ചരിത്രം പിറന്നു; ഐ ലീഗില്‍ മുത്തമിട്ട് ഗോകുലം കേരള

Posted on: March 27, 2021 6:56 pm | Last updated: March 28, 2021 at 6:00 pm

കൊല്‍ക്കത്ത |ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കേരള ടീം ഐ ലീഗില്‍ മുത്തമിട്ടു. കോഴിക്കോടിന്റെ മണ്ണില്‍ പിറവികൊണ്ട ഗോകുലം കേരള എഫ് സിയാണ് കൊല്‍ക്കത്തന്‍ മണ്ണില്‍ വീരചരിതം കുറിച്ചത്. മണിപ്പൂരില്‍ നിന്നുള്ള ട്രാവു എഫ് സിയെം 4-1ന് തകര്‍ത്താണ് ഐതിഹാസിക നേട്ടം. ഡ്യൂറന്റ് കപ്പ് നേടിയതിന് പിന്നാലെയാണ് ഗോകുലം ഐ ലീഗും സ്വന്തമാക്കിയത്. ഈ ജയത്തോടെ എ എഫ് സി കപ്പിനും ഗോകുലം യോഗ്യത നേടി.കേരള പോലീസിനും ടൈറ്റാനിയത്തിനും എഫ് സി കൊച്ചിനും സാധിക്കാത്ത് ഗോകുലത്തിലൂടെ കേരളം നേടിയെടുക്കുകയായിരുന്നു

കേരളത്തിനായി അഫ്ഗാന്‍ താരം ഷരീഫ് മുഖമ്മദ്, എമില്‍ ബെന്നി, ഡെന്നി ആന്‍ഡ്‌വി, മുഹമ്മദ് റാശിദ്‌ എന്നിവരാണ് കേരളത്തിന്റെ സ്്‌കോറര്‍മാര്‍. ട്രാവുവിനായി അവരുടെ ഗോളടിയന്ത്രം എന്നറയിപ്പെടുന്ന വിദ്യാസാഗറാണ് ആശ്വാസ ഗോള്‍ നേടിയത്. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളിന് അവസരം ഒരുക്കുകയും ചെയ്ത വയനാടന്‍ താരം എമില്‍ ബെന്നിയാണ് കളിയുടെ താരം. 11 ഗോള്‍ നേടിയ കേരള ക്യാപ്റ്റന്‍ ഡെന്നീസ് അഗ്വേരയാണ് ലീഗിലെ ടോപ് സ്‌കോറര്‍.

ആദ്യ നിമിഷങ്ങളില്‍ മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. അഞ്ചാം മിനിറ്റില്‍ ഗോകുലത്തിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ താരത്തിന് സാധിച്ചില്ല. ആറാം മിനിറ്റില്‍ഗോകുലത്തിന്റെ ഡെന്നീസ് അഗ്വാരെയെ ഫൗള്‍ ചെയ്തതിന് ഗോകുലത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. അഫ്ഗാന്‍ താരം ഷരീഫാണ് കിക്കെടുത്തത്. പക്ഷേ അദ്ദേഹത്തിന്റെ കിക്ക് പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു.

12-ാം മിനിട്ടില്‍ ഗോകുലത്തിന്റെ വിന്‍സിയുടെ ലോങ് റേഞ്ചര്‍ ട്രാവുവിന്റെ ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. 15-ാം മിനിറ്റില്‍ട്രാവുവിന്റെ ജോസഫ് മികച്ച മുന്നേറ്റം നടത്തി ഗോകുലം പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.21- ാം മിനിറ്റില്‍ മലയാളി താരം എമിലിന്റെ കിടിലന്‍ ലോങ്റേഞ്ചര്‍ ട്രാവും ഗോള്‍കീപ്പര്‍ അമൃത് കൈയ്യിലൊതുക്കി. എന്നാല്‍ 23-ാം മിനിറ്റില്‍ ഗോകുലത്തിന്റെ നെഞ്ചില്‍ നിറയൊഴിച്ചുകൊണ്ട് ട്രാവു ലീഡെടുത്തു.

ട്രാവുവിന്റെ ഗോളടിയന്ത്രം വിദ്യാസാഗര്‍ സിങ്ങാണ് ടീമിനായി ഗോള്‍ നേടിയത്. ബോക്സിന് വെളിയില്‍ വെച്ച് പന്ത് സ്വീകരിച്ച വിദ്യാസാഗര്‍ പന്ത് കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാഗറിന്റെ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ ഉബൈദിന് സാധിച്ചുള്ളൂ. തുടരെ ഗോള്‍ വീണതില്‍ പരുങ്ങലിലായ ട്രാവു എഫ് സിയുടെ വലയിലേക്ക് ഇഞ്ചുറി ടൈമില്‍ റാഷിദ് നിറ ഒഴിച്ചതോടെ കേരളത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാകുകയായിരുന്നു.