത്തിന്റെ മുനയൊടിക്കാൻ സഹായമാകൂം കമ്മീഷൻ നിയമനം.

മുള്ള് കൊണ്ടു മുള്ളെടുക്കുകയെന്ന തന്ത്രമാണ് എൽ ഡി എഫ് ഇവിടെ പ്രയോഗിക്കുന്നത്. സി ബി ഐ, ഇ ഡി, കസ്റ്റംസ്, ആദായ നികുതി വകുപ്പ് തുടങ്ങി തങ്ങളുടെ കീഴിലുള്ള എല്ലാ ഏജൻസികളെയും സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ കേന്ദ്രം ഉപയോഗപ്പെടുത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നതും അന്വേഷണ ഏജൻസികളെ തന്നെ. നയതന്ത്ര ബാഗേജ് വഴി 23 തവണ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയതായി വിവരം ലഭിച്ചുവെന്നു പറയുന്ന കേന്ദ്ര അന്വേഷണ ഏജൻസി ഈ സ്വർണമൊക്കെ ആര് കൊണ്ടുപോയി, ആർക്കൊക്കെ ലഭിച്ചു, സ്വർണക്കടത്തിന്റെ ഉറവിട കേന്ദ്രമേത് എന്നൊക്കെ അന്വേഷിച്ചു കണ്ടുപടിക്കുന്നതിനു പകരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും ഇതുമായി ബന്ധപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയസാധ്യതയെ അട്ടിമറിക്കാനാണിതെന്നും കേന്ദ്രത്തെ ഉപയോഗപ്പെടുത്തിയുള്ള ബി ജെ പി നേതൃത്വത്തിന്റെ ആസൂത്രിത നീക്കങ്ങളാണിതെന്നുമാണ് മുന്നണി നേതൃത്വം വിശ്വസിക്കുന്നത്. ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കിഫ്ബിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡും കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഭീഷണിപ്പെടുത്തിയതും ഈ നിഗമനത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ കൂടി കച്ചകെട്ടി ഇറങ്ങിയ സാഹചര്യത്തിലായിരിക്കണം തിരിച്ചുള്ള അന്വേഷണവുമായി സംസ്ഥാന സർക്കാർ രംഗത്തുവന്നത്.

Latest